ഡബ്ല്യു.സി.എസ് നിർമാണനിരോധനം; ഹൈകോടതിയെ സമീപിക്കുമെന്ന് നെന്മേനി ഭരണസമിതി
text_fieldsസുൽത്താൻ ബത്തേരി: ഡബ്ല്യു.സി.എസ് പട്ടയഭൂമികളിലെ നിർമാണനിരോധന വിഷയത്തിൽ ഉത്തരവിൽ വ്യക്തത തേടി ഹൈകോടതിയെ സമീപിക്കാൻ നെന്മേനി പഞ്ചായത്ത് ഭരണസമിതി നേതൃത്വത്തിൽ ചേർന്ന കൺവെൻഷനിൽ തീരുമാനം. എൽ.എ പട്ടയങ്ങൾക്ക് ബാധകമായ കോടതി വിധി ഡബ്ല്യു.സി.എസ് പട്ടയഭൂമികളിൽ ബാധകമാക്കിയതിനു പിന്നിൽ റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുണ്ട്.
ഇത് തിരുത്താൻ ഉദ്യോഗസ്ഥർ തയാറാവാത്ത സാഹചര്യത്തിലാണ് കോടതിയിൽനിന്ന് വ്യക്തത തേടാൻ തീരുമാനിച്ചത്. കാർഷികാവശ്യങ്ങൾക്കുവേണ്ടി നൽകുന്ന എൽ.എ പട്ടയങ്ങളിൽ കച്ചവടങ്ങൾക്കുവേണ്ടിയുള്ള നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്നാണ് കോടതി വിധി. ഭൂപതിവ് നിയമത്തിലെ ചട്ടം ഏഴ് പ്രകാരമാണ് എൽ.എ പട്ടയങ്ങളുടെ വിതരണം. ഭൂപതിവ് ചട്ടം മൂന്ന് പ്രകാരം നൽകിയിരിക്കുന്ന വയനാട് കോളനൈസേഷൻ സ്കീമിലെ (ഡബ്ല്യു.സി.എസ്) പട്ടയങ്ങളിൽ കൃഷി ആവശ്യത്തിന് നൽകിയതാണെന്ന് പറയുന്നില്ല.
വസ്തുത ഇതായിരിക്കെ എൽ.എ പട്ടയങ്ങൾക്ക് നൽകിയിരിക്കുന്ന കോടതിവിധി ഡബ്ല്യു.സി.എസ് പട്ടയങ്ങൾക്കുകൂടി ബാധകമാക്കിയത് അധാർമികമാണെന്ന് കൺവെൻഷൻ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ നിയമപരമായും ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയും നിർമാണനിരോധന വിലക്ക് ഒഴിവാക്കിക്കാൻ ഭരണസമിതി നേതൃത്വം നൽകും. ഇത്തരം പട്ടയഭൂമികൾ നിരവധിയുള്ള നെന്മേനി ഗ്രാമപഞ്ചായത്തിൽ ഉദ്യോഗസ്ഥരുടെ ഉത്തരവ് വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇരുനൂറോളം കെട്ടിട നിർമാണ പെർമിറ്റുകൾക്കുള്ള അപേക്ഷകളാണ് ഓഫിസിൽ കെട്ടിക്കിടക്കുന്നത്.
സ്വന്തമായ ഭൂമിയിൽ ഒരു മുറി പണിത് കച്ചവടം ചെയ്ത് ഉപജീവനം നടത്താൻപോലും സാധാരണക്കാർക്ക് കഴിയുന്നില്ല. നിർമാണനിരോധനം വന്നതോടെ ഭൂമി വിലയും കുത്തനെ താഴ്ന്നു. റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വിഷയം പഠിക്കാൻ ഇനിയും തയാറായിട്ടില്ല. കൺവെൻഷനിൽ പ്രസിഡന്‍റ് ഷീല പുഞ്ചവയൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്‍റ് റ്റിജി ചെറുതോട്ടിൽ, ജയ മുരളി, കെ.വി. ശശി, സുജാത ഹരിദാസ്, അഡ്വ. ടി.എം. റഷീദ്, ടി. ചന്ദ്രൻ, അബ്ദുല്ല മാടക്കര, കെ.എം. വർഗീസ്, വർഗീസ്, ബഞ്ചമിൻ ഈശോ, സാജു ഐക്കരകുന്നത്ത്, ടി.സി. വർഗീസ്, ഹരിദാസ്, പി.കെ. വിജയൻ, അനിത കല്ലൂർ, സൈസൂനത്ത് നാസർ, ഷാജി ചുള്ളിയോട്, അനന്തൻ അമ്പലക്കുന്ന് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

