കാടുകയറി ആശുപത്രി കെട്ടിടങ്ങൾ
text_fieldsസുൽത്താൻബത്തേരി നഗര മധ്യത്തിൽ കാടുമൂടിക്കിടക്കുന്ന പഴയ ആശുപത്രി കെട്ടിടങ്ങൾ
സുൽത്താൻ ബത്തേരി: നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പഴയ ആശുപത്രി കെട്ടിടങ്ങൾ കാടുകയറി നശിക്കുന്നതായി ആക്ഷേപം. കോടിക്കണക്കിന് രൂപയുടെ നിരവധി കെട്ടിടങ്ങളാണ് നശിക്കുന്നത്. കെട്ടിടങ്ങൾ ഉപയോഗപ്രദമാക്കുന്ന രീതിയിൽ ആശുപത്രിയുമായി ബന്ധപ്പെട്ട പുതിയ സംവിധാനങ്ങൾ ഒരുക്കാനുള്ള നീക്കങ്ങൾ നടക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
പഴയ ഐ.പി വാർഡുകൾ, കോൺഫറൻസ് ഹാൾ, മൈക്രോബയോളജി ലാബ് എന്നിങ്ങനെ ഇവിടെ പ്രവർത്തിച്ചവയുടെ പേരുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. കാരുണ്യ കമ്യൂണിറ്റി ഫാർമസി മാത്രമാണ് പ്രവർത്തിക്കുന്നത്.
നഗരത്തിൽനിന്ന് ഒരു കിലോമീറ്റർ അകലെ ഫെയർലാന്റിലേക്ക് താലൂക്ക് ആശുപത്രി പ്രവർത്തനം പൂർണമായി മാറ്റിയതോടെയാണ് പഴയ ആശുപത്രി കെട്ടിടങ്ങൾ ആളൊഴിഞ്ഞ അവസ്ഥയിലായത്. കുട്ടികളുടെയും ഗർഭിണികളുടെയും ഒ.പി കഴിഞ്ഞവർഷം വരെ ഇവിടെ പ്രവർത്തിച്ചിരുന്നു. നഗരത്തിന്റെ നടുക്കായതിനാൽ ഇത് ഏറെ സൗകര്യപ്രദവുമായിരുന്നു. കെട്ടിടങ്ങൾ വെറുതെ കിടക്കുന്നത് ആക്ഷേപങ്ങൾക്കിടയാക്കിയതോടെ കഴിഞ്ഞവർഷം തന്നെ പഴയ കെട്ടിടത്തിൽ പുതിയ യൂനിറ്റുകൾ തുടങ്ങാനുള്ള ശ്രമങ്ങൾ ബ്ലോക്ക് പഞ്ചായത്ത് നടത്തിയിരുന്നു. ഓടിട്ട കെട്ടിടങ്ങൾ ഏറെ കാലപ്പഴക്കമുള്ളതിനാൽ അത് പൊളിച്ചു നീക്കുകയേ മാർഗമുള്ളൂ. ഈ കെട്ടിടങ്ങളുടെ മുകളിലേക്കും കാട് വളർന്നിട്ടുണ്ട്.
പഴയ ആശുപത്രി കെട്ടിടത്തിൽ ജില്ല മെഡിക്കൽ ലാബ് തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ പറഞ്ഞു. ഒരുകോടി രൂപയിലേറെ ഇതിനായി സർക്കാർ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. കോൺക്രീറ്റ് കെട്ടിടങ്ങളിൽ ചെറിയ മിനുക്കുപണികൾ നടത്തിയതിനുശേഷമായിരിക്കും പുതിയ ലാബ് പ്രവർത്തനം തുടങ്ങുക. അടുത്തമാസത്തോടെ പണികൾ തുടങ്ങുമെന്നും ബ്ലോക്ക് പ്രസിഡന്റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

