സംസ്ഥാന കാർഷിക അവാർഡ്; നേട്ടങ്ങളുടെ ചുരം കയറി വയനാട്
text_fieldsജ്യോതി സി. ജോർജ്, പി.ഡി രാജേഷ്
മീനങ്ങാടി: കാർഷിക വികസന ക്ഷേമ വകുപ്പിന്റെ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ വയനാടിന് പൊൻതിളക്കം. മികച്ച പ്രവർത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു നൽകുന്ന സി. അച്യുതമേനോൻ സ്മാരക പുരസ്കാരം മീനങ്ങാടി ഗ്രാമപഞ്ചായത്തിനാണ്. മീനങ്ങാടി കൃഷിഭവനിലെ ജ്യോതി സി ജോർജ് സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ കൃഷി ഓഫിസറായും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മികച്ച കൃഷിഭവനുള്ള പുരസ്കാരവും മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവനായിരുന്നു. 10 ലക്ഷം രൂപയും ഫലകവും പ്രശംസപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ചിങ്ങം ഒന്നിന് തൃശൂർ തേക്കിൻകാർഡ് മൈതാനത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം വിതരണം ചെയ്യും.
സുസ്ഥിര കാർഷിക വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മാതൃകയായ പദ്ധതികളാണ് ഗ്രാമപഞ്ചായത്തിന് അംഗീകാരം നേടിക്കൊടുത്തത്. കാർബൺ ന്യൂട്രൽ പുരസ്കാരം നേടിയ മീനങ്ങാടി, കാർഷിക മേഖലക്ക് ഏറ്റവും കൂടുതൽ ധനവിനിയോഗം നടത്തിയ പഞ്ചായത്തായും ശ്രദ്ധ നേടിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷമായി കാർഷിക വികസനം, ഉൽപാദനക്ഷമത വർധിപ്പിക്കൽ, പ്രാദേശിക കർഷകർക്ക് പിന്തുണ എന്നിവയിൽ ഗ്രാമപഞ്ചായത്ത് മുൻതൂക്കം നൽകി പ്രവർത്തിച്ചു.
പ്രതിവർഷം ഉത്പാദന മേഖലയിൽ നിർബന്ധിതമായി വകയിരുത്തേണ്ട തുകയേക്കാൾ ഇരട്ടി തുക കാർഷിക മേഖലക്കായി മീനങ്ങാടി പഞ്ചായത്ത് വകയിരുത്തി. മനുഷ്യ നിർമിത ഹരിത ശ്വാസകോശം എന്നറിയപ്പെടുന്ന ഓക്സിജൻ പാർക്കിന്റെ നിർമാണവും പുരസ്കാരം നേടാൻ പ്രധാന പങ്കുവഹിച്ചു. ഓക്സിജൻ പാർക്കുവഴി 11520 ടൺ കാർബൺഡൈക്സൈഡ് സ്വാംശീകരിക്കുവാനും 43200 കിലോ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയുന്നു.
വിവിധ ക്ലസ്റ്ററുകറായി തിരിച്ച് കൃഷിയിടങ്ങളിലെ മണ്ണ് പരിശോധിക്കുന്നുണ്ട്. സോയിൽ ഹെൽത്ത് കാർഡും സോയിൽ ഫെർട്ടിലിറ്റി മാപ്പും തയാറാക്കി. ഓർഗാനിക് കാർബണിന്റെ കുറവ് പരിഹരിക്കുന്നതിനായി ന്യൂട്രി ഫിഷ് ജൈവവളം വിതരണം ചെയ്തു. പരിസ്ഥിതി സൗഹൃദ കാർഷിക രീതിക്ക് സന്നദ്ധരായ 500 കർഷകരെ പരിശീലനം നൽകി തയാറാക്കി. കിഴങ്ങുകളും സൂക്ഷ്മാണു വളങ്ങളുമടക്കം വിതരണം ചെയ്തു. മണ്ണൊരുക്കം പദ്ധതി നടത്തി. കുട്ടികളിൽ കാർഷിക അഭിരുചിയും സ്വയം സമ്പാദ്യശീലവും വളർത്തിയെടുക്കുക എന്ന് ഉദ്ദേശത്തോടെ ആരംഭിച്ച സ്കൂൾ പൗൾട്രി പദ്ധതിയും ശ്രദ്ധ നേടി.
