അമ്പോ...ബത്തേരിയിൽ ചക്ക കിലോക്ക് 30
text_fieldsസുൽത്താൻ ബത്തേരിയിൽ വിൽപനക്കായി നിരത്തിവെച്ച ചക്ക
സുൽത്താൻ ബത്തേരി: കേരളത്തിന് പുറത്ത് ചക്ക വിൽപനക്കുള്ളത് പരിചത കാഴ്ചയാണ്. എന്നാൽ വയനാട്ടിലെ കച്ചവട സ്ഥാപനങ്ങളിൽ ചക്ക നിരത്തിവച്ച് വിൽക്കുന്നത് പുതുമയുള്ള കാഴ്ചയാണ്. അതിലും മാറ്റം വന്നിരിക്കുന്നു; സുൽത്താൻ ബത്തേരിയിൽ ചക്കയുടെ വൻ ശേഖരവുമായിട്ടാണ് ഒരു കച്ചവട സ്ഥാപനമുള്ളത്. വരിക്ക, കൂഴ എന്നിങ്ങനെ ഏത് ചക്കയും ഇവിടെയുണ്ട്. കിലോയ്ക്ക് 30 രൂപയാണ് വില. പഴുത്തതിനും പച്ചയ്ക്കും ഒരേ വിലയാണ്. അഞ്ച് മുതൽ 15 കിലോ തൂക്കമുള്ളത് വരെ ഇവിടെ വിൽക്കുന്നുണ്ട്.
സുൽത്താൻ ബത്തേരിയിലെ കച്ചവടക്കാർ പ്രധാനമായും കർണാടകത്തിൽ നിന്നുള്ള ടൂറിസ്റ്റുകളെ ഉദ്ദേശിച്ചാണ് ചക്ക വില്പനക്ക് വെച്ചിട്ടുള്ളത്. വില കൂടുതലാണെങ്കിലും അവർ വാങ്ങും. അവിടുത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെനിന്ന് ചക്ക വാങ്ങുന്നത് അവർക്ക് ലാഭമാണ്. ചക്കയുടെ സീസണായാൽ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് ചക്ക കയറ്റുമതി പതിവാണ്. മീനങ്ങാടി മുതൽ മുത്തങ്ങ വരെ ദേശീയപാതയോരത്ത് ചക്ക പറിച്ച് കൂട്ടിയിടുന്നത് പതിവ് കാഴ്ചയാണ്. ഒരാഴ്ച മുമ്പുവരെ ഇത് കാണാമായിരുന്നു. നാമമാത്രമായ വിലയാണ് കർഷകർക്ക് കിട്ടുക. കാട്ടാന ശല്യം ഒഴിവാക്കാൻ കർഷകർ ചക്ക വെറുതെ കൊടുക്കുന്ന സാഹചര്യമുണ്ട്. അതേസമയം, അതിർത്തി കടന്നാൽ ചക്കക്ക് വലിയ വിലയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

