പാമ്പ്ര എസ്റ്റേറ്റിൽ ഗോത്രമഹാസഭ കുടിൽകെട്ടി സമരം തുടങ്ങി
text_fieldsഗീതാനന്ദന്റെ നേതൃത്വത്തിൽ ഗോത്രമഹാസഭ പ്രവർത്തകർ പാമ്പ്ര എസ്റ്റേറ്റിൽ കുടിൽ കെട്ടുന്നു
സുൽത്താൻ ബത്തേരി: വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പൂതാടി പഞ്ചായത്തിലെ പാമ്പ്ര പ്ലാന്റേഷനിൽ ഗോത്രമഹാസഭയുടെയും ഭൂസമരസമിതിയുടെയും നേതൃത്വത്തിൽ ആദിവാസികളുടെ കുടിൽകെട്ടി സമരം. മുത്തങ്ങ സമരനേതാവ് എം. ഗീതാനന്ദന്റെ നേതൃത്വത്തിലാണ് ആദിവാസികൾ ഇവിടെ സംഘടിച്ചെത്തിയത്.
നൂറോളം കുടുംബങ്ങളാണ് രണ്ട് ദിവസങ്ങളിലായി കുടിൽകെട്ടലിൽ ഏർപ്പെട്ടിട്ടുള്ളത്.
മുത്തങ്ങ സമരത്തിൽ കുടിയിറക്കപ്പെട്ട ആദിവാസി കുടുംബങ്ങളാണ് പാമ്പ്രയിൽ എത്തിയവരിൽ കൂടുതലും. ആറളത്തും മറ്റും സമരം നടത്തി ഭൂമി ലഭിക്കാതെ തിരിച്ചു വന്നവരും ഇക്കൂട്ടത്തിലുണ്ട്. '15 വർഷം മുമ്പ് സർക്കാർ നടത്തിയ പട്ടയമേള ആദിവാസികളെ കബളിപ്പിക്കുന്നതാണ്. മേള നടത്തിയതല്ലാതെ പലർക്കും ഭൂമി കണ്ടെത്തി കൊടുക്കാൻ പോലും കഴിഞ്ഞില്ല. വാസയോഗ്യമായ ഭൂമിയാണ് ആദിവാസി കുടുംബങ്ങൾക്ക് ആവശ്യം. പാമ്പ്ര അനുയോജ്യമായ ഭൂമിയാണ്' -എം. ഗീതാനന്ദൻ പറഞ്ഞു.
തൊപ്പിപ്പാറ, അങ്ങാടിശ്ശേരി, നായരുകവല എന്നിവിടങ്ങളിലാണ് കുടിൽ കെട്ടുന്നത്. പാമ്പ്ര സർക്കാർ പ്ലാന്റേഷനിലെ തൊഴിലാളികളുടെ സമരവും ഈ ഭാഗത്താണ്. അപ്രതീക്ഷിതമായി ഗോത്രമഹാസഭ എത്തിയതോടെ തൊഴിലാളികൾ അങ്കലാപ്പിലായിരിക്കുകയാണ്. എന്നാൽ, അവർ എതിർപ്പൊന്നും പ്രകടിപ്പിച്ചിട്ടില്ല. അതേസമയം, കുടിൽകെട്ടൽ തുടങ്ങിയതോടെ ജില്ല ഭരണകൂടം സമരക്കാരെ ബന്ധപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച ഡി.എഫ്.ഒയുമായി ചർച്ച നടത്തും. ഭൂമിയിൽ കുറഞ്ഞൊരു ആവശ്യവും ആദിവാസി കുടുംബങ്ങൾ അംഗീകരിക്കില്ല.
തൊഴിലും കൂലിയും ഇല്ലാതായ 139 തൊഴിലാളികളാണ് കഴിഞ്ഞ 15 വർഷമായി പാമ്പ്രയിൽ സമരത്തിലുള്ളത്. എസ്റ്റേറ്റിലെ രണ്ടേക്കർ വീതം വെട്ടിപ്പിടിച്ച തൊഴിലാളികളിൽ ചിലർ അവിടെ കൃഷിയും ഇറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

