മഞ്ഞക്കൊന്നയിൽ കീടബാധ; അമ്പരപ്പിൽ വനംവകുപ്പ്
text_fieldsസുൽത്താൻബത്തേരി: മുത്തങ്ങ കാട്ടിലെ മഞ്ഞക്കൊന്നയിൽ വ്യാപകമായ രീതിയിൽ കീടബാധ കണ്ടെത്തിയത് വനംവകുപ്പിനെ അമ്പരപ്പിലാക്കി. സ്വാഭാവിക വനത്തെ നശിപ്പിക്കുന്ന മഞ്ഞക്കൊന്ന എങ്ങനെ നീക്കം ചെയ്യുമെന്ന ആശങ്കയിൽ നിൽക്കുമ്പോഴാണ് കീടബാധ കണ്ടെത്തിയത്. അങ്ങനെയെങ്കിലും കുറച്ച് കൊന്നകൾ ഇല്ലാതാകുമല്ലോ എന്ന ആശ്വാസത്തിലാണ് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരെങ്കിലും.
മുത്തങ്ങ റേഞ്ചിലെ മുത്തങ്ങ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെട്ട തകരപ്പാടിക്കുന്ന് ഭാഗത്ത് 1000ത്തിലധികം മഞ്ഞക്കൊന്ന മരങ്ങളാണ് ഉണങ്ങി നിൽക്കുന്നത്. ഇവയുടെ തായ് ത്തടികൾ ഉണങ്ങി നിൽക്കുകയാണ്. വൈൽഡ് ലൈഫ് വാർഡന്റെ നിർദേശ പ്രകാരം സയന്റിസ്റ്റ് ടി.എ. സജീവൻ സ്ഥലം സന്ദർശിക്കുകയും കൂടുതൽ പരിശോധനക്കായി മരത്തിന്റെ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
1979- 80 കാലഘട്ടത്തിലാണ് സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി വനത്തിലും വനയോരുത്തുമായി വ്യാപകമായ രീതിയിൽ മഞ്ഞക്കൊന്ന വെച്ചുപിടിപ്പിച്ചത്. പിന്നീടാണ് മഞ്ഞക്കൊന്ന വനത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുമെന്നും വന്യജീവികൾക്ക് വലിയ പ്രയാസമുണ്ടാക്കുമെന്നും തിരിച്ചറിഞ്ഞത്.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ. വിജയാനന്ദൻ, വയനാട് വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, അഡീഷണൽ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് സൂരജ് ബെൻ എന്നിവർ സ്ഥലം സന്ദർശിച്ച് മഞ്ഞക്കൊന്നകളെ നിരീക്ഷിച്ചു.മുത്തങ്ങ കൂടാതെ മറ്റ് റേഞ്ചുകളിലും രോഗബാധയുണ്ടോയെന്ന് വനംവകുപ്പ് പഠിക്കുന്നുണ്ട്. ഏതായാലും മഞ്ഞക്കൊന്ന പൂർണമായും ഇല്ലാതായാൽ അത് സ്വാഭാവിക വനത്തിനും വന്യജീവികൾക്കും ഗുണമാകുമെന്ന അഭിപ്രായമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.