താളൂർ-ബത്തേരി റോഡ് നിർമാണം: ജനകീയ സമരം ശക്തം
text_fieldsസുൽത്താൻ ബത്തേരി: താളൂർ - ബത്തേരി റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന സമരം ശക്തം. അതേസമയം, രാഷ്ട്രീയ പാർട്ടികൾ റോഡ് വിഷയത്തിൽ ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.
പുതിയ ടെൻഡർ നടപടികൾ കഴിഞ്ഞ് റോഡ് നിർമാണം എന്ന് തുടങ്ങുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതാവസ്ഥയാണ് ഉള്ളത്. ജനകീയ സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരം വെള്ളിയാഴ്ച നാലു ദിവസങ്ങൾ പിന്നിട്ടു. രാഷ്ട്രീയ താൽപര്യങ്ങളില്ലാതെ റോഡ് എത്രയും പെട്ടെന്ന് നന്നാക്കുകയെന്ന ഒറ്റകാര്യം മാത്രമാണ് ജനകീയ സമിതി ഉന്നയിക്കുന്നത്. ഈയൊരു സമരം രാഷ്ട്രീയ പാർട്ടികളും പ്രതീക്ഷിക്കാത്തതാണ്.
റോഡ് പരിതാപകരമായ അവസ്ഥയിൽ കിടക്കാൻ കാരണം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ മാത്രമാണെന്നാണ് ഭരണകക്ഷിയായ സി.പി.എം പറയുന്നത്. എം.എൽ.എയെ കേന്ദ്രീകരിച്ച് സി.പി.എം സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ യു.ഡി.എഫും ശക്തമായ പ്രതിരോധം തീർക്കുന്നുണ്ട്. ഇങ്ങനെ രാഷ്ട്രീയപാർട്ടികൾ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും റോഡ് തകർന്നാണ് കിടക്കുന്നതെന്ന കാര്യത്തിൽ മാത്രം ആർക്കും തർക്കമില്ല.
താളൂർ- ബത്തേരി റോഡിന്റെ 8.200 മീറ്റർ ഭാഗത്താണ് പുതുക്കിപണിയേണ്ടത്. ഈ റോഡിന്റെ ഏറ്റവും വലിയ പ്രത്യേകത അന്തർ സംസ്ഥാന പാത എന്നതാണ്. തമിഴ്നാട്ടിലെ പന്തല്ലൂർ, ചേരമ്പാടി ഭാഗത്തേക്ക് പോകാൻ താളൂർ വഴി എളുപ്പമാണ്.
അതിനാൽ തമിഴ്നാട്ടിൽ നിന്നുള്ള വാഹനങ്ങളും ബത്തേരിയിലേക്ക് എത്താൻ താളൂർ വഴി ആശ്രയിച്ചിരുന്നു. ഇപ്പോൾ അത്തരം വാഹനങ്ങളെല്ലാം ഇല്ലാതായിരിക്കുകയാണ്. കരാർ ഏറ്റെടുത്ത തമിഴ്നാട്ടിലെ പ്രത്യൻ കമ്പനിയാണ് താളൂർ - ബത്തേരി റോഡ് വിഷയത്തിൽ ഏറ്റവും വലിയ വില്ലൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

