ബംഗളൂരു: പുലർച്ചെ ഫിറ്റ്നെസ് സെൻററിലേക്ക് ഇരുചക്രവാഹനത്തിൽ പോകുന്നതിനിടെ മലയാളി യുവാവിനുനേരെ ആക്രമണം. ബൈക്കിലെത്തിയ രണ്ടംഗ സംഘം തടഞ്ഞുനിർത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി െമാബൈൽ ഫോണും പണവും തട്ടിയെടുത്തു. കലാസിപാളയ പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വയനാട് സ്വദേശി മുഹമ്മദ് സുഫിയാനാണ് ആക്രമണത്തിനിരയായത്.
ശനിയാഴ്ച പുലർച്ചെ നാലരയോടെ കെംപെഗൗഡ ആശുപത്രിക്ക് സമീപമാണ് സംഭവം. മുഹമ്മദ് സുഫിയാനെ ബൈക്കിൽ പോകുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ സംഘം തടഞ്ഞുവെക്കുകയായിരുന്നു.തുടർന്ന് നെഞ്ചത്ത് കത്തിവെച്ച് ഭീഷണിപ്പെടുത്തി. കൈയിലുള്ള പണവും മൊബൈൽ ഫോണും ആവശ്യപ്പെട്ടു. 1,800 രൂപയും 21,000 രൂപയുടെ മൊബൈലും തട്ടിയെടുത്തശേഷം മുഹമ്മദ് സുഫിയാെൻറ ബൈക്കിെൻറ താക്കോലും എടുത്താണ് അക്രമികൾ പോയത്. തുടർന്ന് സുഫിയാൻ ബൈക്ക് തള്ളി കലാസിപാളയത്ത് എത്തുകയായിരുന്നു. കെ.എം.സി.സി പ്രവർത്തകരെ വിവരം അറിയിച്ച് പൊലീസിൽ പരാതി നൽകി.