കള്ളവോട്ടിനെതിരെ നിയമനടപടിയുമായി സ്കൂൾ പ്രിൻസിപ്പൽ
text_fieldsമുട്ടിൽ: നിയമസഭ തെരഞ്ഞെടുപ്പിൽ ബൂളിങ് ബൂത്തിലെത്തിയ സ്കൂൾ പ്രിൻസിപ്പലിന് വോട്ട് ചെയ്യാനാകാതെ മടങ്ങേണ്ടി വന്നു. മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ.ടി. അഷ്റഫിന്റെ വോട്ടാണ് അദ്ദേഹം ബൂത്തിൽ എത്തുന്നതിന് മുമ്പ് മറ്റാരോ ചെയ്തത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് അഷറഫ് വോട്ട് ചെയ്യാനായി മുട്ടിൽ വ്യവസായ കേന്ദ്രത്തിലെ 70ാം നമ്പർ ബൂത്തിൽ എത്തിയത്. എന്നാൽ വോട്ട് ചെയ്യാൻ സ്ലിപ്പ് നൽകിയപ്പോഴാണ് അദ്ദേഹത്തിന്റെ വോട്ട് ചെയ്തതായി ഓഫിസർ അറിയിച്ചത്. തന്റെ വോട്ട് മറ്റാരോ ചെയ്തത് സംബന്ധിച്ച് റിട്ടേണിങ് ഓഫിസർക്ക് അഷ്റഫ് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാരായി ബൂത്തിൽ ഇരിക്കുന്നവരെല്ലാം അഷ്റഫിനെ വർഷങ്ങളായി അടുത്തറിയുന്നവരാണ്. എന്നിട്ടും തന്റെ പേരിൽ കള്ളവോട്ട് ചെയ്തത് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് ഡോ. അഷ്റഫ് ‘മാധ്യമ’ത്തോട് പറഞ്ഞു.
തന്റെ വോട്ട് മറ്റാരോ ചെയ്തതിനെ നിയമപരമായി നേരിടാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ടെണ്ടർ വോട്ട് രേഖപ്പെടുത്തിയ അദ്ദേഹം റസീറ്റുമായി കൽപറ്റ നിയോജക മണ്ഡലം റിട്ടേണിങ് ഓഫിസറായ ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിലെത്തി പരാതി നൽകിയിട്ടുണ്ട്.
ഫസ്റ്റ് പോളിങ് ഓഫിസർ, പ്രിസൈഡിങ് ഓഫിസർ എന്നിവരുടെ കൃത്യവിലോപമാണ് വോട്ട് നഷ്ടപ്പെടാൻ കാരണമെന്നാണ് പരാതിയിലെ ആരോപണം. ഇവർക്കെതിരെ നടപടിയെടുക്കണമെന്നും വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് തന്റെ വോട്ട് അപഹരിച്ചയാളെ കണ്ടെത്തി ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

