കോഴ വിവാദവും രാജിയും; ബി.ജെ.പി യോഗം ചേർന്നില്ല
text_fieldsസുൽത്താൻ ബത്തേരി: കോഴ വിവാദത്തെത്തുടർന്ന് ആടി ഉലയുന്ന ബി.ജെ.പിയിൽ സമവായ ചർച്ചകൾ സജീവം. രാജിവെച്ച ഭാരവാഹികളെ അനുനയിപ്പിക്കാൻ അടുത്ത ആഴ്ച സുൽത്താൻ ബത്തേരിയിൽ യോഗം ചേരും. സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളിൽനിന്ന് അറിയുന്നത്. കോഴ വിവാദവും പ്രതികരിച്ചവർക്കെതിരെയുള്ള അച്ചടക്ക നടപടിയും തുടർന്നുണ്ടായ ഭാരവാഹികളുടെ രാജിയും സുൽത്താൻ ബത്തേരിയിൽ ബി.ജെ.പിയെ വലിയ കുരുക്കിലാക്കിയിരിക്കുകയാണ്.
പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ബുധനാഴ്ച സുൽത്താൻ ബത്തേരിയിൽ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, അവസാന നിമിഷം മാറ്റി. സംസ്ഥാന നേതൃത്വത്തിെൻറ ഇടപെടലിനെത്തുടർന്നാണ് മാറ്റിയതെന്നാണ് സൂചന. ഇതു സംബന്ധിച്ച് പ്രതികരിക്കാൻ ബി.ജെ.പി നേതാക്കൾ തയാറായില്ല. തെരഞ്ഞെടുപ്പ് ഫണ്ട് വിതരണത്തിലെ താളപ്പിഴകൾക്കെതിരെ ആദ്യം പ്രതികരിച്ചത് യുവമോർച്ച ജില്ല അധ്യക്ഷൻ ദീപു പുത്തൻപുരയിലും സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡൻറ് ലിലിൽ കുമാറുമായിരുന്നു.
ഇവർക്കെതിരെ നേതൃത്വം നടപടി എടുത്തതോടെ ബി.ജെ.പി, സേവാ ഭാരതി, മഹിള മോർച്ച ഉൾപ്പെടെ സംഘടന ഭാരവാഹികൾ രാജി വെച്ചു. ജില്ല ജനറൽ സെക്രട്ടറി ഉൾപ്പെടെ ഏതാനും നേതാക്കൾക്കെതിരെയായിരുന്നു രാജി വെച്ചവരുടെ പ്രതിഷേധം. എന്നാൽ, സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധമുള്ള ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി എടുക്കാനുള്ള സാധ്യതയില്ല. അതിനാൽ തർക്കം പെട്ടെന്ന് തീർക്കുക പ്രയാസമാണ്. ഇതു തിരിച്ചറിഞ്ഞാണ് അടുത്ത ആഴ്ച സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലേക്ക് യോഗം മാറ്റിയത്. അതേസമയം, കോഴ ഇടപാടിൽ ജില്ലക്ക് പുറത്തുള്ള രണ്ടു സംസ്ഥാന നേതാക്കളെ വ്യാഴാഴ്ച കൽപറ്റ ഡിവൈ.എസ്.പി ഓഫിസിൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

