കരിവള്ളിക്കുന്ന് മാലിന്യ കേന്ദ്രം പ്ലാന്റ് നിർമാണം കടലാസിൽ; മാലിന്യം കുന്നുകൂടുന്നു
text_fieldsമാലിന്യം കൂട്ടിയിട്ട നിലയിൽ
സുൽത്താൻ ബത്തേരി: നഗരത്തിൽ നിന്നും നാല് കിലോമീറ്റർ അകലെ കരിവള്ളിക്കുന്നിലെ മാലിന്യ പ്ലാന്റ് നിർമാണം കടലാസിൽ. മാലിന്യം ഇവിടെ കുന്നുകൂടുമ്പോൾ നഗരത്തിലെ മാലിന്യ നീക്കത്തെയും അത് ബാധിക്കുന്നു. നഗരത്തിന്റെ സമീപഭാഗങ്ങളിൽ അജ്ഞാതർ മാലിന്യം കൊണ്ടിടുന്നത് പതിവായിരിക്കുകയാണ്.
ഈ സാഹചര്യം ഇല്ലാതാക്കാനും പ്ലാന്റ് വരുന്നതുവരെ കാത്തിരിക്കണം. കരിവള്ളിക്കുന്നിൽ അരയേക്കറോളം സ്ഥലത്താണ് നഗരസഭയുടെ മാലിന്യ കേന്ദ്രമുള്ളത്. സുൽത്താൻ ബത്തേരി നഗരത്തിൽനിന്നും എത്തിക്കുന്ന മാലിന്യം നാലഞ്ചുവർഷം മുമ്പുവരെ ഇവിടെ കത്തിക്കുന്നത് പതിവായിരുന്നു. പരിസരവാസികൾ ഹൈകോടതിയെ സമീപിച്ചതോടെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവയുടെ കത്തിക്കൽ നിർത്തിവെച്ചു.
ഇപ്പോൾ മാലിന്യത്തിൽ നിന്നും പ്ലാസ്റ്റിക് വേർതിരിച്ച് ഇതര സംസ്ഥാനങ്ങളിലെ സംസ്കരണ ശാലകളിലേക്ക് കയറ്റിയയക്കുകയാണ്. അല്ലാത്തവ ജൈവവളമാക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും കാര്യമായി ഒന്നുമില്ല. ഏതാനും വർഷംമുമ്പ് ജർമൻ സാങ്കേതിക വിദ്യയിലുള്ള പ്ലാന്റ് നിർമിക്കാനാണ് ഒരുക്കം നടത്തിയത്. ഡിഡാക്സ് ബയോ എനർജി എന്ന കമ്പനിയാണ് നിർമാണം ഏറ്റത്. തുടക്കത്തിൽ മൂന്ന് കോടിയായിരുന്നു നിർമാണ ചെലവ് പ്രതീക്ഷിച്ചത്. പിന്നീടത് അഞ്ച് കോടിയായി.
കമ്പനി പണം മുടക്കി പ്ലാന്റ് നിർമിക്കുമ്പോൾ മുടക്കിയ പണം തിരിച്ചുപിടിക്കാനുള്ള അവകാശവും കമ്പനിക്ക് കൊടുത്തിരുന്നു. മാലിന്യത്തിൽ നിന്നും വൈദ്യുതിയും ജൈവവളവും നിർമിച്ച് വിൽക്കുന്നതോടെ ഡിഡാക്സിന് മുടക്കിയ പണം കണ്ടെത്താനാവും. മുക്കാൽ കോടിയോളം മുടക്കി നഗരസഭ മതിൽ നിർമിച്ചു. എന്നാൽ, പിന്നീട് കാര്യമായി ഒന്നും നടന്നില്ല. അഴുകാത്ത മാലിന്യം ഇഷ്ടിക രൂപത്തിലാക്കാവുന്ന യന്ത്രം ഏതാനും മാസം മുമ്പ് എത്തിച്ചിരുന്നതായി ഡിവിഷൻ കൗൺസിലർ വത്സ ജോസ് പറഞ്ഞു.
സുൽത്താൻ ബത്തേരി നഗരം രാജ്യത്തുതന്നെ ശ്രദ്ധയാകർഷിച്ച 'ക്ലീൻ സിറ്റി'യാണ്. മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി നിരോധിച്ചാണ് ഇത് നടപ്പാക്കുന്നത്. അതേസമയം, നഗരത്തിൽ ബൈപാസ് റോഡ് ഉൾപ്പെടെ പരിസര പ്രദേശങ്ങളിൽ മാലിന്യ നിക്ഷേപം വ്യാപകമായിട്ടുണ്ട്. നഗരത്തിൽ മാലിന്യം നിക്ഷേപിക്കാനുള്ള കുട്ടകളൊന്നുമില്ല. ആധുനിക പ്ലാന്റ് യാഥാർഥ്യമായാലേ നഗരത്തിൽനിന്നും കൂടുതൽ മാലിന്യം ശേഖരിച്ച് കരിവള്ളിക്കുന്നിലേക്ക് കൊണ്ടുപോകാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

