കാര്യമ്പാടി-കേണിച്ചിറ റോഡിൽ നടുവൊടിയും യാത്ര
text_fieldsസുൽത്താൻബത്തേരി: തകർന്നുകിടക്കുന്ന മീനങ്ങാടിയിലെ കാര്യമ്പാടി-കേണിച്ചിറ റോഡിലൂടെ വാഹനഗതാഗതം ദുരിതമായി. റോഡ് പണി പൂർത്തിയാകാത്തതാണ് പ്രശ്നമായിരിക്കുന്നത്. കൊളവയൽ-കാര്യമ്പാടി-കേണിച്ചിറ റോഡിന്റെ നവീകരണം ഒന്നരവർഷം മുമ്പാണ് തുടങ്ങിയത്. കൊളവയൽ റോഡിൽ ഇപ്പോഴും പണി നടക്കുന്നുണ്ട്. കാര്യമ്പാടി-കേണിച്ചിറ റോഡിൽ ഈ മഴക്കാലത്തിന് തൊട്ടുമുമ്പ് പണി നിർത്തിവെച്ചു.
അതാണിപ്പോൾ കൂടുതൽ പ്രശ്നമായിരിക്കുന്നത്. കാര്യമ്പാടി മുതൽ അരിമുള പാലം വരെയാണ് റോഡ് കുത്തിപ്പൊളിച്ചിട്ടിട്ടുള്ളത്. വലിയ കുഴികളാണ് പലയിടത്തും. കാര്യമ്പാടി കവല മുതൽ കണ്ണാശുപത്രി വരെയുള്ള ഭാഗത്ത് ഗതാഗതം ഏറെ പ്രയാസത്തിലായിരിക്കുന്നു. മഴയുള്ള ദിവസം ദുരിതം ഇരട്ടിക്കും.
അരിമുള പാലം മുതൽ സ്കൂളിന് മുന്നിൽ വരെയുള്ള ഭാഗവും ഈ മഴക്കാലത്തിനു മുമ്പ് കുത്തിപ്പൊളിച്ചിരുന്നു. ഈ ഭാഗം ടാർ ചെയ്ത് നന്നാക്കി. കേണിച്ചിറ-പൂതാടി റൂട്ടിലെ നാല് ബസുകളും കൽപറ്റ-പുൽപള്ളി റൂട്ടിലെ ബസുകളും ഈ റോഡിലൂടെയാണ് സർവിസ് നടത്തുന്നത്.

