ഗാന്ധി ജങ്ഷനിൽ കൽവർട്ട് നിർമാണം; ബത്തേരി നഗരത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
text_fieldsസുൽത്താൻ ബത്തേരി: നഗരത്തിൽ എം.ജി റോഡും റഹീം മെമ്മോറിയൽ റോഡും (ഗാന്ധി ജങ്ഷൻ) കൂടിച്ചേരുന്ന ഭാഗത്ത് അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി കൽവർട്ട് നിർമാണം നടക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ നഗരത്തിലെ ഗതാഗത സംവിധാനത്തിൽ മാറ്റം വരുത്തുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
നാലു മാസത്തോളം നിർമാണം നീളുമെന്നാണ് കരുതുന്നത്. അത്രയും കാലം നിയന്ത്രണമുണ്ടാകും. താളൂർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഗാന്ധി ജങ്ഷനിൽ ബൈപാസിന് സമീപമായി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്തതിനുശേഷം ബൈപാസ് വഴി ചുങ്കം ഭാഗത്തേക്ക് പോകുകയും ചുങ്കം സ്റ്റാൻഡിൽ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്തശേഷം ലക്ഷ്യസ്ഥാനത്തേക്ക് പോകേണ്ടതുമാണ്. ബൈപാസ് റോഡിൽ പാർക്കിങ് അനുവദിക്കുന്നതല്ല. നമ്പ്യാർകുന്ന്, പുൽപള്ളി, കല്ലൂർ, മുത്തങ്ങ എന്നിവിടങ്ങളിൽനിന്ന് വരുന്ന ബസുകൾ ചുങ്കം ബസ് സ്റ്റാൻഡിൽ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്തശേഷം തിരിച്ചുപോകണം.
മാനന്തവാടി, കൽപറ്റ, അമ്പലവയൽ എന്നിവിടങ്ങളിൽനിന്ന് വരുന്ന ബസുകൾ കോടതിയുടെ മുൻവശം ആളുകളെ ഇറക്കിയശേഷം പഴയ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യണം. തിരിച്ചുപോകുമ്പോൾ, അസംപ്ഷൻ ജങ്ഷനിൽനിന്ന് ആളുകളെ കയറ്റി പോകേണ്ടതാണ്.
എല്ലാ ചരക്കുലോറികളും എൻ.എച്ച് 766 വഴി കടന്നുപോകണം. മലബാർ ഗോൾഡിനു മുൻവശമുള്ള ബസ് സ്റ്റോപ്പും കീർത്തി ടവറിന് മുൻവശമുള്ള ബസ് സ്റ്റോപ്പും ജനുവരി ഒമ്പതു മുതൽ താൽക്കാലികമായി ഒഴിവാക്കും. ഗാരേജിൽനിന്ന് പുറപ്പെടുന്ന ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകളും ദീർഘദൂര പ്രൈവറ്റ് ബസുകളും രണ്ടു മിനിറ്റിൽ കൂടുതൽ സമയം ചുങ്കം ബസ് സ്റ്റോപ്പിൽ ആളുകളെ കയറ്റാനും ഇറക്കാനുമായി നിർത്തിയിടാൻ പാടില്ല.
ദീർഘദൂര ബസുകൾ അസംപ്ഷൻ ജങ്ഷനിൽനിന്ന് ആളുകളെ കയറ്റി ഇറക്കി പോകണം. എൻഎച്ച് 766ൽ പാർക്കിങ്ങിന് അനുവദിച്ച സ്ഥലത്തല്ലാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കൽവർട്ട് പ്രവൃത്തി നടക്കുന്ന എം.ജി റോഡ്, റഹീം മെമ്മോറിയൽ റോഡ് വഴി ചെറിയ വാഹനങ്ങൾക്ക് മാത്രമേ ഗതാഗതം അനുവദിക്കൂ. വാർത്തസമ്മേളനത്തിൽ നഗരസഭ ചെയർമാൻ ടി.കെ. രമേഷ്, ട്രാഫിക് എസ്.ഐ പി.ആർ. വിജയൻ, പൊതുമരാമത്ത് എൻജിനീയർ എം.പി. ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

