കടുത്ത വെയിലും ചൂടും; ബത്തേരിക്ക് തണലൊരുക്കി ബോഗൻവില്ല
text_fieldsകടുത്ത വെയിലിൽനിന്ന് രക്ഷനേടാൻ ബോഗൻവില്ല തണലിനെ ആശ്രയിക്കുന്ന സുൽത്താൻ ബത്തേരിയിലെ പൊലീസുകാർ
സുൽത്താൻ ബത്തേരി: എല്ലായിടത്തെയും പോലെ കടുത്ത വെയിലും ചൂടുമാണ് സുൽത്താൻ ബത്തേരിയിലും. നഗരത്തിലൂടെ സഞ്ചരിക്കുന്ന കാൽനടക്കാർ ട്രാഫിക് ജങ്ഷനിലെത്തിയാൽ അൽപം വേഗം കുറക്കും. പടർന്നുപന്തലിച്ച ബോഗൻവില്ലയുടെ തണലാണ് കാരണം.
കൊടും ചൂടിൽ ആ തണലിൽ പെട്ടെന്നൊരു തണുപ്പ് വരും. ഏതാനും ദിവസങ്ങളായി ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാർ ബോഗൻവില്ല ചുവട്ടിൽ മിക്കപ്പോഴും തണൽ തേടിയെത്തും.
പൊലീസില്ലാത്ത സമയത്താണ് കാൽനടക്കാർ ആശ്വാസത്തിനായി അൽപസമയം ഇവിടെ ചെലവിടുന്നത്. ചൊവ്വാഴ്ച വൈകീട്ട് നഗരത്തിൽ ചെറിയ മഴ പെയ്തിരുന്നു. അതുകൊണ്ട് ഇനി കടുക്കാനിരിക്കുന്ന വെയിലിൽ കൂടുതൽ പ്രസരിപ്പോടെ ബോഗൻവില്ല തണലൊരുക്കുമെന്നുറപ്പാണ്.

