Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കർണാടക നയം വ്യക്തമാക്കി, രാത്രിയാത്ര: പ്രതീക്ഷ അസ്തമിച്ചു
cancel
camera_alt

സു​ൽ​ത്താ​ൻ ബ​ത്തേ​രി ടൗ​ൺ

സുൽത്താൻ ബത്തേരി: കേരള-കർണാടക മുഖ്യമന്ത്രിമാർ തമ്മിലുള്ള ചർച്ചയിൽ കർണാടക നയം വ്യക്തമാക്കിയതോടെ രാത്രി യാത്രയിൽ ജില്ലയുടെ, പ്രത്യേകിച്ച് സുൽത്താൻ ബത്തേരിയുടെ പ്രതീക്ഷ ഏറക്കുറെ അസ്തമിച്ചു.

രാത്രിയാത്ര നിരോധനം ഏറ്റവും കൂടുതൽ ബാധിച്ച സുൽത്താൻ ബത്തേരി നഗരത്തിനും താലൂക്കിനുമാണ് കർണാടകയുടെ കടുത്ത സമീപനം ഏറെ തിരിച്ചടിയാകുന്നത്.

ഏറെ നാളായി അനുഭവിക്കുന്ന രാത്രിയാത്ര നിരോധന ദുരിതം ഇനിയും തുടരുമെന്നു തന്നെയാണ് ഇപ്പോഴത്തെ കർണാടകയുടെ നിലപാടിൽനിന്ന് വ്യക്തമാകുന്നത്. ദേശീയപാത 766ൽ ബന്ദിപ്പൂർ കടുവ സങ്കേതത്തിലൂടെയുള്ള രാത്രിയാത്ര നിരോധനത്തിൽ ഒരുവിധ ഇളവുകളും നൽകാൻ ഇതുവരെ കർണാടക തയാറാകാത്തതും ജില്ലയെ പ്രതികൂലമായി ബാധിക്കുകയാണ്.

വന്യജീവികളുടെ സുരക്ഷ ഉറപ്പാക്കാനാണ് ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രി യാത്ര നിരോധനത്തിന് കർണാടക മുൻകൈ എടുത്തത്. 2004- 2007 വർഷത്തിൽ 91 മൃഗങ്ങൾ വാഹനമിടിച്ച് ചത്തത് കർണാടക ഹൈകോടതിയിൽ ഹരജിയായി എത്തിയതോടെയാണ് നിരോധനത്തിനുള്ള സാധ്യത ഉണ്ടാകുന്നത്.

2009ലാണ് നിരോധനം നടപ്പാക്കിയത്. കേരള സർക്കാർ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ കുറച്ചുകാലം നിരോധനം ഒഴിവാക്കി. പിന്നീട് 2010ൽ വീണ്ടും നിരോധനമുണ്ടായി. രാത്രി ഒമ്പതു മുതൽ രാവിലെ ആറു വരെയാണ് ബന്ദിപ്പൂർ ദേശീയപാതയിലൂടെയുള്ള രാത്രി യാത്ര നിരോധനം.

ചരക്ക്, യാത്രവാഹനങ്ങളുടെ വലിയ കുത്തൊഴുക്കാണ് മുത്തങ്ങ - ഗുണ്ടൽപേട്ട് - മൈസൂരു റൂട്ടിൽ നിരോധനത്തിനു മുമ്പ് ഉണ്ടായിരുന്നത്. ഇതൊക്കെ ഇപ്പോൾ വളരെ കുറഞ്ഞു.

രാത്രിയാത്ര നിരോധനത്തിനെതിരെ സുൽത്താൻ ബത്തേരിയിൽ രണ്ടുവർഷം മുമ്പ് വലിയ സമരം നടന്നിരുന്നു. എന്നാൽ, അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല എന്ന് വ്യക്തമാകുകയാണ്. മൃഗങ്ങൾക്ക് ദോഷമുണ്ടാകാത്ത രീതിയിലുള്ള പാതയുടെ നിർമാണം പിന്നീട് ചർച്ചയായി.

വലിയ കോടികൾ വേണ്ട നിർമാണം ഉടൻ ഉണ്ടാകാൻ സാധ്യതയില്ല. ഇതിനും കർണാടക അനുമതി നൽകാനുള്ള സാധ്യതയും വിദൂരമാണ്. ഇതിനിടയിൽ കരുതൽ മേഖലയുടെ വരവും സുൽത്താൻ ബത്തേരിയുടെ നട്ടെല്ലൊടിക്കുമെന്നുറപ്പാണ്.

രാത്രിയാത്ര നിരോധനത്തിന് പുറമെ നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ പദ്ധതി, മൈസൂരു-തലശ്ശേരി റെയിൽവേ പദ്ധതി, കാസർകോട്-ദക്ഷിണ കന്നട റെയിൽവേ പദ്ധതി തുടങ്ങിയവക്കും കർണാടക അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

രാത്രിയാത്ര നിരോധനത്തിൽ കടുംപിടിത്തം തുടരുന്ന കർണാടക വയനാട്ടിലൂടെ കടന്നുപോകുന്ന രണ്ട് റെയിൽവേ പദ്ധതിയുടെ കാര്യത്തിലും സ്വീകരിക്കുന്ന നിലപാടും ജില്ലയുടെ വികസന പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുകയാണ്.

ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കും തിരിച്ചും ബന്ദിപ്പൂർ ദേശീയപാതയിലൂടെ രാത്രിയിൽ നിലവിലുള്ളതുപോലെ കൂടുതൽ ബസ് സർവിസിന് അനുമതി നൽകില്ലെന്നുള്ള കർണാടകയുടെ കടുംപിടിത്തവും ജില്ലയെ പ്രതികൂലമായി ബാധിക്കും.

ദേശീയപാത 766ലെ രാത്രിയാത്ര നിരോധനത്തിന് ബദലായി ഭൂഗർഭ റെയിൽ നിർമാണമെന്ന കേരളത്തിന്‍റെ നിർദേശവും തള്ളിയതോടെ ജില്ലയിലെ ജനങ്ങൾ കാലങ്ങളായി തുടരുന്ന ദുരിതത്തിന് ഇനിയെന്ത് പരിഹാരമെന്ന ചോദ്യവും ബാക്കിയാകുകയാണ്.

നിലമ്പൂർ-നഞ്ചൻകോട് പാതയടക്കം കേരളം ഗൗരവമായി കാണുന്നില്ലെന്ന് ആക്ഷേപം

ബംഗളൂരു: ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം നീക്കൽ അപ്രായോഗികമാണെന്നും ബദൽ പാത മാത്രമേമെ പരിഹാരമുള്ളൂ എന്നും സുപ്രീംകോടതി തീർത്തുപറഞ്ഞിരിക്കെ അക്കാര്യത്തിൽ കൂടുതൽ സാധ്യതയുള്ള ബദൽ മാർഗത്തെപ്പറ്റി സംസ്ഥാന സർക്കാർ ഗൗരവമായി ആലോചിക്കുന്നില്ലെന്ന് ആക്ഷേപം.

യാത്ര നിരോധനത്തിന്‍റെ ദുരിതങ്ങൾ ഏറെ അനുഭവിക്കുന്ന അതിർത്തിപ്രദേശങ്ങളിലെയും വയനാട് ജില്ലയിലെയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളാണ് ഈ ആരോപണം ഉന്നയിക്കുന്നത്.

റെയിൽവേ തത്ത്വത്തിൽ അംഗീകരിച്ച നിലമ്പൂർ-നഞ്ചൻകോട് പാതയും കേരളം അവഗണിക്കുകയാണ്. നിലവിൽ ഗുണ്ടൽപേട്ടിനടുത്ത നഞ്ചൻകോട് വരെ റെയിൽ പാതയുണ്ട്. രാത്രിയാത്ര നിരോധനസമയത്ത് വാഹനങ്ങൾ പോകുന്നത് ഗോണിക്കുപ്പ റോഡിലൂടെയാണ്. ഗോണിക്കുപ്പ റോഡ് 25 കി.മീ. വന്യജീവി സങ്കേതത്തിലൂടെയാണ് കടന്നുപോകുന്നത്.

ഇതിനേക്കാൾ എന്തുകൊണ്ടും അഭികാമ്യമാണ് സുൽത്താൻബത്തേരി കഴിഞ്ഞ് മൂലങ്കാവിൽനിന്ന് തിരിഞ്ഞ് വള്ളുവാടി വഴിയുള്ള ബൈപാസ്.

ഈ ബൈപാസ് വെറും 38 കി.മീ. മാത്രമേയുള്ളൂ. ഒമ്പത് കി.മീ. മാത്രമെ വനത്തിലൂടെ കടന്നുപോകേണ്ടതുള്ളൂ. നാറ്റ്പാക് എന്ന വിദഗ്ധ ഏജൻസി കേരള സർക്കാർ നിർദേശപ്രകാരം നിരവധി പരിഹാരമാർഗങ്ങളെപ്പറ്റി പഠനം നടത്തിയ ശേഷമാണ് ഏറ്റവും അനുയോജ്യം വള്ളുവാടി-ചിക്കബർഗി ബൈപാസ് എന്ന് കണ്ടെത്തിയത്.

കേരളത്തിൽ വള്ളുവാടി വരെയും കർണാടകത്തിൽ ചിക്കബർഗി വരെയും ഈ പാത ഇപ്പോഴും നിലവിലുണ്ട്. വനത്തിലൂടെ ആകെ ഒമ്പത് കി.മീ. മാത്രമേ വരൂ, ആറ് കി.മീ. കർണാടകയിലൂടെയും മൂന്ന് കി.മീ. കേരളത്തിലൂടെയും.

സുപ്രീംകോടതിയിൽ നിന്നടക്കം അനുമതി ലഭിക്കാൻ സാധ്യതയുള്ള ഈ പാത സംബന്ധിച്ച് കേരള അധികൃതർ സംസാരിക്കുന്നില്ലെന്നും വിവിധ സംഘടനകൾ ആരോപിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaNight Travelpolice
News Summary - Karnataka policy clarified Night travel-Hope lost
Next Story