ഹെലിപ്പാഡ് ഹെലിബോൺ സർവേക്ക്; കളിസ്ഥലത്ത് ഡ്രൈവിങ് ടെസ്റ്റ്
text_fieldsസുൽത്താൻ ബത്തേരി കുപ്പാടിയിലെ ഹെലിപ്പാഡ്
സുൽത്താൻ ബത്തേരി: കുപ്പാടിയിലെ ഹെലിപ്പാഡ്, തലശ്ശേരി -മൈസൂരു റെയിൽ ലൈനിനുള്ള ഹെലിബോൺ സർവേക്ക് വിട്ടുകൊടുത്തതിൽ പ്രദേശവാസികൾക്ക് പ്രതിഷേധം. ഹെലിപ്പാഡിനോടനുബന്ധിച്ചുള്ള സ്വന്തം സ്ഥലത്തേക്ക് മോട്ടോർ വാഹന വകുപ്പ് ഡ്രൈവിങ് ടെസ്റ്റ് മാറ്റിയതോടെയാണ് കളിസ്ഥലം ഇല്ലാതായെന്നാരോപിച്ച് കായിക സ്നേഹികൾ രംഗത്തെത്തിയത്.
രണ്ടുദിവസം മുമ്പ് ഹെലിബോൺ സർവേക്കുള്ള ഒരുക്കം തുടങ്ങിയതോടെ ഹെലിപ്പാഡ് വേലികെട്ടി അടച്ചു. സുൽത്താൻ ബത്തേരിയിൽ മൂന്നുവർഷം മുമ്പ് മോട്ടോർ വാഹന വകുപ്പ് ഓഫിസ് തുടങ്ങിയതു മുതൽ ഹെലിപ്പാഡിലായിരുന്നു ഡ്രൈവിങ് ടെസ്റ്റ് നടത്തിയിരുന്നത്.
ഹെലിപ്പാഡിലേക്ക് പ്രവേശനം നിരോധിച്ചതോടെ മോട്ടോർ വാഹന വകുപ്പ് ടെസ്റ്റുകൾ തൊട്ടടുത്തുള്ള സ്ഥലത്തേക്ക് മാറ്റാൻ നിർബന്ധിതമായി. വർഷങ്ങളായി ഫുട്ബാൾ പരിശീലനവും ടൂർണമെൻറുകളും നടക്കുന്ന സ്ഥലമാണ് റവന്യൂ വകുപ്പ്, മോട്ടോർ വാഹന വകുപ്പിന് കൈമാറിയത്. എന്നാൽ, മോട്ടോർ വാഹന വകുപ്പ് അവിടെ ടെസ്റ്റുകൾ നടത്താൻ മിനക്കെടാത്തത് നാട്ടുകാർക്ക് ആശ്വാസമായിരുന്നു. ഹെലിപ്പാഡിൽ ടെസ്റ്റ് നടത്താൻപറ്റാത്ത അവസ്ഥയിൽ ബുധനാഴ്ച മുതൽ കളിസ്ഥലത്തേക്ക് ഡ്രൈവിങ് ടെസ്റ്റ് മാറ്റിയതോടെ നാട്ടുകാർ സംഘടിച്ച് പ്രതിഷേധിക്കുകയായിരുന്നു.
നഗരസഭ അധികൃതരെത്തി മധ്യസ്ഥ ചർച്ചകൾ നടത്തിയതിനാൽ സംഘർഷമുണ്ടായില്ല. കുപ്പാടിയിലെ കായിക പ്രേമികൾക്കായി പുതിയ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് നഗരസഭ. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച് എല്ലാവരെയും പങ്കെടുപ്പിച്ച് ചർച്ച നടത്തുമെന്ന് ചെയർമാൻ ടി.കെ. രമേശ് പറഞ്ഞു. റവന്യൂ വകുപ്പ് മോട്ടോർ വാഹന വകുപ്പിന് വിട്ടുകൊടുത്ത സ്ഥലം വകുപ്പുകൾ തമ്മിലുള്ള ഇടപാടുകളാണെന്നും അതിൽ നഗരസഭക്ക് ഇടപെടാനാവില്ലെന്നും ചെയർമാൻ വ്യക്തമാക്കി.
കൊങ്കൺ റെയിൽവേ കോർപറേഷൻ ഉദ്യോഗസ്ഥരുടെ കീഴിൽ ഹൈദരാബാദ് ആസ്ഥാനമായ നാഷനൽ ജ്യോഗ്രഫിക് റിസർച് ഇൻസ്റ്റിറ്റ്യൂട്ടാണ് സർവേ നടത്തുന്നത്. രണ്ട് ഹെലികോപ്റ്ററുകളും നിരവധി വാഹനങ്ങളും ഉപയോഗിച്ചാണ് ഭൂമിയുടെ കിടപ്പ് പഠിക്കുക. ഹെലികോപ്റ്റർ ഉപയോഗിച്ച് ആകാശവീക്ഷണം നടത്തുകയാണ് ആദ്യപടി. ഹെലികോപ്റ്ററുകളും മറ്റു വാഹനങ്ങളും ഹെലിപ്പാഡിലായിരിക്കും നിർത്തിയിടുക. സുരക്ഷ ഉദ്യോഗസ്ഥർ ഇപ്പോൾ ഹെലിപ്പാഡിന് കാവലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

