സ്വകാര്യ ബസുകളുടെ പണിമുടക്ക്; വിദ്യാർഥി യാത്രയും പ്രതിസന്ധിയിലേക്ക്
text_fieldsഞായറാഴ്ച രാവിലെ കൽപറ്റ-സുൽത്താൻ ബത്തേരി റൂട്ടിലെ ഒരു സ്വകാര്യ ബസിലെ ഒഴിഞ്ഞ സീറ്റുകൾ
സുൽത്താൻ ബത്തേരി: കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീ സൗജന്യ യാത്രമൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസുകൾ തിങ്കളാഴ്ച പണിമുടക്കും. തുടർന്ന് ജീവനക്കാരും ഉടമകളും കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തും. ആവശ്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ സ്വകാര്യ ബസുകൾ ഓട്ടം നിർത്തുമെന്നാണ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചത്. കെ.എസ്.ആർ.ടി.സിയുടെ സ്ത്രീ സൗജന്യ യാത്രയിൽ പ്രതിസന്ധിയിലായ സ്വകാര്യ ബസുകൾ സർവിസ് അവസാനിപ്പിച്ചാൽ വിദ്യാർഥികളുടെ യാത്രയും കുഴപ്പത്തിലാവും. ജില്ലയിൽ 65 ശതമാനം വിദ്യാർഥികളും സ്വകാര്യ ബസുകളെ ആശ്രയിച്ചാണ് വിദ്യാലയങ്ങളിൽ പോയിവരുന്നത്. വിദ്യാർഥികളുടെ യാത്രാചാർജ് കൂട്ടിയതുകൊണ്ട് മാത്രം പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യമാണെന്നാണ് ബസുടമകൾ ഇപ്പോൾ പറയുന്നത്.
ജില്ലയിൽ 280 ഓളം സ്വകാര്യ ബസുകളാണ് സർവിസ് നടത്തുന്നത്. ആയിരത്തിലേറെ തൊഴിലാളികളുമുണ്ട്. സ്ത്രീ യാത്രക്കാർ സ്വകാര്യ ബസുകളെ ഒഴിവാക്കാൻ തുടങ്ങിയതോടെ സ്വകാര്യ ബസുമായി ബന്ധപ്പെട്ട എല്ലാവരും വലിയ പ്രതിസന്ധിയിലാണ്. മത്സരയോട്ടമില്ല, പുറകിൽ വരുന്ന ബസുകളുടെ സമയം നോക്കാൻ ചിലയിടങ്ങളിൽ ആളെ നിർത്തുന്ന രീതിയും നിന്നു. തിങ്കളാഴ്ചയാണ് തൊഴിലാളികളും ബസുടമകളും കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നത്. അതിനാൽ ജില്ലയിലെ സ്വകാര്യ ബസുകൾ തിങ്കളാഴ്ച ഓടില്ല. പിന്നീട് ബുധനാഴ്ച മുതലാണ് പ്രതിസന്ധി യാത്രക്കാരെ ബാധിക്കാൻ തുടങ്ങുക. ‘ജി ഫോം’ കൊടുത്ത് എത്ര ബസുകൾ സർവിസ് ഒഴിവാക്കുമെന്ന് കണ്ടറിയണം. സ്വകാര്യ ബസുകളുടെ അഭാവത്തിൽ കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യേണ്ടിവരുമ്പോൾ ജില്ലയിലെ പൊതു ഗതാഗതം ആകെ താറുമാറാകുമെന്ന കാര്യത്തിൽ സംശയമില്ല.
താളൂർ-സുല്‍ത്താൻ ബത്തേരി, മാനന്തവാടി-കേണിച്ചിറ-സുൽത്താൻ ബത്തേരി, കൽപറ്റ-സുൽത്താൻ ബത്തേരി, നമ്പ്യാർകുന്ന്-സുൽത്താൻ ബത്തേരി, മാനന്തവാടി -കൽപറ്റ, വടുവഞ്ചാൽ-മേപ്പാടി മിംസ് ആശുപത്രി-കൽപറ്റ, പടിഞ്ഞാറത്തറ-കൽപറ്റ എന്നിങ്ങനെ ജില്ലയിലെ പ്രധാന റൂട്ടുകളിലൊക്കെ ഇപ്പോൾ സ്വകാര്യ ബസുകളോടൊപ്പം എണ്ണത്തിൽ അത്രയുമില്ലെങ്കിലും കെ.എസ്.ആർ.ടി.സിയും സർവിസ് നടത്തുന്നുണ്ട്. ഈ റൂട്ടുകളിലൊക്കെ സ്വകാര്യ ബസുകളിൽ കയറാൻ സ്ത്രീ യാത്രക്കാർക്ക് യാതൊരു താൽപര്യവുമില്ല. സ്വകാര്യ ബസുകൾ മാത്രം സർവിസ് നടത്തുന്ന ചില ഗ്രാമീണ റൂട്ടുകൾ ജില്ലയിലുണ്ട്. ഇവർക്ക് കളക്ഷനിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല.
കെ.എസ്.ആർ.ടി.സിയിൽ ഏർപ്പെടുത്തിയ സീറോ ടിക്കറ്റ് പദ്ധതിയില്‍ തങ്ങളെയും ഉള്‍പ്പെടുത്തണമെന്നാണ് സ്വകാര്യ ബസുടമകൾ ഇപ്പോൾ ആവശ്യപ്പെടുന്നത്. കിലോമീറ്ററിന് 60 രൂപയെങ്കിലും സർക്കാർ സബ്‌സിഡിയായി നല്‍കിയാല്‍ സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാൻ തയാറാണെന്നാണ് സ്വകാര്യബസ് ഓപറേറ്റേഴ്സ് സംഘടനകളുടെ സംസ്ഥാന കൂട്ടായ്മ വ്യക്തമാക്കുന്നു. ഇതിൽനിന്ന് വ്യത്യസ്തമായ അഭിപ്രായം ജില്ലയിലെ ബസ് ഓപ്പറേറ്റേഴ്സ് നേതാക്കൾക്കുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
