ബസ് ടെർമിനൽ-കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം; സുൽത്താൻ ബത്തേരിയിൽ വിവാദം കൊഴുക്കുന്നു
text_fieldsസുൽത്താൻ ബത്തേരി പഴയ ബസ് സ്റ്റാൻഡ്
സുൽത്താൻ ബത്തേരി: നഗരത്തിൽ പുതിയ ബസ് ടെർമിനൽ-കം ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാനുള്ള കഴിഞ്ഞ മുനിസിപ്പൽ എൽ.ഡി.എഫ് ഭരണസമിതിയുടെ തീരുമാനവുമായി ബന്ധപ്പെട്ടുള്ള വിവാദം അവസാനിക്കുന്നില്ല. യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ ശക്തമായിരിക്കുകയാണ്. ഇതിനിടയിൽ ബസ് ടെർമിനൽ നിർമാണവുമായി ബന്ധപ്പെട്ട യഥാർഥ വസ്തുത പുകമറയ്ക്കുള്ളിലാണ്.
മുനിസിപ്പാലിറ്റിയിലെ കഴിഞ്ഞ ഇടത് ഭരണസമിതി നടപ്പാക്കാൻ തീരുമാനിച്ച ബസ് ടെർമിനൽ-കം ഷോപ്പിങ് കോംപ്ലക്സ് വേണ്ടെന്നുവെച്ച ഇപ്പോഴത്തെ യു.ഡി.എഫ് ഭരണസമിതിയുടെ തീരുമാനം വന്നതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. വലിയ അഴിമതിയാണ് നിർമാണത്തിലൂടെ ഇടതുപക്ഷം ലക്ഷ്യം വെച്ചതെന്ന് യു.ഡി.എഫ് ആരോപിക്കുമ്പോൾ, അതേ നാണയത്തിൽതന്നെ തിരിച്ചടിക്കാനാണ് എൽ.ഡി.എഫും ശ്രമിക്കുന്നത്. ചില വിലപേശലുകൾക്കൊടുവിലാണ് ബസ് ടെർമിനൽ നിർമാണം യു.ഡി.എഫ് വേണ്ടെന്നുവെച്ചതെന്നാണ് ഇടതുപക്ഷം ആരോപണം ഉന്നയിക്കുന്നത്.
ഗ്ലോബൽ വെഞ്ച്വർ എന്ന കമ്പനിയെയാണ് ബസ് ടെർമിനൽ നിർമിക്കാൻ കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതി ചുമതലപ്പെടുത്തിയത്. ഡി.ബി.ഒ.ടി. (ഡിസൈൻ, ബിൽഡ്, ഓപറേറ്റ്, ട്രാൻസ്ഫർ) വ്യവസ്ഥയിലായിരുന്നു കരാർ. 75 കോടിയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഇതിൽ നഗരസഭക്ക് യാതൊരു ചെലവും ഉണ്ടായിരുന്നില്ല. പകരം നിർമിക്കുന്ന ബസ് സ്റ്റാൻഡ് 35 വർഷം ഗ്ലോബൽ കമ്പനിയുടെ നിയന്ത്രണത്തിലായിരിക്കും. 35 വർഷമെന്നത് വേണമെങ്കിൽ 50 വർഷമാക്കി കൂട്ടാമെന്നും കരാറിൽ പറയുന്നുണ്ട്.
കൂടാതെ, റഹീം മെമ്മോറിയൽ വൺവേ റോഡിൽ പഴയ മാംസ മാർക്കറ്റ് പ്രവർത്തിച്ചിരുന്ന 51 സെൻറ് സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാനുള്ള അവകാശവും ഗ്ലോബൽ വെഞ്ച്വർ കമ്പനിക്ക് എൽ.ഡി.എഫ് ഭരണസമിതി കൊടുത്തിരുന്നു. പഴയ മാർക്കറ്റ് ഭൂമി സ്വകാര്യ കമ്പനിക്ക് വെറുതെ കൊടുക്കുന്ന നടപടിയാണ് എൽ.ഡി.എഫ് നടത്തുന്നതെന്നാണ് ഇപ്പോൾ യു.ഡി.എഫ് വലിയ രീതിയിൽ പ്രചരിപ്പിക്കുന്നത്.
