കാട്ടാന നിരീക്ഷണത്തിൽ; ഇന്ന് മയക്കുവെടി
text_fieldsയൂത്ത് ലീഗ് വൈൽഡ് ലൈഫ് വാർഡൻ ഓഫിസ് മാർച്ച് പൊലീസ് തടഞ്ഞപ്പോൾ
സുൽത്താൻ ബത്തേരി: നഗരത്തെ ഭീതിയിലാഴ്ത്തിയ കാട്ടാനയെ ഞായറാഴ്ച മയക്കുവെടി വെക്കും. ഇതിനുള്ള ഒരുക്കം വനം വകുപ്പ് പുർത്തിയാക്കി. ശനിയാഴ്ച രാത്രി സുൽത്താൻ ബത്തേരി ടൗണിനടുത്ത് കട്ടയാട് ഭാഗത്ത് ആന തമ്പടിക്കുന്നതായിട്ടാണ് വനം വകുപ്പ് നൽകുന്ന വിവരം.
വനപാലക സംഘം ആനയുടെ സഞ്ചാരപഥം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നഗരത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ പ്രത്യേകം മുൻകരുതൽ എടുത്തിട്ടുണ്ട്. കാട്ടാനയിറങ്ങിയ പശ്ചാത്തലത്തിൽ സുൽത്താൻ ബത്തേരി നഗരസഭയിലെ പത്ത് ഡിവിഷനുകളിൽ സബ് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
ആനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഗംഗാ സിങ് ആണ് ഉത്തരവിറക്കിയത്. കാട്ടാനയെ പിടികൂടി മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റണമെന്നാണ് നിര്‍ദേശം. ഇതിനായി ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസറുടെ ചുമതല വഹിക്കുന്ന അരുണ്‍ സക്കറിയെയാണ് ഓപറേഷന് ചുമതലപ്പെടുത്തിയത്.
കോണ്‍ഗ്രസ്, യൂത്ത് ലീഗ്, സുൽത്താൻ ബത്തേരി നഗരസഭ കൗണ്‍സിലര്‍മാര്‍ തുടങ്ങി വിവിധ സംഘടന-ജനപ്രതിധികളുടെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് തീരുമാനം. ഉത്തരവ് വൈകിച്ചതില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഗുരുതര അനാസ്ഥ കാട്ടിയതായി ആരോപണവും ഉയർന്നു.
വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ സുൽത്താൻ ബത്തേരി നഗരമധ്യത്തിലിറങ്ങിയ കാട്ടാന വഴിയാത്രക്കാരനെ തുമ്പിക്കൈ കൊണ്ട് ചുഴറ്റിയടിച്ച് നിലത്തിട്ടിരുന്നു. ചവിട്ടാൻ ശ്രമിച്ചെങ്കിലും നടപ്പാതയിലെ കൈവരികളിൽ തട്ടിയതോടെ ആന പിന്തിരിയുകയായിരുന്നു.
ബത്തേരി ടൗണിൽ ചെറിയ കച്ചവടവുമായി ജീവിക്കുന്ന ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ തമ്പി എന്ന സുബൈർ കുട്ടിയെയാണ് കാട്ടാന ആക്രമിച്ചത്. തലനാരിഴക്കാണ് സുബൈർ കുട്ടി രക്ഷപ്പെട്ടത്. നിസ്സാര പരിക്കേറ്റ ഇദ്ദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
രണ്ട് വർഷം മുമ്പ് ബത്തേരി ടൗണിൽ ചുങ്കത്ത് കാട്ടാന എത്തിയിരുന്നെങ്കിലും ദേശീയപാതയിലേക്ക് കയറിയിരുന്നില്ല. ടൗണിൽ നഗരസഭ ഓഫിസിനടുത്താണ് കാട്ടാന ആദ്യം എത്തിയത്. മലബാർ ജ്വല്ലറിയുടെ മതിൽ ഭാഗികമായി തകർത്തു.
റോഡിലൂടെ പോയ കെ.എസ്.ആർ.ടി.സി ബസിനുനേരെയും പാഞ്ഞടുത്തു. അതിനുശേഷമാണ് സുബൈർ കുട്ടി നടപ്പാതക്ക് സമീപത്തുകൂടെ നടന്നുനീങ്ങുന്നതിനിടെ പിന്നിൽനിന്ന് ആക്രമിച്ചത്. നേരം പുലർന്നപ്പോഴേക്കും കാട്ടാന കുപ്പാടിക്ക് സമീപമുള്ള വനത്തിലേക്ക് തിരിച്ചുപോവുകയായിരുന്നു.
