ഫാർമസിയിൽ വേണ്ടത്ര ജീവനക്കാരില്ല; ബത്തേരി താലൂക്ക് ആശുപത്രിയിൽ രോഗികൾ നിന്ന് മടുക്കുന്നു
text_fieldsസുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി ഫാർമസിയിലെ തിരക്ക്
സുൽത്താൻ ബത്തേരി: താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി ഫാർമസിയിൽ വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ രോഗികൾ നിന്ന് മടുക്കുന്നു. മണിക്കൂറുകൾ കാത്തുനിന്നാലേ മരുന്നുകിട്ടൂ എന്ന അവസ്ഥയാണ്. വരിനിന്ന് രോഗികൾ തളർന്നുവീഴുന്നത് ഇവിടെ പതിവായിരിക്കുകയാണ്. ഗർഭിണികൾക്കും കുട്ടികൾക്കുമായാണ് ഒന്നാം നമ്പർ കൗണ്ടർ.
വെള്ളിയാഴ്ച ഇവിടെ വലിയ തിരക്കായിരുന്നു. സ്ത്രീകൾ, പുരുഷന്മാർ, വയോജനങ്ങൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകളുണ്ട്. ഒന്നു മാത്രമേ തുറക്കാറുള്ളൂ. ഇതാണ് തിരക്ക് കൂടാൻ കാരണം. ഓരോ കൗണ്ടറിലും കുറഞ്ഞത് മൂന്ന് വീതം ജീവനക്കാരെങ്കിലുമുണ്ടെങ്കിലേ രോഗികളുടെ തിരക്ക് ഒഴിവാക്കാനാകൂ.
500ൽ കൂടുതൽ രോഗികൾ മിക്ക ദിവസവും ആശുപത്രി ഒ.പിയിൽ എത്തുന്നുണ്ട്. ഡോക്ടർമാർ വേഗത്തിൽ പരിശോധിക്കുമ്പോൾ ഒ.പിക്ക് മുന്നിൽ കാര്യമായ തിരക്ക് ഉണ്ടാകാറില്ല. എന്നാൽ വിവിധ ഒ.പികളിൽനിന്നും രോഗികൾ ഫാർമസിക്ക് മുന്നിൽ എത്തുമ്പോൾ അതിനനുസരിച്ചുള്ള സൗകര്യം അവിടെ ഒരുക്കാത്തതാണ് പ്രശ്നം.
അതേസമയം, നിന്നുവലയുന്ന രോഗികൾ ബഹളമുണ്ടാക്കുമ്പോൾ കൂടുതൽ ജീവനക്കാർ എത്തുന്നതായും പറയപ്പെടുന്നു. ജീവനക്കാരുണ്ടായിട്ടും ഫാർമസിയിലേക്ക് അതിനാവശ്യമുള്ളവരെ ഡ്യൂട്ടിക്കിടുന്നില്ലെന്നും പരാതിയുണ്ട്. തിരക്കേറിയ സമയങ്ങളിലെങ്കിലും കൂടുതൽ ജീവനക്കാരെ ഫാർമസിയിൽ നിയോഗിച്ച് കൂടുതൽ കൗണ്ടറുകൾ തുറന്നാൽ മാത്രമേ ഇതിന് പരിഹാരമാവുകയുള്ളൂവെന്ന് ആശുപത്രിയിലെത്തുന്നവരും സാക്ഷ്യപ്പെടുത്തുന്നു.
ഒരോ ദിവസവും ആശുപത്രിയിലെത്തുന്ന നൂറുകണക്കിന് രോഗികളും അവരുടെ കൂടെയുള്ളവരും മരുന്ന് വാങ്ങാൻ ബുദ്ധിമുട്ടുമ്പോഴും ഇതിന് പരിഹാരം കാണാൻ അധികൃതർ തയാറാകുന്നില്ലെന്ന ആരോപണമാണുയരുന്നത്.
വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കും'
ആശുപത്രി ഒ.പിയിലെത്തുന്ന രോഗികളുടെ എണ്ണം വളരെ കൂടിയതാണ് തിരക്കിനുകാരണമെന്ന് ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ. ഫാർമസിയിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