ബസ് സ്റ്റാൻഡ് നിർമിക്കാൻ മൂന്നര ഏക്കർ സ്ഥലം വിലയ്ക്ക് വാങ്ങിയിരുന്നു. രാജീവ് ഗാന്ധി ബൈപാസ് റോഡിന് സമീപമാണ് ഇത്. വയൽ ഭൂമി തരം മാറ്റാതെയാണ് വാങ്ങിയതെന്നും ഭൂമി സൗജന്യമായി കിട്ടുന്ന സാഹചര്യത്തിലാണ് എൽ.ഡി.എഫ് വലിയ വില കൊടുത്ത് ഭൂമി വാങ്ങിയതെന്നും യു.ഡി.എഫ് ഇപ്പോൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, മുനിസിപ്പാലിറ്റിയിൽനിന്ന് എൽ.ഡി.എഫ് ഭരണസമിതി പുറത്തു പോകുമ്പോൾ തരം മാറ്റൽ പ്രക്രിയ അവസാനഘട്ടത്തിലായിരുന്നെന്നും 40 വർഷം യു.ഡി.എഫ് ഭരിച്ചിട്ടും ബസ് ടെർമിനലിനായി ആരും സൗജന്യമായി ഭൂമി കൊടുക്കാത്തതെന്തെന്നും എൽ.ഡി.എഫ് തിരിച്ചുചോദിക്കുന്നുണ്ട്.
അതേസമയം, ബത്തേരി ബസ് ടെർമിനൽ നിർമാണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും ദിവസങ്ങളായി യു.ഡി.എഫ്, എൽ.ഡി.എഫ് അണികൾ തമ്മിൽ വലിയ വാഗ്വാദം നടക്കുന്നുണ്ട്. യു.ഡി.എഫ് നേതാക്കളുടെ വിലപേശൽ സംബന്ധിച്ച വിഡിയോ തങ്ങളുടെ പക്കൽ ഉണ്ടെന്ന് ഇടതുപക്ഷത്തെ ഒരു മുൻ കൗൺസിലർ പറഞ്ഞതോടെ യു.ഡി.എഫ് അണികൾ വെല്ലുവിളികളുമായി രംഗത്തുവന്നു. വാർത്തസമ്മേളനം വിളിച്ചും അവർ വെല്ലുവിളിച്ചു. മറുപടിയുമായി എൽ.ഡി.എഫും രംഗത്തെത്തി.
ഒടുവിൽ തിങ്കളാഴ്ച നടന്ന വാർത്തസമ്മേളനത്തിൽ എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞത് മുസ് ലിം ലീഗ് നേതാവിന്റെ വീട്ടിൽ ബസ് ടെർമിനൽ നിർമാണം ഏറ്റെടുത്ത കരാറുകാരൻ ചർച്ചക്കായി പോയെന്നാണ്. സുൽത്താൻ ബത്തേരിയിലെ ഒരു ഹോട്ടലിൽ യു.ഡി.എഫ് നേതാക്കൾ കരാറുകാരനുമായി സംസാരിച്ചുവന്നും എൽ.ഡി.എഫ് നേതാക്കൾ പറയുകയുണ്ടായി. എന്നാൽ, ഇതു സംബന്ധിച്ച് വിഡിയോ ഉണ്ടെന്നുള്ള പ്രചാരണം സ്ഥിരീകരിക്കാൻ അവർ തയാറായില്ല.
സുൽത്താൻ ബത്തേരി നഗരത്തിൽ ഒരു ബസ് ടെർമിനൽ വേണമെന്ന ആവശ്യം എല്ലാ മുന്നണികളും അംഗീകരിക്കുന്നുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുമായി അടുത്തുകിടക്കുന്ന നഗരമെന്നനിലയിൽ ഇവിടെ വാഹനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള ബസുകളും നിരവധി എത്തുന്നു. അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള, പ്രത്യേകിച്ച് തമിഴ്നാട്ടിൽനിന്നുള്ള ബസുകളൊന്നും ഇവിടെ സ്റ്റേ ചെയ്യാറില്ല. നിർത്തിയിടാനുള്ള സൗകര്യക്കുറവാണ് പ്രശ്നം. പഴയ ബസ് സ്റ്റാൻഡിലെ പരിമിതമായ സൗകര്യമാണ് എല്ലാവർക്കും ആശ്രയം. കുറച്ചു ബസുകൾ ഒന്നിച്ച് പാർക്ക് ചെയ്താൽ പഴയ ബസ് സ്റ്റാൻഡ് നിറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

