ആർക്കും ഉപകാരമില്ലാതെ ബീനാച്ചി എസ്റ്റേറ്റ്
text_fieldsബീനാച്ചി എസ്റ്റേറ്റ്
സുൽത്താൻ ബത്തേരി: മധ്യപ്രദേശ് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നടപടി എവിടെയുമെത്തിയില്ല. എസ്റ്റേറ്റ് ഏറ്റെടുക്കാൻ മധ്യപ്രദേശ്, കേരള ചീഫ് സെക്രട്ടറിമാർ ചർച്ച നടത്തിയെന്ന് രണ്ടു വർഷം മുമ്പ് വയനാട് പാക്കേജ് പ്രഖ്യാപന വേളയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ദേശീയ പാതക്കും ബീനാച്ചി- പനമരം റോഡിനും ഇടയിൽ ഏകദേശം 500 ഏക്കറിലേറെ വരുന്നതാണ് ബീനാച്ചി എസ്റ്റേറ്റ്. മധ്യപ്രദേശ് സർക്കാർ ഇതിന്റെ മിക്ക ഭാഗത്തും കാപ്പി കൃഷി നടത്തിയിരുന്നു.
കോവിഡ് കാലത്തിന്റെ തൊട്ടുമുമ്പ് വരെ കാപ്പി കൃഷി നല്ല രീതിയിൽ പരിപാലിച്ചു പോന്നിരുന്നു. കോവിഡ് തുടങ്ങിയതോടെ മധ്യപ്രദേശിൽ നിന്നുള്ള തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ചു പോയി. പിന്നീട് തിരിച്ചു വന്നുമില്ല. ഇപ്പോൾ പരിപാലിക്കാതെ വനം പോലെ കിടക്കുകയാണ് തോട്ടം. പുലി, കടുവ, കാട്ടുപന്നി, മാൻ എന്നിവയൊക്കെ ഈ എസ്റ്റേറ്റിൽ ധാരാളമുണ്ട്. എസ്റ്റേറ്റിന്റെ അരിവയൽ ഭാഗത്തുകൂടെ ചെതലയം വനത്തിൽ നിന്നും എത്തുന്ന കാട്ടുമൃഗങ്ങൾ പിന്നീട് എസ്റ്റേറ്റിൽ തങ്ങുന്നത് പതിവാവുകയാണ്.
മധ്യപ്രദേശ് സർക്കാറിന് എസ്റ്റേറ്റ് പരിപാലിക്കുന്ന കാര്യത്തിൽ താൽപര്യം ഇല്ല. മെഡിക്കൽ കോളജ്, സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ്, സുവോളജിക്കൽ പാർക്ക് എന്നിവ നടപ്പാക്കാൻ പറ്റിയ സ്ഥലമാണ് ബീനാച്ചി എസ്റ്റേറ്റ്. എന്നാൽ, അധികൃതർ വലിയ താൽപര്യമെടുത്ത് കാണുന്നില്ല. വികസനപരമായി എന്ത് നടപടികൾ എടുക്കണമെങ്കിലും ആദ്യം മധ്യപ്രദേശ് സർക്കാറിൽ നിന്നും എസ്റ്റേറ്റിന്റെ ഉടമസ്ഥ രേഖകൾ വാങ്ങണം.
അതിനുള്ള പ്രായോഗിക നടപടികൾ ഒരു സർക്കാറും ചെയ്തിട്ടില്ലെന്നതാണ് യാഥാർഥ്യം. ബ്രിട്ടീഷ് ഭരണത്തിൽ വിദേശിയായ ആളുടെ കൈവശത്തിലിരുന്ന എസ്റ്റേറ്റ് പിന്നീട് തന്റെ ആശ്രിതയായ ബീനാച്ചിയെന്ന സ്ത്രീക്ക് ഇഷ്ടദാനമായി നൽകിയെന്നും തുടർന്നാണ് എസ്റ്റേറ്റിന് ബീനാച്ചിയെന്ന പേര് വന്നതെന്നും പൂർവികർ രേഖപ്പെടുത്തിയിട്ടുണ്ട്. എസ്റ്റേറ്റ് നടത്തിപ്പുകാരും മാർവാടിയായ സേട്ടും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകളുടെ പേരിൽ ഗ്വാളിയർ രാജകുടുംബത്തിന്റെ കീഴിലുള്ള സാമ്പത്തിക സ്ഥാപനത്തിന്റെ കീഴിലായി പിന്നീട് എസ്റ്റേറ്റ്.
ഇന്ദിരഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഗ്വാളിയർ രാജകുടുംബത്തിന്റെ അധീനതയിലുള്ള സ്വത്തുക്കളിൽ പലതും പിടിച്ചെടുത്തതിന്റെ ഭാഗമായാണ് ബീനാച്ചി എസ്റ്റേറ്റ് മധ്യപ്രദേശ് സർക്കാറിന്റെ ഉടമസ്ഥതയിലായത്. ഒരു വർഷം മുമ്പ് മോൺസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പിൽ ബീനാച്ചി എസ്റ്റേറ്റിന്റെ പേരും ഉയർന്നിരുന്നു. വെറുതെ കിടക്കുന്ന എസ്റ്റേറ്റ് പാട്ടത്തിന് കൊടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് മോൺസൺ തൃശൂർ സ്വദേശിയിൽ നിന്ന് ഒന്നരകോടിയിലേറെ കൈപ്പറ്റിയെന്നായിരുന്നു പരാതി. ഇതോടെ ബീനാച്ചി എസ്റ്റേറ്റിന്റെ പേര് കേരളത്തിലൊട്ടാകെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

