308 ഗ്രാം എം.ഡി.എം.എയുമായി കാസർകോട് സ്വദേശി പിടിയിൽ
text_fieldsഅബ്ദുൽ
നഫ്സൽ
സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ വീണ്ടും പൊലീസിന്റെ വൻ ലഹരിമരുന്ന് വേട്ട. 308.30 ഗ്രാം എം.ഡി.എം.എയുമായി കാസർകോട് സ്വദേശി പിടിയിൽ. കാസർകോട് അംഗടിമുഗർ സ്വദേശി ബക്കംവളപ്പ് വീട്ടിൽ അബ്ദുൽ നഫ്സലാണ് (36) പിടിയിലായത്. മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം ബത്തേരി പൊലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
മൈസൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കർണാടക ബസിലാണ് എം.ഡി.എം.എ കടത്താൻ ശ്രമിച്ചത്. കാസർകോട് ഭാഗത്ത് വിൽപന നടത്തുന്നതിന് ബംഗളൂരുവിൽനിന്നാണ് എം.ഡി.എം.എ കൊണ്ടുവന്നത്. ഇതിന് വിപണിയിൽ 15 ലക്ഷം രൂപയോളം വിലയുണ്ട്.
ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് ലഹരിക്കടത്ത്, വിൽപന, ഉപയോഗം എന്നിവ തടയുന്നതിനായി ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദേശപ്രകാരം എല്ലാ സ്റ്റേഷന് പരിധികളിലും ജില്ല അതിര്‍ത്തികളിലും പ്രത്യേക പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