യൂത്ത് ലീഗ് വനം ഓഫിസ് മാർച്ചിൽ ഉന്തുംതള്ളും
സുൽത്താൻ ബത്തേരി: വെള്ളിയാഴ്ച ടൗണിൽ ഭീതിപരത്തിയ കാട്ടാനയെ തുരത്തുന്നതിൽ വനം വകുപ്പ് മെല്ലെപ്പോക്ക് സമീപനം പിന്തുടരുകയാണെന്നാരോപിച്ച് ശനിയാഴ്ച ഉച്ചക്ക് യൂത്ത് ലീഗ് നടത്തിയ ലൈഫ് വാർഡൻ ഓഫിസ് മാർച്ചിൽ ഉന്തും തള്ളും. അര മണിക്കൂറോളം സംഘർഷാവസ്ഥ നീണ്ടു. മയക്കുവെടിവെക്കാനുള്ള ഉത്തരവ് വരുന്നതിന് മുമ്പായിരുന്നു യൂത്ത് ലീഗ് സമരം.
എന്തുകൊണ്ട് ഉത്തരവ് വൈകുന്നു എന്നതായിരുന്നു സമരക്കാരുടെ ചോദ്യം. തുടർന്ന് വൈൽഡ് ലൈഫ് വാർഡൻ നേതാക്കളുമായി സംസാരിച്ച് സമരം അവസാനിപ്പിക്കുകയായിരുന്നു. മുസ് ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.പി. അയ്യൂബ് ഉദ്ഘാടനം ചെയ്തു. സമദ് കണ്ണിയൻ അധ്യക്ഷത വഹിച്ചു.
അൻസാർ മണിച്ചിറ, കെ. നൂറുദ്ദീൻ, കണ്ണിയൻ അഹമ്മദ് കുട്ടി, ഇബ്രാഹിം തൈതൊടി, ആരിഫ് തണലോട്ട്, നൗഷാദ് മംഗലശ്ശേരി, അസീസ് വേങ്ങൂർ, ഇ.പി. ജലീൽ, സാലിം പഴേരി, മുസ്തഫ കുരുടങ്കണ്ടി, യഹിയ വഴക്കണ്ടി, ഷംസു മൈതാനികുന്ന്, ബഷീർ പഴേരി, സൈനുദ്ദീൻ ചെതലയം ഷൗക്കത്ത് കള്ളിക്കൂടൻ എന്നിവർ സംസാരിച്ചു.
ചീഫ് വൈൽഡ് ലൈഫ് വാർഡന് കാരണം കാണിക്കൽ നോട്ടീസ്
തിരുവനന്തപുരം: ബത്തേരിയിൽ കാട്ടാനയിറങ്ങിയത് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ചീഫ് വൈൽഡ് ലൈഫ് വാർഡന് കാരണം കാണിക്കൽ നോട്ടീസ് നൽകി.
ആനയെ അടിയന്തരമായി മയക്കുവെടിെവച്ച് പിടികൂടാൻ വനംമന്ത്രി നിർദേശം നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് വിലയിരുത്തൽ. ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടിെവച്ച് പിടികൂടാനുള്ള ഉത്തരവ് വൈകിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിങ്ങിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
കാട്ടാനയെ മയക്കുവെടിെവച്ച് പിടികൂടാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വെള്ളിയാഴ്ച വനം മന്ത്രി ഫോണിലൂടെ നിർദേശിച്ചിരുന്നു. എന്നാൽ ഇത് വൈൽഡ് ലൈഫ് വാർഡൻ ഗൗരവത്തോടെ കണ്ടില്ല. പ്രതിഷേധങ്ങൾ ഉയർന്നപ്പോഴാണ് ഉത്തരവിറക്കിയത്.
വനംവകുപ്പ് ഓഫിസ് ഉപരോധിച്ചു
സുൽത്താൻ ബത്തേരി: നഗരത്തിൽ ഭീതിപരത്തുന്ന കാട്ടാനയെ അടിയന്തരമായി തുരത്തണമെന്ന് ആവശ്യപ്പെട്ട് സുൽത്താൻ ബത്തേരി കൗൺസിലർമാർ ശനിയാഴ്ച ഉച്ച രണ്ട് മണിക്ക് കുപ്പാടിയിലെ വൈൽഡ് ലൈഫ് വാർഡൻ ഓഫിസ് ഉപരോധിച്ചു. രാഷ്ട്രീയത്തിനതീതമായി എല്ലാ കൗൺസിലർമാരും ഉപരോധത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