കൃഷിക്കൂട്ട വികസനത്തിന്റെ ഭാഗമായി മൂല്യ വർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിന് ആവശ്യമായ കറ്റാർവാഴ ഉത്പാദിപ്പിക്കുകയും അതിൽ നിന്നും ഫേസ് വാഷ് കറ്റാർവാഴ ജെല്ല് എന്നിവ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടലുകളും നടത്തി. പ്രവർത്തനം നിലച്ചുപോയ കാർഷിക കർമ സേനയെ പുനരുജ്ജീവിപ്പിച്ചു. റെഡി ടു പ്ലാൻറ് ബോട്ടിങ് മിശ്രിതങ്ങൾ നിർമിച്ചു. കുരുമുളക് കർഷകരെ അലട്ടുന്ന ദുരിതവാട്ടത്തിന് പ്രതിരോധ മാർഗമായി ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം ഉത്പാദിപ്പിച്ചു വിതരണം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു ലക്ഷത്തിലധികം തൈകൾ ഉത്പാദിപ്പിച്ചു. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് ആവശ്യമായ മരുന്നുകൾ കൃഷിഭവൻ മുഖാന്തരം വിതരണം ചെയ്തു.
‘മണ്ണറിയാം കൃഷി ചെയ്യാം’ എന്ന കാർഷിക പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി കർഷകർക്ക് അവരുടെ മണ്ണിലെ പോഷക ഘടകങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ലഭ്യമാക്കി.
തരിശുഭൂമി കൃഷിക്ക് അനുയോജ്യമാക്കാനുള്ള പദ്ധതിയിൽ 2023-24 വർഷം 3.6 ഹെക്ടർ നെൽകൃഷിയും, 2024-25ൽ 2.4 ഹെക്ടർ നെൽകൃഷിയും 4 ഹെക്ടർ കാലിത്തീറ്റ കൃഷിയും നടപ്പിലാക്കി. രണ്ടു ലക്ഷം കാപ്പിത്തൈകൾ, 10,000 തെങ്ങിൻ തൈകൾ, 10,000 നാരങ്ങ തൈകൾ, ജിയോ ടെക്സ്റ്റൈൽ കുളങ്ങൾ, നദീതീര ലൈനിങ്, വ്യക്തിഗത കർഷകർക്ക് കൃഷിക്കുളങ്ങൾ, കനാൽ നവീകരണം, മഴവെള്ള സംഭരണിയിലൂടെ കിണർ റീചാർജ് സംവിധാനങ്ങൾ തുടങ്ങി അനേകം പ്രവർത്തനങ്ങൾ നടപ്പാക്കി.
എൻജിനീയർ കൃഷി വിഭാഗത്തിൽ പി.ഡി. രാജേഷിന് പുരസ്കാരം
കൽപറ്റ: എൻജിനീയർ കൃഷി വിഭാഗത്തിൽ വയനാട് കൃഷി അസിസ്റ്റന്റ് എൻജിയര് പി.ഡി. രാജേഷിനാണ് പുരസ്കാരം. താഴെ മുട്ടിലിൽ താമസിക്കുന്ന ഇദ്ദേഹം 2014 മുതൽ കണിയാമ്പറ്റ മില്ലുമുക്കിലെ അസിസ്റ്റന്റ് എക്സിക്യുട്ടിവ് അഗ്രികൾച്ചറൽ ഓഫിസറുടെ ചുമതല വഹിക്കുകയാണ്.
2011 മുതൽ ജില്ലയിലുള്ള നിരവധി കാർഷിക ജലസേചന പദ്ധതികളുടെ ആസൂത്രണം നടത്തിയത് ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ്. കർഷകർക്കും വിദ്യാർഥികൾക്കും കാർഷികമേഖലയിലെ എൻജിനീയറിങുമായി ബന്ധപ്പെട്ട ക്ലാസുകൾ എടുക്കുന്നുണ്ട്. വകുപ്പുതലത്തിലുള്ള വിവിധ പരിശീലനങ്ങൾക്കും നേതൃത്വം നൽകുന്നു. രജനി കൃഷ്ണയാണ് ഭാര്യ. മക്കൾ: അവന്തിക രാജേഷ്, അപർണിക രാജേഷ്.
