എൻ.എം. വിജയന്റെ ആത്മഹത്യ: വാക്പോരിൽ സതീശനും ഗോവിന്ദനും
text_fieldsപ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എൻ.എം വിജയന്റെ വീട്ടിൽ
കുടുംബാംഗങ്ങളോട് സംസാരിക്കുന്നു
സുൽത്താൻ ബത്തേരി: ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ വീട് സന്ദർശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വാക്പോരിൽ. തിങ്കളാഴ്ച രാവിലെ 11മണിയോടെയാണ് ഗോവിന്ദൻ മാസ്റ്റർ മണിച്ചിറയിലെ വിജയന്റെ വീട്ടിലെത്തിയത്. വിജയന്റെ മകൻ വിജേഷിനെയും മരുമകൾ പത്മജയെയും ആശ്വസിപ്പിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്തു. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറണമെന്ന് ഇരുവരോടും അദ്ദേഹം പറഞ്ഞു.
20 മിനിറ്റോളം വീട്ടുകാരുമായി സംസാരിച്ചു.രണ്ടുകോടി 10 ലക്ഷത്തോളം രൂപയുടെ കടം ഉണ്ടെന്നാണ് വീട്ടുകാരിൽ നിന്നും അറിയാൻ കഴിഞ്ഞതെന്ന് പുറത്തിറങ്ങിയ ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു. എൻ.എം. വിജയന്റെ കടബാധ്യത കെ.പി.സി.സി ഏറ്റെടുത്തില്ലെങ്കിൽ സി.പി.എം അത് ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ നടത്തുന്ന സമരമല്ല ഇത്. മാനുഷികമായ സമരമാണ് പാർട്ടി നടത്തുന്നത്. മരിക്കുമ്പോൾ അദ്ദേഹം എഴുതിവെച്ച കത്തിലെ ഉള്ളടക്കത്തിന്റെ ഗൗരവം മനസ്സിലാക്കാൻ കോൺഗ്രസ് നേതാക്കൾക്കായില്ല.
ജീവിതകാലം മുഴുവൻ കോൺഗ്രസിനു വേണ്ടി പ്രയത്നിച്ച ഒരാൾക്കാണ് ഈ ഗതി വന്നത്. വിജയന്റെയും മകന്റെയും മരണശേഷവും കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും കുടുംബത്തെ ആക്രമിച്ചു. വേണ്ടിവന്നാൽ അദ്ദേഹത്തിന്റെ കുടുംബത്തിന് സി.പി.എം സംരക്ഷണം കൊടുക്കും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്ക് ജനത്തെ അഭിമുഖീകരിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിജയന്റെ വീട്ടിലെത്തിയത്. മൂത്ത മകൻ വിജേഷ്, മരുമകൾ പത്മജ എന്നിവരുമായി അദ്ദേഹം സംസാരിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എൻ.എം. വിജയന്റെ വീട് സന്ദർശിച്ചപ്പോൾ
അന്ന്, പറവൂരിൽ തന്റെ വീട്ടിൽ കത്ത് ഏൽപ്പിക്കാൻ എത്തിയ എൻ.എം വിജയന്റെ മകന്റെ കൂടെയുണ്ടായിരുന്ന ആൾ പ്രകോപനപരമായാണ് സംസാരിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പിന്നീട് സുൽത്താൻ ബത്തേരിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അതുകൊണ്ടാണ് ഭീഷണി വേണ്ട എന്ന് പറയേണ്ടി വന്നത്. എൻ.എം. വിജയന്റെ മകൻ വിജേഷ് തന്നോട് പ്രകോപനപരമായി ഒന്നും സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ച് താൻ മോശമായി ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി നിയോഗിച്ച അന്വേഷണസംഘം നൽകുന്ന റിപ്പോർട്ടിന് അനുസരിച്ച് വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
എന്‍.എം. വിജയന്റെ മരണശേഷം ആദ്യമായാണ് വയനാട്ടില്‍ എത്തുന്നതെന്നും മകനെ പ്രകോപിപ്പിച്ച് തനിക്കെതിരെ തിരിക്കാന്‍ ഒരു മാധ്യമ പ്രവര്ത്തകന് അന്ന് ശ്രമിച്ചുവെന്നും വി.ഡി. സതീശൻ കൽപറ്റയിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഒരുപാട് ആത്മഹത്യകള്‍ നടക്കാന്‍ സാധ്യതയുള്ളതാണ് സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റി ഇടപാട്. 200 മുതല്‍ 400 കോടി രൂപയാണ് സി.പി.എം നേതാക്കള്‍ തട്ടിയെടുത്തത്. നിരവധി പേരാണ് ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നത്.
ആത്മഹത്യയുടെ വക്കില്‍ നില്ക്കുന്നവരുടെ വീടുകളില്‍ പോയി 400 കോടിയുടെ ബാധ്യത സി.പി.എം ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിക്കുകയാണ് എം.വി ഗോവിന്ദന് ആദ്യം ചെയ്യേണ്ടത്. എത്ര പേരാണ് പെന്ഷന് കിട്ടിയ പണം സൊസൈറ്റിയില്‍ നല്‍കിയത്. അവരുടെയൊക്കെ കാര്യം എം.വി. ഗോവിന്ദന് ആദ്യം അന്വേഷിക്കട്ടെ. 400 കോടിയാണ് സി.പി.എം നേതാക്കള്‍ അടിച്ചു മാറ്റിയത്. എന്നിട്ടാണ് സംസ്ഥാന സെക്രട്ടറി നാണമില്ലാതെ എന്‍.എം. വിജയന്റെ ബാധ്യത ഏറ്റെടുക്കുമെന്നു പറയുന്നതെന്നും സതീശൻ തിരിച്ചടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

