പാമ്പ് പിടുത്തത്തിൽ "വാവ..! സ്നേഹപ്രഭ'
text_fieldsസ്‌നേഹപ്രഭ പാമ്പിനെ പിടികൂടുന്നു
കുന്ദമംഗലം: കേരളമൊന്നാകെ പാമ്പുകൾ മാളത്തിൽനിന്ന് വീടുകളിലേക്ക് വരുന്ന ഇക്കാലത്ത് പാമ്പ് പിടുത്തക്കാർക്ക് തിരക്കേറുകയാണ്. പാമ്പ് പിടുത്തക്കാരിയായ ചാത്തമംഗലം വെള്ളനൂർ സ്വദേശി സ്നേഹപ്രഭ പാമ്പ് പിടുത്തത്തിന്റെ തിരക്കിലാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി അവർക്ക് നിരവധി സ്ഥലത്തുനിന്ന് പാമ്പിനെ പിടിക്കണമെന്നാവശ്യപ്പെട്ട് ഫോൺ വിളികൾ വരുന്നുണ്ട്. സ്വന്തം നാടായ വെള്ളനൂരിൽനിന്നും പരിയങ്ങാട്, ഇഷ്ടിക ബസാർ തുടങ്ങി വിവിധ ഇടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പാമ്പിനെ പിടിക്കാൻ സ്നേഹപ്രഭ പോയിട്ടുണ്ട്. ജില്ലയിലെ സ്നേക് റെസ്ക്യൂവർമാരിൽ ആകെയുള്ള രണ്ട് വനിതകളിൽ ഒരാളാണ് സ്നേഹപ്രഭ.
പാമ്പ് പിടിക്കാൻ രാത്രിയിലാണ് കൂടുതൽ ആളുകളുടെ വിളി വരാറുള്ളത്. എല്ലായിടത്തും എല്ലാ സമയത്തും അവർ എത്താൻ ശ്രമിക്കാറുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ വെള്ളനൂരിൽ പാമ്പിനെ പിടിക്കാൻ പോയി തിരിച്ചു വന്നപ്പോൾ രാത്രി 11.30 ആയി. അതേ വീട്ടുകാരൻ വീണ്ടും അവിടെ പാമ്പ് ഉണ്ടെന്ന് പറഞ്ഞു സ്‌നേഹപ്രഭയെ വിളിക്കുകയും അർധ രാത്രിയിൽ അവർ വീണ്ടും പോയി പാമ്പിനെ പിടികൂടുകയും ചെയ്തു. മൂർഖൻ പാമ്പുകളാണ് ഇത്തവണ കൂടുതലായി കാണപ്പെടുന്നത്. പാമ്പിനെ പിടിക്കാൻ ഏതു സമയത്തും വിളിച്ചാൽ പോകാൻ തയാറാണ് 62കാരിയായ സ്‌നേഹപ്രഭ. പ്രതികൂലവും ദുഷ്കരവുമായ സാഹചര്യങ്ങളിൽ പോലും ധൈര്യമായി ഇറങ്ങിച്ചെന്ന് അതിസാഹസികമായി പാമ്പുകളെ പിടികൂടാൻ അവർ കാട്ടുന്ന മിടുക്ക് ശ്രദ്ധേയമാണ്. ഏപ്രിൽ, മെയ് മാസങ്ങളിലാണ് പാമ്പുകൾ കൂടുതലായും വിരിയുന്നതും പ്രസവിക്കുന്നതും. പാമ്പുകൾക്ക് കഴിയാൻ താവളങ്ങൾ കുറഞ്ഞു വരുന്നതും കനത്ത ചൂടുമാണ് വീടുകളിലേക്കും ബെഡ് റൂമിലേക്കും വരെ പാമ്പുകൾ എത്താൻ കാരണം. നാട്ടിൽ വിവിധ സേവനപ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ സ്‌നേഹപ്രഭ മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ നിരവധി സംസ്ഥാന, ദേശീയ മെഡലുകൾ നേടിയിട്ടുണ്ട്. വെള്ളനൂരിൽ സ്വന്തമായി തുടങ്ങിയ സ്‌നേഹപ്രഭ സ്വിമ്മിങ് അക്കാദമിയിൽ നീന്തൽ പരിശീലനം നടത്തുകായാണ് സ്‌നേഹപ്രഭ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

