മുതിര്‍ന്നവരുടെ കരുതല്‍ വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും
text_fieldsകൽപറ്റ: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വർധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ മുതിര്‍ന്നവരുടെ കരുതല്‍ വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.സക്കീന. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ല മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ അടിയന്തരമായി നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ജൂണ്‍ 15ന് ബുധനാഴ്ച ഉച്ചക്ക് മൂന്നുവരെ 37,522 പേരാണ് കരുതല്‍ ഡോസ് വാക്സിന് സ്വീകരിച്ചത്. അന്നുമാത്രം 18 പേര് കരുതല്‍ ഡോസെടുത്തു. 18 വയസ്സിന് മുകളിലുള്ള 6,59,698 പേര് ജില്ലയിലുണ്ട്. ജൂണ്‍ 15 വരെ 18 വയസ്സിന് മുകളിലുള്ള 6,91,085 പേര് ആദ്യ ഡോസ് വാക്സിനും (104.76 ശതമാനം- ജില്ലക്ക് പുറത്തുനിന്ന് എത്തിയവര്‍ ഉള്‍പ്പെടെ) 6,10,477 പേര് രണ്ടാം ഡോസ് വാക്സിനും (92.54 ശതമാനം) സ്വീകരിച്ചു.
ജില്ലയില്‍ 15നും 17നും ഇടയില്‍ പ്രായമുള്ള 29,245 കുട്ടികളാണുള്ളത്. ഈ പ്രായത്തിനിടയിലുള്ള 36,394 കുട്ടികള്‍ ഒന്നാം ഡോസും (124.45 ശതമാനം) 24,027 കുട്ടികള്‍ രണ്ടാം ഡോസ് (82.16 ശതമാനം) വാക്സിനേഷനുമെടുത്തു. 12നും 14നും ഇടയില്‍ പ്രായമുള്ള 27,857 കുട്ടികളില്‍ 16,249 പേര് ഒന്നാം ഡോസ് വാക്സിന് (58.33 ശതമാനം) സ്വീകരിച്ചു. 4,803 കുട്ടികളാണ് രണ്ടാം ഡോസ് വാക്സിന് (17.24 ശതമാനം) സ്വീകരിച്ചത്.