പോക്സോ; യുവാവിന് 51 വർഷം തടവും പിഴയും
text_fieldsമണി
സുൽത്താൻ ബത്തേരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് വിവിധ വകുപ്പുകളിലായി 51 വർഷവും മൂന്ന് മാസവും തടവും ഒന്നേ കാൽ ലക്ഷം രൂപ പിഴയും വിധിച്ചു. മുക്കുത്തിക്കുന്ന് മുണ്ടക്കൊല്ലി സ്വദേശിയായ മണിയെയാണ് (24) ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി. നമ്പ്യാർ ശിക്ഷിച്ചത്.
2023 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ മീനങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആയിരുന്ന ബിജു ആന്റണി കേസിൽ അന്വേഷണം നടത്തുകയും പിന്നീട് നൂൽപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജെ.ആർ. രൂപേഷ് കുമാർ തുടരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. എ.എസ്.ഐ ഷിനോജ് അബ്രഹാമും സിവിൽ പൊലീസ് ഓഫിസർ രേഷ്മയുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഓമന വർഗീസ് ഹാജരായി.

