ഈ അവഗണന എങ്ങനെ സഹിക്കും? പ്രതിഷേധത്തിനൊരുങ്ങി കായിക അധ്യാപകർ
text_fieldsകൽപറ്റ: കാലങ്ങളായി തുടരുന്ന അവഗണക്കെതിരെ ജില്ല സ്കൂൾ കായിക മേളക്കിടെ പ്രതിഷേധത്തിനൊരുങ്ങി കായിക അധ്യാപകർ. 65 വർഷം മുമ്പുള്ള കായികാധ്യാപക തസ്തിക നിർണയ മാനദണ്ഡം പരിഷ്കരിക്കാൻ ബന്ധപ്പെട്ടവർ തയാറാകാത്തതും വിദ്യാർഥി-അധ്യാപക അനുപാതം ക്രമീകരിക്കാത്തതിലും ശമ്പള വിവേചനവും ഉൾപ്പടെയുള്ള വിഷയങ്ങളുയർത്തിയാണ് പ്രതിഷേധത്തിനൊരുങ്ങുന്നത്. നേരത്തേ ജില്ല കായികമേളയിൽ ഉത്തരവാദിത്തമേറ്റെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്നു വെക്കുകയായിരുന്നു.
യു.പി സ്കൂളിൽ 500 വിദ്യാർഥികൾക്ക് ഒരു കായികാധ്യാപകൻ എന്ന നിലക്കാണ് തസ്തിക. 499 കുട്ടികളാണെങ്കിൽ പോലും തസ്തികയില്ലാതാകും. ഇതോടെ ആ സ്കൂളിൽ കായിക അധ്യാപകനെ ഒഴിവാക്കുകയും കുട്ടികളുടെ കഴിവുകൾ പുറത്തെടുക്കാനുള്ള സാഹചര്യവും പരിശീലവും കുറയും. അതേസമയം, 1000 കുട്ടികളുണ്ടെങ്കിലും ഒരു തസ്തിക മാത്രമേ ഒരു യു.പി സ്കൂളിൽ അനുവദിക്കൂ. ഹൈസ്കൂളിൽ എട്ട്,ഒമ്പത് ക്ലാസുകളിൽ കുറഞ്ഞത് അഞ്ച് ഡിവിഷനുകളുണ്ടെങ്കിലേ കായികാധ്യാപക തസ്തിക അനുവദിക്കൂ. ഇത്തരത്തിൽ നിരവധി അധ്യാപകരുടെ ജോലി നഷ്ടപ്പെടുന്നതായി സംഘടനാ നേതാക്കൾ പറയുന്നു.
ജില്ലയിൽ മാത്രം അര ഡസനോളം സ്കൂളുകളിൽ കായിക അധ്യാപക തസ്തിക നഷ്ടമായിട്ടുണ്ട്. 60 കായിക അധ്യാപകരാണ് നിലവിൽ ജില്ലയിലുള്ളത്. പല അധ്യാപകർക്കും യു.പി, ഹൈസ്കൂൾ, പ്ലസ് ടു ക്ലാസുകളിലെ മുഴുവൻ കായിക പഠനവും ഏറ്റെടുക്കേണ്ട അവസ്ഥയാണ്. ജോലി ഭാരം വളരെ കൂടുതലാണെങ്കിലും ഹൈസ്കൂൾ കായിക അധ്യാപകർക്ക് യു.പി സ്കൂൾ അധ്യാപകരുടെ ശമ്പളം മാത്രമാണ് ലഭിക്കുന്നത്. പ്രമോഷനുമില്ല.
ഇതെല്ലാം കായിക അധ്യാപകരോടുള്ള വിവേചനത്തിന് ഉദാഹരണമായി അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 65 പഴക്കമുള്ള അശാസ്ത്രീയ മാനദണ്ഡങ്ങലും ചട്ടങ്ങളും പരിഷ്കരിക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്നാണ് ഇവർ പറയുന്നത്. ഈ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ പല ജില്ലകളിലും കായികാധ്യാപകർ ജില്ല കായിക മേള ചുമതലയിൽനിന്ന് വിട്ടു നിന്നിരുന്നു. എന്നാൽ, വയനാട്ടിൽ ചൊവ്വാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം മരവയൽ സ്റ്റേഡിയത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് ആലോചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

