സുൽത്താൻ ബത്തേരി അർബൻ ബാങ്ക് തെരഞ്ഞെടുപ്പ്
text_fieldsസുൽത്താൻ ബത്തേരി: സഹകരണ അർബൻ ബാങ്കിൽ പതിറ്റാണ്ടുകളോളം അധികാരത്തിന്റെ സുഖം ആവോളം ആസ്വദിച്ചാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ, അധികാരം പിടിച്ചെടുക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം.
ജില്ലയിൽ എല്ലായിടത്തും വ്യാപിച്ചുകിടക്കുന്നതാണ് സുൽത്താൻ ബത്തേരി സഹകരണ അർബൻ ബാങ്കിന്റെ പരിധി. അതിനാൽ ബാങ്കിലേക്കുള്ള തെരഞ്ഞെടുപ്പിനെ വലിയ പ്രാധാന്യത്തോടെ ഇരു മുന്നണികളും കാണുന്നു. അംഗങ്ങൾക്കുള്ള ക്ഷേമ പദ്ധതിയേക്കാൾ കൂടുതൽ നിയമന വിവാദമാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ച.
നിയമനങ്ങൾക്ക് ചില നേതാക്കൾ ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന ആരോപണങ്ങൾ യു.ഡി.എഫിനിടയിൽ നിന്നുതന്നെയാണ് ഉയർന്നുവന്നത്. കെ.പി.സി.സി അംഗം കെ.കെ. വിശ്വനാഥൻ മാസങ്ങൾക്കുമുമ്പ് കോൺഗ്രസ് നേതാക്കന്മാർക്കെതിരെ രംഗത്തെത്തിയിരുന്നു.
ആരോപണങ്ങൾ എൽ.ഡി.എഫ് ഏറ്റുപിടിച്ചു. ഇതിനിടയിൽ കഴിഞ്ഞവർഷം നാലുഭരണ സമിതി അംഗങ്ങളും ഒരു എൽ.ഡി.എഫ് അംഗവും രാജിവെച്ചു. ഇത് ബാങ്കിൽ അഡ്മിനിസ്ട്രേറ്റിവ് ഭരണം കൊണ്ടുവരാനുള്ള ചിലരുടെ തന്ത്രമാണെന്ന് കെ.പി.സി.സി അംഗം കെ.കെ. വിശ്വനാഥൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു. അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിനെതിരെ യു.ഡി.എഫ് കോടതിയെ സമീപിച്ചതോടെയാണ് ഇപ്പോൾ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ യു.ഡി.എഫിന്റെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ വിവാദമുണ്ടാക്കി. കെ.പി.സി.സി അംഗീകരിച്ച ഔദ്യോഗിക പാനലിനെ അംഗീകരിക്കാതെ നിരവധി വിമതന്മാർ പത്രിക കൊടുത്തു. പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എത്താത്തത് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയെ പ്രകോപിപ്പിച്ചിരുന്നു. പിന്നീട് ഇവർ തമ്മിലുള്ള ഫോണിലെ അസഭ്യം പറയൽ വൈറലായി.
സമയം കഴിഞ്ഞിട്ടും പല വിമതരും പത്രിക പിൻവലിച്ചില്ല. കെ.പി.സി.സി അംഗവും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമായ കെ.ഇ. വിനയന്റെ നേതൃത്വത്തിലുള്ള പാനൽ തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറാൻ തയാറായത് രണ്ടു ദിവസം മുമ്പാണ്.
13 അംഗ ഭരണസമിതിയിലേക്ക് ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള ബാങ്ക് സംരക്ഷണ മുന്നണി 11 സ്ഥാനാർഥികളെയാണ് നിർത്തിയത്. ഇതിൽ കോൺഗ്രസ് പ്രവർത്തകരായ മൂന്നുപേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരെ കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കി.
എടക്കൽ മോഹനൻ, ചിരാൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. മുനീബ് എന്നിവരും പത്രിക കൊടുത്തിരുന്നു. മറ്റൊരു സഹകരണ സ്ഥാപനത്തിൽ അംഗത്വമുണ്ടെന്ന് രേഖ സമർപ്പിച്ച് ഇവരുടെ പത്രിക ഇടതുപക്ഷം തള്ളിച്ചു. എന്നാൽ, ഹൈകോടതി ഇടപെടലിലൂടെ ഇവരുടെ പത്രിക സ്വീകരിക്കപ്പെട്ടെങ്കിലും പിന്നീട് മത്സരത്തിൽനിന്ന് പിന്മാറുന്നതായി ഇരുവരും പറഞ്ഞു. യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയ വിമതശല്യം മുതലെടുക്കാനാണ് സി.പി.എം നേതൃത്വം വഹിക്കുന്ന ബാങ്ക് സംരക്ഷണ മുന്നണി ശ്രമിച്ചത്.
രാഷ്ട്രീയ തന്ത്രങ്ങളുടെ വിധിയെഴുത്ത് ഇന്ന്
സുൽത്താൻ ബത്തേരി: രാഷ്ട്രീയ തന്ത്രങ്ങൾക്കും കുതന്ത്രങ്ങൾക്കും പേരുകേട്ട സുൽത്താൻ ബത്തേരി സഹകരണ അർബൻ ബാങ്ക് ശനിയാഴ്ച ബൂത്തിലേക്ക്. ബത്തേരി സെന്റ് ജോസഫ് സ്കൂളിലാണ് പോളിങ് ബൂത്ത് ഒരുക്കിയിട്ടുള്ളത്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലു വരെയാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യതയുള്ളതിനാൽ ശക്തമായ പൊലീസ് കാവലിലാണ് വോട്ടെടുപ്പ് നടക്കുക. ആകെ 36 സ്ഥാനാർഥികളാണുള്ളത്. യു.ഡി.എഫ് പാനലും ഇടതുപക്ഷത്തിന്റെ ബാങ്ക് സംരക്ഷണ മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. യു.ഡി.എഫിനാണ് മുൻതൂക്കമെങ്കിലും ഇടതുപക്ഷം ഇത്തവണ സജീവമായിരുന്നു. 18658 അംഗങ്ങളാണ് ആകെയുള്ളത്. 13 അംഗങ്ങൾ അടങ്ങിയതാണ് ഭരണസമിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

