
കോഴ വിവാദം: ബി.ജെ.പി നേതാക്കളുടെ രാജി ഒഴിവാക്കാൻ തിരക്കിട്ട ചർച്ചകൾ
text_fieldsസുൽത്താൻ ബത്തേരി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കോഴ വിവാദവും യുവമോർച്ച ഭാരവാഹികളുടെ രാജിയും സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് സുൽത്താൻ ബത്തേരിയിലെ ബി.ജെ.പിയെ എത്തിച്ചിരിക്കുന്നത്.
ആരോപണങ്ങൾക്കെതിരെ പ്രതികരിച്ചവരെ സ്ഥാനങ്ങളിൽ നിന്നു മാറ്റി നിർത്തിയാൽ എല്ലാം നിശ്ശബ്ദമാകുമെന്ന് കരുതിയ നേതൃത്വത്തെ അമ്പരിപ്പിച്ചു കൊണ്ട് കൂടുതൽ ഭാരവാഹികൾ രാജി ഭീഷണിയുമായി രംഗത്തുവരുകയാണ്. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽപെട്ട ബി.ജെ.പിയുടെ ഏതാനും പഞ്ചായത്ത് ഭാരവാഹികളാണ് യുവമോർച്ച നേതാക്കൾക്കെതിരെ നടപടി എടുത്തതിൽ പ്രതിഷേധിച്ച് ഒടുവിൽ രംഗത്തു വന്നിട്ടുള്ളത്.
രാജി ഭീഷണി ഉയർത്തുന്ന ബി.ജെ.പി ഭാവാഹികളെ അനുനയപ്പിക്കാനുള്ള ചർച്ചകൾ വെള്ളിയാഴ്ചയും നടന്നു. നേതാക്കളുടെ ഇടപെടലിൽ ചിലർ തൽകാലം പിൻവാങ്ങിയതായാണ് വിവരം. യുവമോർച്ച ജില്ല പ്രസിഡൻറ് ദീപു പുത്തൻപുരയിൽ, സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡൻറ് ലിലിൽ കുമാർ എന്നിവരെ സ്ഥാനങ്ങളിൽ നിന്നു നീക്കിയ നടപടിയിൽ പ്രതിഷേധിച്ച് സേവാഭാരതി ജില്ല സെക്രട്ടറി മനോജ് നായരും രാജിവെച്ചിരുന്നു.
സ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെട്ടവരും സ്വയം സ്ഥാനങ്ങൾ രാജിവെച്ചവരും മറ്റ് പാർട്ടികളിലേക്ക് പോയിട്ടില്ലെന്നത് മാത്രമാണ് ബി.ജെ.പിക്ക് ആശ്വാസമാകുന്നത്. ശുദ്ധികലശം പർട്ടിയിൽ ഉണ്ടാവണമെന്നതാണ് ഭൂരിപക്ഷം പ്രവർത്തകരുടേയും ആവശ്യം. ജില്ല ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഏതാനും നേതാക്കളെ സംരക്ഷിക്കുന്ന സംസ്ഥാന നേതൃത്വത്തിെൻറ നിലപാടാണ് രാജിവെച്ച ഭാരവാഹികളിൽ ഭൂരിഭാഗവും എതിർക്കുന്നത്.
2015ൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി കൗൺസിലറായിരുന്ന ബി.ജെ.പിയിലെ എം.കെ. സാബു കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരിയിലെ ചില ബി.ജെ.പി നേതാക്കൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഇതിനിടയിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
