കൊട്ടക്കുനിക്കാർ കാത്തിരിക്കുന്നു, വേണം നല്ലൊരു പാലം
text_fieldsകല്ലൂര്‍പുഴക്കു കുറുകെ നിർമിച്ച താൽകാലിക പാലം
സുല്‍ത്താന്‍ ബത്തേരി: നൂല്‍പുഴ പഞ്ചായത്തിലെ നമ്പിക്കൊല്ലി കൊട്ടക്കുനി മാതമംഗലം പ്രദേശങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന കല്ലൂര്‍പുഴക്കു കുറുകെ പാലം വേണമെന്ന പ്രദേശത്തെ കുടുംബങ്ങളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം. പാലം യാഥാർഥ്യമാവാത്തതിനാൽ നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്.
നിലവില്‍ മരത്തടികള്‍ക്ക് മുകളില്‍ കവുങ്ങുപാളികള്‍ ചേര്‍ത്തുകെട്ടിയുണ്ടാക്കിയ താല്‍ക്കാലിക നടപ്പാലമാണ് പ്രദേശവാസികള്‍ ആശ്രയിക്കുന്നത്.
ഈ ഭാഗത്ത് ഒരു പാലം വന്നാല്‍ ചെട്യാലത്തൂര്‍, നൂല്‍പുഴ, പരിവാരംകുന്ന്, തീണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് എളുപ്പത്തില്‍ നൂല്‍പുഴ പഞ്ചായത്ത് സ്ഥിതിചെയ്യുന്ന നായ്ക്കട്ടിയില്‍ എത്തിച്ചേരാം. നായ്ക്കട്ടി കല്ലൂര്‍ എന്നിവിടങ്ങളിലെ കൃഷിഭവന്‍, വില്ലേജ് ഓഫിസ്, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും എളുപ്പത്തില്‍ എത്തിച്ചേരാനാകും.
പാലമില്ലാത്തതിനാല്‍ രണ്ട് ബസുകള്‍ കയറിയിറങ്ങി ഇപ്പോള്‍ കിലോമീറ്ററുകള്‍ ചുറ്റിവളഞ്ഞാണ് പ്രദേശവാസികള്‍ ഇവിടെയെത്തുന്നത്.
കൂടാതെ, ഈ പ്രദേശങ്ങളിലെ കുട്ടികളില്‍ ഭൂരിഭാഗവും കൊട്ടക്കുനിയില്‍ നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്തിലുള്ള മാതമംഗലം സ്‌കൂളിലാണ് പഠിക്കുന്നത്. പക്ഷേ, പാലമില്ലാത്തതിനാല്‍ മഴക്കാലത്ത് പഠനം മുടങ്ങുകയാണ്.
ഇതിനുപുറമെ പുഴക്കു കുറുകെ പാലമില്ലാത്തതിനാല്‍ ഇരുഭാഗങ്ങളിലെയും കര്‍ഷകര്‍ ട്രാക്ടര്‍, ടില്ലര്‍ അടക്കമുള്ളവ എത്തിക്കാനും കിലോമീറ്ററുകള്‍ ചുറ്റിവളയേണ്ട അവസ്ഥയാണ്.
കൊട്ടക്കുനി ഭാഗത്ത് നമ്പിക്കൊല്ലിയില്‍ നിന്നുള്ള റോഡ് പുഴയുടെ സമീപം വരെ എത്തിനില്‍ക്കുന്നുണ്ട്.
മാതമംഗലം ഭാഗത്തുനിന്നുള്ള റോഡും പുഴക്കക്കരെ നൂറ് മീറ്റര്‍ ദൂരത്തിലെത്തിയിട്ടുണ്ട്. പാലം കൂടി യാഥാര്‍ഥ്യമായാല്‍ യാത്ര പ്രശ്നത്തിന് പരിഹാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

