സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയാക്കണമെന്ന ആവശ്യം ശക്തം
text_fieldsസുൽത്താൻ ബത്തേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ പുതിയ ആറുനില ബ്ലോക്ക്
സുൽത്താൻ ബത്തേരി: ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. മാനന്തവാടി ജില്ല ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയ സാഹചര്യത്തിൽ ഇപ്പോൾ ജില്ല ആശുപത്രിയില്ല. ജില്ല ആശുപത്രിയാക്കി ഉയർത്തിയാൽ സുൽത്താൻ ബത്തേരി ആശുപത്രിയുടെ പ്രവർത്തനത്തിലുള്ള താളപ്പിഴകൾ മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ആശുപത്രിയിലെ ഭൗതിക സാഹചര്യങ്ങൾ ഏറെ വർധിച്ചു. ആറുനിലകളിലായി പുതുതായി നിർമിച്ച കെട്ടിടത്തിലാണ് ഇപ്പോൾ ആശുപത്രി പ്രവർത്തിക്കുന്നത്. നബാർഡ് ഫണ്ട് ഉപയോഗിച്ച് 25 കോടി രൂപ ചെലവിൽ ആറു നിലയുള്ള മാതൃശിശു ആശുപത്രിയുടെ നിർമാണവും അവസാന ഘട്ടത്തിലാണ്. മുമ്പ് ഒ.പി പ്രവർത്തിച്ച രണ്ടുനില ബ്ലോക്ക് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള നവീകരണം ഏറക്കുറെ പൂർത്തിയാകാനായി.
16 ഒ.പികൾ, അത്യാഹിത യൂനിറ്റ്, എക്സ്റേ, ബ്ലഡ് ബാങ്ക്, പബ്ലിക് ഹെൽത്ത് ലാബ്, ഡയാലിസിസ് യൂനിറ്റ്, പോസ്റ്റ്മോർട്ടം യൂനിറ്റും മോർച്ചറിയും, ഫാർമസികൾ, ഓപറേഷൻ തിയറ്ററുകൾ, പെയിൻ ആൻഡ് പാലിയേറ്റിവ് സ്‌പെഷൽ വാർഡ്, ഐസൊലേഷൻ വാർഡ് എന്നിങ്ങനെ സൗകര്യങ്ങൾ ഏറെയുണ്ട്. വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ ഒ.പിയുടെ പ്രവർത്തനം. മണിക്കൂറുകൾ കാത്തുനിന്നാൽ മാത്രമേ ഡോക്ടറെ കണ്ട് മരുന്നും വാങ്ങി തിരിച്ചുപോകാൻ പറ്റൂ. ഒട്ടുമിക്ക കാര്യങ്ങളും ഏറക്കുറെ ഇതേ അവസ്ഥയിലാണ്.
കഴിഞ്ഞദിവസം വൈദ്യുതി ഇല്ലാത്തതിനെത്തുടർന്ന് ഡയാലിസിസ്, എക്സ്റേ, മോർച്ചറി യൂനിറ്റുകളുടെ പ്രവർത്തനം താളംതെറ്റിയതോടെയാണ് ആശുപത്രി പ്രവർത്തനം സംബന്ധിച്ച് വീണ്ടും വിവാദങ്ങളുയർന്നത്. ഇക്കാര്യത്തിൽ ആശുപത്രിയുടെ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്തിന് കാര്യമായി ഒന്നും ചെയ്യാൻ കഴിയുന്നുമില്ല. ഫണ്ടിന്റെ അഭാവമാണ് ബ്ലോക്ക് പഞ്ചായത്തിനെ നിസ്സഹായതയിലാക്കുന്നത്.
ജില്ല പഞ്ചായത്തിന് കീഴിലാണ് ജില്ല ആശുപത്രി പ്രവർത്തിച്ചിരുന്നത്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയായി ഉയർത്തിയാൽ ജില്ല പഞ്ചായത്തിന് കൂടുതൽ തുക ചെലവഴിക്കാനാകും. ഭൗതിക സൗകര്യങ്ങൾക്ക് അനുസരിച്ചുള്ള ഗുണം രോഗികൾക്കുണ്ടാകണമെങ്കിൽ ആരോഗ്യവകുപ്പിന്റെ ശക്തമായ ഇടപെടലുകളാണ് ഉണ്ടാവേണ്ടത്.