കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫിസർ പിടിയിൽ
text_fieldsകൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ സ്പെഷൽ വില്ലേജ്
ഓഫിസർ ഇ.കെ. ചന്ദ്രൻ
എരുമപ്പെട്ടി: കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫിസറെ വിജിലൻസ് പിടികൂടി. കോട്ടപ്പുറം-ചിറ്റണ്ട ഗ്രൂപ് വില്ലേജിലെ സ്പെഷൽ ഓഫിസർ വേലൂർ നടുവലങ്ങാടി എടക്കളത്തൂർ വീട്ടിൽ ചന്ദ്രനെയാണ് തൃശൂർ വിജിലൻസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കുണ്ടന്നൂരിലെ വില്ലേജ് ഓഫിസിന് സമീപം കാറിൽ വെച്ച് പണം കൈമാറുന്നതിനിടയിലാണ് പിടിയിലായത്. കൈക്കൂലി വാങ്ങിയ 10,000 രൂപയും കാറും കസ്റ്റഡിയിലെടുത്തു. ചിറ്റണ്ട സ്വദേശി രാജന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ പത്ത് തേക്ക് മരങ്ങൾ മരക്കച്ചവടക്കാരനായ കാഞ്ഞിരക്കോട് ഷറഫുദ്ദീൻ വാങ്ങിയിരുന്നു.
ഈ മരങ്ങൾ മുറിക്കാനുള്ള പെർമിറ്റ് പാസ് അനുവദിക്കാൻ വില്ലേജ് ഓഫിസിൽ സമീപിച്ചപ്പോൾ വില്ലേജ് ഓഫിസർ ഇൻ ചാർജായ സീനിയർ ക്ലർക്ക് ചന്ദ്രൻ 2,000 രൂപ ആവശ്യപ്പെടുകയും അത് നൽകുകയും ചെയ്തു.
പിന്നീട് മരങ്ങൾ കാണണമെന്ന് പറഞ്ഞു. വെള്ളിയാഴ്ച മരങ്ങൾ കണ്ടശേഷം ഒരു മരത്തിന് 1000 രൂപ നിരക്കിൽ 10,000 രൂപ കൂടി കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു. ഷറഫുദ്ദീൻ ഈ വിവരം തൃശൂർ വിജിലൻസ് ഓഫിസിൽ അറിയിച്ചു.
തുടർന്നാണ് വിജിലൻസിന്റെ നിർദേശപ്രകാരം ചൊവ്വാഴ്ച രാവിലെ വില്ലേജ് ഓഫിസിന് സമീപം ഓഫിസർക്ക് പണം നൽകിയത്. പണം വാങ്ങുന്നതിനിടെ പരിസരത്ത് ക്യാമ്പ് ചെയ്തിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ ചന്ദ്രനെ പിടികൂടുകയായിരുന്നു.
തൃശൂർ വിജിലൻസ് ഡിവൈ.എസ്.പി സി.ഐ. ജിംപോൾ, സി.ഐ പി.എസ്. സുനിൽകുമാർ, സി.പി.ഒമാരായ കെ.വി. വിബീഷ്, ഷൈജു സോമൻ, പി.ടി. അരുൺ എന്നിവരടങ്ങിയ സംഘമാണ് നടപടിക്ക് നേതൃത്വം നൽകിയത്. അറസ്റ്റിലായ പ്രതിയെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

