ദേശീയപാതയിൽ മുട്ടിൽ -വാര്യാട് ഭാഗത്ത് സുരക്ഷ ഒരുക്കാൻ പ്രത്യേക യോഗം
text_fieldsകൽപറ്റ നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവൃത്തികളുമായി ബന്ധപ്പെട്ട ടി. സിദ്ദീഖ് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗം
കല്പറ്റ: കൽപറ്റ നിയോജകമണ്ഡലത്തിലെ പി.ഡബ്ല്യൂ.ഡി റോഡ്, ബില്‍ഡിങ്, പാലം പ്രവൃത്തികളുടെ അവലോകന യോഗം കല്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ദീഖിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റിൽ നടന്നു. ചില സാങ്കേതിക പ്രശ്നങ്ങളാല്‍ പ്രവൃത്തി നിര്‍ത്തിവെച്ച കല്പറ്റ ബൈപാസ് റോഡിന്റെ മണ്ണു പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിച്ചു. അതിന്റെ ഡിസൈന്‍ തയാറാക്കാന്‍ ഡിസൈനിങ് വകുപ്പിനെ ചുമതലപ്പെടുത്തി. ഒരാഴ്ചക്കകം ഡിസൈനിങ് ലഭ്യമാക്കാനും രണ്ടാഴ്ചക്കുള്ളിൽ പ്രപ്പോസല്‍ സമർപ്പിക്കാനും യോഗത്തിൽ കെ.ആര്.എഫ്.ബിയെ ചുമതലപ്പെടുത്തി. കൂടാതെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ബൈപാസ് റോഡിന്റെ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തി വേഗത്തിൽ പൂര്‍ത്തികരിച്ച് ഗതാഗതയോഗ്യമാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
കാലവര്‍ഷം കാരണം പ്രവൃത്തി നിര്‍ത്തിവെച്ച ദേശീയപാതയുടെ കല്പറ്റ ടൗണ്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികളുടെ അവശേഷിക്കുന്ന ഭാഗം നവംബറിൽ പൂര്‍ത്തിയാക്കണമെന്നും ദേശീയപാതയുടെ വീതികൂട്ടലിന്റെ ഭാഗമായി കല്പറ്റ നിയോജകമണ്ഡലത്തില്‍ റോഡ് കടന്നുപോകുന്ന സ്ഥലങ്ങളിലെ ഭൂമി ഏറ്റെടുക്കല്‍ നടപടി അടിയന്തരമായി ആരംഭിക്കണമെന്നും എം.എല്‍.എ യോഗത്തില്‍ നിർദേശിച്ചു.മേപ്പാടി-ചൂരല്‍മല റോഡില്‍ എച്ച്.എം.എല്ലിന്റെ ഭാഗമായിട്ടുള്ള 6.6 കി. മീറ്റര്‍ നിലവിലെ വീതി വെച്ച് പ്രവൃത്തി പൂര്‍ത്തീകരിക്കാനും ബാക്കിയുള്ള ഭാഗങ്ങളില്‍ നേരത്തെ തീരുമാനിച്ചതുപോലെ വീതി കൂട്ടി പ്രവൃത്തി നടത്താനും അതിന്റെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റ് റീകാസ്റ്റ് ചെയ്തു സാങ്കേതികാനുമതി വാങ്ങാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിർദേശം നല്കി.
കല്പറ്റ-ബത്തേരി റോഡിലെ മുട്ടില്‍ മുതൽ വാര്യാട് വരെയുള്ളഭാഗത്ത് വാഹനാപകടങ്ങള്‍ പതിവുസംഭവമായി മാറിയിരിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞിട്ടുള്ളത്. നിരന്തരമുണ്ടാകുന്ന അപകടത്തിന് ശാശ്വത പരിഹാരം കാണുന്നതിനും സുരക്ഷ ഒരുക്കുന്നതിനും ഈ മാസം ഏഴിന് എം.എല്‍.എ യുടെ നേതൃത്വത്തില്‍ കലക്ടറും, ദേശീയപാത അധികൃതരും, റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഒരു യോഗം വിളിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കാടുകള്‍ വെട്ടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ബില്‍ഡിങ്സ്, റോഡ്സ്, ബ്രിഡ്ജസ് തുടങ്ങിയ എല്ലാ പ്രവൃത്തികളെക്കുറിച്ചും ചർച്ച ചെയ്തു.
യോഗത്തിൽ പി.ഡബ്ല്യൂ.ഡി റോഡ്സ് എക്സിക്യൂട്ടിവ് എൻജിനീയർ ഗോകുൽദാസ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർ നിധിൽ, പി.ഡബ്ല്യൂ.ഡി കെട്ടിട വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ സുനിത, ദേശീയപാത അസി.എക്സിക്യൂട്ടിവ് എൻജിനീയർ റെനി, പി.ഡബ്ല്യൂ.ഡി റോഡ്സ് അസി.എൻജിനീയർ വിന്നി ജോൺ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

