ബത്തേരി മുനിസിപ്പാലിറ്റിയിൽ ഇടത് തന്ത്രങ്ങൾ പാളി
text_fieldsസുൽത്താൻ ബത്തേരി: പത്തുവർഷത്തെ ഭരണശേഷം ഇത്തവണ മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫിന് തന്ത്രങ്ങൾ പാളി. യു.ഡി.എഫ് വൻ തിരിച്ചുവരവാണ് ഇവിടെ നടത്തിയത്. ആകെയുള്ള 36 ഡിവിഷനുകളിൽ 21 ഡിവിഷനുകളാണ് യു.ഡി.എഫ് നേടിയത്.
എൽ.ഡി.എഫ് 14 ഡിവിഷനുകളിൽ ഒതുങ്ങിയപ്പോൾ എൻ.ഡി.എ ഒരു ഡിവിഷനിൽ വിജയിച്ച് ഇരുമുന്നണികളെയും ഞെട്ടിച്ചു. കരിവള്ളിക്കുന്ന് എട്ടാം ഡിവിഷനിൽ നഗരസഭ ചെയർമാൻ ടി.കെ. രമേശിനെ ഇ.എ. പ്രീത തോൽപ്പിച്ചത് എൽ.ഡി.എഫ് പ്രതീക്ഷിക്കാത്തതാണ്. അഞ്ചുവർഷം നഗരസഭയിലെ എൽ.ഡി.എഫ് ഭരണത്തെ നയിച്ച ചെയർമാനെന്ന ഐക്കണുമായാണ് ടി.കെ. രമേശ് കരിവള്ളിക്കുന്നിലെത്തിയത്. ചിട്ടയായ പ്രചാരണം കാഴ്ച വെച്ചിട്ടും ചെയർമാന് അടിപതറുകയായിരുന്നു. നഗരസഭ വൈസ് ചെയർപേഴ്സൻ എൽസി പൗലോസ് സുൽത്താൻ ബത്തേരി ടൗൺ ഉൾപ്പെടുന്ന സുൽത്താൻ ബത്തേരി ഡിവിഷനിൽനിന്ന് തോറ്റതും യു.ഡി.എഫിന് വലിയ നേട്ടമായി. യു.ഡി.എഫ് സ്വതന്ത്രയായി മത്സരിച്ച സുലഭി മോസസാണ് രാഷ്ട്രീയ രംഗത്ത് നവാഗതയായിട്ടും വലിയ നേട്ടമുണ്ടാക്കിയത്. ബത്തേരിയിൽ സി.പി.എമ്മിന്റെ കൗൺസിലർ കൂടിയായ കെ. റഷീദ്. വേങ്ങൂർ സൗത്ത് ഡിവിഷനിൽനിന്ന് യൂത്ത് കോൺഗ്രസ് നേതാവ് പി. സംഷാദിനോടാണ് അദ്ദേഹം തോറ്റത്. ബാബു പഴുപ്പത്തൂർ, പി.പി. അയ്യൂബ്, ഷബീർ അഹമ്മദ്, ടി.കെ. മുസ്തഫ എന്നിവരുടെ തോൽവി നഗരസഭാ ഭരണം കിട്ടിയിട്ടും യു.ഡി.എഫിന് വലിയ തിരിച്ചടിയാണ്. കോൺഗ്രസിന്റെ ബത്തേരിയിലെ വലിയ നേതാവായിരുന്നു ബാബു പഴുപ്പത്തൂർ. എൻ.ഡി.എ സ്ഥാനാർഥി ജെ.പി. ജയേഷാണ് ഇവിടെ വിജയിച്ചത്.
33ാമത് ഡിവിഷൻ ചീനപുല്ലിൽ മുസ് ലിം ലീഗ് സ്ഥാനാർഥിക്കെതിരെ വിമതൻ രംഗത്തുവന്നത് ചർച്ചയായിരുന്നു. ത്രികോണ മത്സരം നടന്ന ഇവിടെ വിമത സ്ഥാനാർഥി നൗഷാദ് മംഗലശ്ശേരി വിജയിച്ചു. മുസ് ലിം ലീഗ് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ജോ. സെക്രട്ടറിയായിരുന്നു നൗഷാദ് മംഗലശ്ശേരി. അദ്ദേഹത്തെ തള്ളിയ ലീഗ് ഷബീർ അഹമ്മദിനെ ലീഗ് പരിഗണിച്ചു. ഇതോടെയാണ് നൗഷാദ് നേതൃത്വവുമായി ഇടഞ്ഞത്. നൗഷാദ് സ്ഥാനാർഥിത്വം പിൻവലിക്കാതെ വന്നതോടെ ലീഗ് നേതൃത്വം സ്ഥാനങ്ങളിൽനിന്ന് നീക്കിയിരുന്നു. ഷബീർ അഹമ്മദ് വിജയിക്കുമെന്ന് തന്നെയായിരുന്നു അവസാന നിമിഷം വരെ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
ബീനാച്ചിയിൽ സി.പി.എമ്മിന്റെ കെ.സി. യോഹന്നാനോട് മുസ് ലിം ലീഗിലെ ടി.കെ. മുസ്തഫയുടെ തോൽവി ലീഗ് പ്രതീക്ഷിച്ചിരുന്നില്ല. സത്രംകുന്ന് ഡിവിഷനിൽ എൽ.ഡി.എഫിന്റെ യു.പി. അബ്ദുൽഖാദർ കോൺഗ്രസിലെ നിസി അഹമ്മദിനെ തറപറ്റിച്ചതും യു.ഡി.എഫിനേറ്റ വലിയ തിരിച്ചടിയാണ്. ദൊട്ടപ്പൻകുളത്ത് സി.പി.എം സ്ഥാനാർഥി വിജയിച്ചത് എൻ.ഡി.എ വോട്ടുകൾ കൊണ്ടാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. ക്ലീൻ സിറ്റി, ഫ്ലവർ സിറ്റി മുദ്രാവാക്യത്തിൽ ഊന്നിയായിരുന്നു എൽ.ഡി.എഫ് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രകടനപത്രിക, വികസന സൂചിക എന്നിവ ഇറക്കിയും നിരവധി കാര്യങ്ങൾ എൽ.ഡി.എഫ് മുന്നോട്ടുവെച്ചു. സോഷ്യൽ മീഡിയ പ്രചാരണത്തിനായി പ്രത്യേക ടീമിനെ രംഗത്തിറങ്ങി. ഒന്നും വേണ്ടത്ര ഏശിയില്ലെന്നതാണ് ഫലം സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

