ഗവ. മെഡിക്കൽ കോളജിൽ വിദ്യാർഥികൾ പഠനം തുടങ്ങി
text_fieldsമാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളജിൽ ഒന്നാം വർഷ എം.ബി.ബി.എസ് ക്ലാസുകൾ ആരംഭിച്ചു. പ്രഥമ ബാച്ചിൽ 41 വിദ്യാർഥികളാണ് ഇതുവരെ അഡ്മിഷൻ എടുത്തത്. ഒക്ടോബർ മൂന്നിന് ഓൺലൈനായി ക്ലാസുകൾ തുടങ്ങി. ദേശീയ മെഡിക്കൽ കമീഷന്റെയും കേരള ആരോഗ്യ സർവകലാശാലയുടെയും നിർദേശ പ്രകാരം വിദ്യാർഥികൾക്ക് ഒക്ടോബർ 14 വരെ ഫൗണ്ടേഷൻ കോഴ്സ് നൽകും.
വിദ്യാർഥികളെ മെഡിക്കൽ പാഠ്യപദ്ധതിയെയും ആരോഗ്യ പരിപാലന സംവിധാനത്തെയും കുറിച്ച് ബോധവാന്മാരാക്കാൻ ലക്ഷ്യമിട്ടാണ് ഫൗണ്ടേഷൻ കോഴ്സ് ആരംഭിച്ചത്. ഫൗണ്ടേഷൻ കോഴ്സിന് ശേഷം തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ തുടങ്ങും. 17 ആൺകുട്ടികളും 21 പെൺകുട്ടികളുമാണ് ആദ്യ ദിനം കോളജിലെത്തിയത്. വിദ്യാർഥികൾക്കൊപ്പമെത്തിയ രക്ഷിതാക്കൾക്കും പ്രത്യേക ഓറിയന്റേഷൻ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.
വയനാട് മെഡിക്കൽ കോളജിൽ 50 എം.ബി.ബി.എസ് സീറ്റുകൾക്കാണ് ഈ വർഷം നാഷനൽ മെഡിക്കൽ മിഷന്റെ അനുമതി ലഭിച്ചത്. ഇതിൽ ഏഴെണ്ണം അഖിലേന്ത്യാ ക്വാട്ടയിൽ നിന്നുള്ള വിദ്യാർഥികൾക്കായി മാറ്റിവെച്ചിട്ടുണ്ട്. ബാക്കി സീറ്റുകൾ സംസ്ഥാനത്തു നിന്നുള്ള വിദ്യാർഥികൾക്കാണ്. പ്രവേശന നടപടികൾ പുരോഗമിക്കുകയാണ്.