വിടാതെ പാരമ്പര്യം, ചിത്തിരക്ക് സംസ്ഥാന അംഗീകാരം
മാനന്തവാടി: പാരമ്പര്യ നെൽ വിത്തിനങ്ങളെ തലമുറക്ക് പരിചയപ്പെടുത്തിയ തിരുനെല്ലി പഞ്ചായത്തിലെ ചിത്തിര ജെ.എൽ.ജി കൂട്ടായ്മക്ക് സംസ്ഥാന കാർഷിക അവാർഡ്. ‘ബത്തഗുഡ്ഡേ’ എന്ന പേരിൽ അടുമാരി പാടശേഖരത്തിൽ 208 നെൽ വിത്തുകൾ നട്ട് ഇവർ സംരക്ഷിച്ചിരുന്നു.
ഞവര, പാല് തൊണ്ടി, നാരികേള, ഇരുണിക്കയമ, മല്ലിക്കുറുവ, മാകരി, ഗന്ധകശാല, ജീരകശാല, കാക്കിശാല റെഡ് ജാസ്മിൻ, വൈറ്റ് ജാസ്മിൻ തുടങ്ങിയ പത്തോളം സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ച 208 നെൽവിത്തിനങ്ങളാണ് ഇവർ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ സഹായത്തോടെ കൃഷിയിറക്കിയത്. ഓരോ വർഷവും കൃഷിക്കിറക്കുന്ന വിത്ത് അടുത്തവർഷം കൂടുതൽ സ്ഥലത്ത് നട്ട് ഇവർ വംശനാശം വരാതെ വിത്ത് കാത്തുസംരക്ഷിക്കുന്നു.
തികച്ചും ജൈവരീതിയിൽ കൃഷിയിറക്കിയ പാരമ്പര്യ നെൽ വിത്തിനങ്ങൾ പൊതുജനത്തിന് പരിചയപ്പെടുത്തുവാൻ ‘ബത്തഗുഡ്ഡേ’ എന്ന പേരിൽ പൈതൃക നെൽവിത്ത് സംരക്ഷണ കേന്ദ്രവും നടത്തുന്നുണ്ട്. ചിത്തിര ജെ.എൽ.ജിയിലെ പത്ത് അടിയ വിഭാഗത്തിലെ വനിതകളാണ് ഒരേക്കർ സ്ഥലത്ത് കൃഷി നടത്തുന്നത്. തിറ്ഗലെ എന്ന പേരിൽ ഫെസ്റ്റും ഇവർ നടത്തുന്നു.
സ്പെഷൽ സ്കൂൾ വിഭാഗത്തിൽ ‘എമ്മാവൂസ് വില്ല’ക്ക് പുരസ്കാരം
മാനന്തവാടി: കേരളത്തിലെ ഏറ്റവും മികച്ച കാർഷിക വിദ്യാലയ സ്പെഷൽ സ്കൂളിനുള്ള അവാർഡ് എമ്മാവൂസ് വില്ല സ്പെഷൽ സ്കൂളിന്. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി കഴിഞ്ഞ 44 വർഷങ്ങളായി മലബാർ മിഷനറി ബ്രദേഴ്സിന്റെ നേതൃത്വത്തിൽ മാനന്തവാടി തോണിച്ചാലിൽ എമ്മാവൂസ് വില്ല പ്രവർത്തിക്കുന്നു. 114 കുട്ടികളാണ് പഠനവും പരിശീലനവും നേടുന്നത്.
എടവക കൃഷിഭവന്റെ സഹായത്തോടെ മികച്ച രീതിയിൽ പച്ചക്കറികളും വാഴ ചേന ചേമ്പ് കപ്പ തുടങ്ങിയവ കൃഷി ചെയ്യുന്നു. പശു ഫാം, കോഴി ഫാം, മീൻ കൃഷി, പൂന്തോട്ടം എന്നിവയും പ്രവർത്തിക്കുന്നു.
മാനേജർ ബ്രദർ. പീറ്റർ ദാസ് എം.എം.ബി, പ്രിൻസിപ്പൽ സിസ്റ്റർ ജെസ്സി ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ധരായ അധ്യാപകർ കുട്ടികൾക്ക് പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നൽകിവരുന്നു. 2024-25 സംസ്ഥാനത്തെ മികച്ച സ്പെഷൽ സ്കൂളിനുള്ള അവാർഡ് എമ്മാവൂസ് വില്ല നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

