നീന്തിവളർന്ന താരങ്ങൾ ഏറെ; എന്നിട്ടും കടമാൻ ചിറയ്ക്ക് ദുരവസ്ഥ
text_fieldsസുൽത്താൻ ബത്തേരി കടമാൻ ചിറ
സുൽത്താൻ ബത്തേരി: പ്രകൃതിദത്ത നീന്തൽക്കുളമായ കടമാൻചിറ അവഗണനയിൽ. ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ചിറയും പരിസരവും സാമൂഹികവിരുദ്ധർ ഇടത്താവളമായി ഉപയോഗിക്കുകയാണ്. ഒരുകാലത്ത് വയനാടിന്റെ ഖ്യാതി ദേശീയ ശ്രദ്ധയിലെത്തിച്ച നീന്തൽകുളത്തിനാണ് ഈ ദുരവസ്ഥ.
60 മീറ്റർ നീളത്തിലും 30 മീറ്റർ വീതിയിലും ചിറ ജലസമൃദ്ധമായി കിടക്കുകയാണ്. മത്സരങ്ങൾക്ക് 50 മീറ്റർ ട്രാക്ക് പ്രത്യേകം തിരിച്ചിട്ടുണ്ട്. ഒന്നര മീറ്റർ ആഴത്തിൽ വെള്ളമുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്.
ഡ്രസിങ് റൂം ഉൾപ്പെടെ മൂന്ന് കെട്ടിടങ്ങൾ ചിറയ്ക്ക് സമീപമുണ്ട്. വർഷങ്ങളായി ഉപയോഗമില്ലാത്തതിനാൽ കെട്ടിടങ്ങൾ ശോച്യാവസ്ഥയിലാണ്. കെട്ടിടത്തിനും ചിറ നിർമാണത്തിനുമായി ചെലവാക്കിയ ലക്ഷങ്ങളാണ് ഇവിടെ പാഴായിപോകുന്നത്.
ഒരുകാലത്ത് നിരവധി ദേശീയ-സംസ്ഥാനതല നീന്തൽ മത്സരങ്ങൾ ഇവിടെ നടന്നിരുന്നു. നിരവധി ദേശീയ, സംസ്ഥാന റെക്കോഡുകളും അന്നുണ്ടായി. ഒരു പതിറ്റാണ്ട് മുമ്പ് നടന്ന അക്വാട്ടിക് ചാമ്പ്യൻഷിപ്പിന് ശേഷമാണ് ഈ നീന്തൽകുളം ആരും നോക്കാനില്ലാത്ത അവസ്ഥയിലേക്ക് മാറിയത്.
കഠിന ജലമായതിനാൽ ഇവിടെ പരിശീലനം നടത്തുന്നവർക്ക് ഏത് സാഹചര്യത്തിലുള്ള നീന്തൽ കുളത്തിലും അനായാസം നീന്താൻ കഴിയും. കേരളത്തിന്റെ വാട്ടർപോളോ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ ഭുരിഭാഗം പേരും ഈ ചിറയിൽ പരിശീലനം നടത്തിയവരാണ്. ഒന്നരയാൾ താഴ്ചയുള്ളതിനാൽ നീന്തൽ പരിശീലനത്തിന് അപകട സാധ്യതയുണ്ട്. നീന്തൽ പരിശീലനത്തിന് എത്തിയ ഒരാൾ മുമ്പ് മുങ്ങിമരിച്ചിരുന്നു. ചിറയെ 'സ്വിമ്മിങ് പൂൾ' എന്ന നിലയിലേക്ക് മാറ്റാനുള്ള ആലോചനയ്ക്ക് ഇത് തിരിച്ചടിയായിട്ടുണ്ട്.
ചിറ സംരക്ഷിക്കണമെന്ന് നീന്തൽ താരങ്ങളും പ്രദേശവാസികളും നിരന്തരം ആവശ്യപ്പെടാൻ തുടങ്ങിയതോടെ നഗരസഭ നടപടി തുടങ്ങിയിരുന്നു. എന്നാൽ, സ്പോർട്സ് കൗൺസിൽ ഇത് നഗരസഭയ്ക്ക് കൈമാറിയിട്ടില്ല. ചിറ വിപുലീകരണത്തിന് സ്പോർട്സ് കൗൺസിൽ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും പ്രായോഗികമാകുന്നില്ല. നഗരസഭയുടെ പൂർണ നിയന്ത്രണത്തിലേക്ക് ചിറ എത്തുകയാണെങ്കിൽ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാമെന്നാണ് ഡിവിഷൻ കൗൺസിലർ പി. സംഷാദ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

