വന്യമൃഗ ആക്രമണം: ഇരകൾക്ക് പെൻഷൻ പരിഗണനയിൽ
text_fieldsവനം മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയിൽ സുൽത്താൻബത്തേരി ഗവ. ഗെസ്റ്റ് ഹൗസിൽ ചേർന്ന വനം വകുപ്പ് ഉദ്യോഗസ്ഥതല യോഗം
സുൽത്താൻ ബത്തേരി: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽപ്പെടുന്നവർക്ക് പെൻഷൻ നൽകുന്ന കാര്യം പരിഗണനയിലാണെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. വന്യമൃഗ ആക്രമണങ്ങളിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ആക്രമണത്തിൽ ശാശ്വത വൈകല്യം സംഭവിച്ചവർക്കുമായിരിക്കും പെൻഷൻ. ഈ വിഷയം സർക്കാറിന്റെ സജീവ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട സാധ്യതകൾ സർക്കാർ പരിശോധിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു. സുൽത്താൻ ബത്തേരി ഗെസ്റ്റ് ഹൗസിൽ എം.എൽ.എമാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്ന വന്യമൃഗങ്ങളുടെ സാന്നിധ്യം കാര്യക്ഷമമായി നിരീക്ഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ജില്ലതലത്തിൽ റിയൽ ടൈം കമാൻഡ് സെന്റർ സ്ഥാപിക്കും. വനം വകുപ്പിലെ എല്ലാ ഡിവിഷനുകളെയും ഏകോപിപ്പിച്ചാണ് കമാൻഡ് സെന്റർ സ്ഥാപിക്കുന്നത്. മനുഷ്യ- വന്യജീവി സംഘർഷം തടയാൻ ജനവാസ മേഖലയിലെത്തുന്ന വന്യ മൃഗങ്ങളുടെ നീക്കം തത്സമയം നിരീക്ഷിക്കാനവശ്യമായ പ്രതിരോധ നടപടികൾ വേഗത്തിലാക്കാൻ കമാൻഡ് സെന്റർ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
വനമേഖലയോട് ചേർന്ന് ട്രഞ്ചുകൾ, ഫെൻസിങ് എന്നിവയുടെ അറ്റകുറ്റ പ്രവർത്തികൾ കൃത്യസമയത്ത് നടത്തണമെന്ന് എം.എൽ.എമാർ യോഗത്തിൽ ആവശ്യപ്പെട്ടു. വനമേഖലയിൽ ജോലി ചെയ്യുന്ന റെസ്ക്യൂ ടീമുകളുടെ എണ്ണം, വനപാലകരുടെ സുരക്ഷാ ഉപകരണങ്ങൾ എന്നിവ വർധിപ്പിക്കണം. ഏതു ഭൂപ്രകൃതിയിലും സഞ്ചരിക്കാവുന്ന ആധുനിക വാഹനങ്ങൾ, ഡ്രൈവർമാർ ഉൾപ്പെടെ റെസ്ക്യൂ ടീമിന് ലഭ്യമാക്കണമെന്ന് ഉഷ വിജയൻ എം.എൽ.എ പറഞ്ഞു.
ജനജാഗ്രതാ സമിതികളിൽ കർഷകരുടെ പങ്കാളിത്തം ഉറപ്പാക്കി സമിതി സജീവമാകണം. വനത്തിനും പരിസ്ഥിതിക്കും കേടുപാടില്ലാതെ ഇക്കോ-ടൂറിസം പദ്ധതികൾ വികസിപ്പിച്ച് പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നും അധിനിവേശ സസ്യമായ സെന്ന ശാസ്ത്രീയമായി നശിപ്പിക്കണമെന്നും ഐ.സി. ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു.
അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജെ. ജസ്റ്റിൻ മോഹൻ, നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അഞ്ജൻ കുമാർ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ടി. ഉമ, സോഷ്യൽ ഫോറസ്ട്രി ഫോറസ്റ്റ് കൺസർവേറ്റർ കീർത്തി, വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, നോർത്ത് വയനാട് ഡി.എഫ്.ഒ സന്തോഷ് കുമാർ, ഡെപ്യൂട്ടി കൺസർവേറ്റർ അരുൾ സെൽവൻ, വൈൽഡ് ലൈഫ് ഡിവിഷൻ അസി. ഫോറസ്റ്റ് കൺസർവേറ്റർ അജിത്ത് കെ. രാമൻ, സൗത്ത് വയനാട് ഡി.എഫ്.ഒ ആഷിഖ് അലി, ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒമാരായ എ. ഷജ്ന, വി.പി. ജയപ്രകാശ്, ഫോറസ്റ്റ് കൺസർവേറ്റർ ഇംത്യാസ്, അസി. കൺസർവേറ്റർ സോഷ്യൽ ഫോറസ്റ്ററി നജ്മൽ അമീൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

