അനുമതിയില്ലാതെ ഭൂമി തരംമാറ്റം; നടപടിയുമായി റവന്യൂ വകുപ്പ്
text_fieldsഅനുമതിയില്ലാതെ തോട്ടം വെട്ടി മണ്ണുനിരത്തിയ ഭൂമി
പുൽപള്ളി: പുൽപള്ളി, പാടിച്ചിറ വില്ലേജുകളിൽ ഭൂമി കച്ചവടത്തിന്റെ പേരിൽ നടക്കുന്ന വ്യാപക ഭൂമി തരംമാറ്റത്തിനെതിരെ റവന്യൂ വകുപ്പ് നടപടികളാരംഭിച്ചു. കടുത്ത വരൾച്ചയും മഴക്കുറവും നേരിടുന്ന പ്രദേശങ്ങളിലെ തോട്ടങ്ങൾ വാങ്ങുന്നവർ സ്ഥലത്തെ മുഴുവൻ മരങ്ങളും കൃഷിയും വെട്ടിമാറ്റുന്നതും നിയന്ത്രണമില്ലാതെ മണ്ണു നിരത്തുന്നതും സംബന്ധിച്ച പരാതികളേറിയതോടെയാണ് അധിക്യതർ നടപടിയാരംഭിച്ചത്.
പാടിച്ചിറ ടൗൺ പരിസരത്ത് അനുമതിയില്ലാതെ തോട്ടം വെട്ടി മണ്ണു നിരത്തുന്ന പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉദ്യോഗസ്ഥർ നിർദേശം നൽകി. ഇവിടെ സ്വകാര്യ വ്യക്തി കച്ചവടക്കാർക്ക് വിറ്റ സ്ഥലത്താണ് അനുമതിയില്ലാതെ ആഴ്ചകളായി മണ്ണു നിരത്തൽ നടത്തുന്നത്. തോട്ടങ്ങളിലെ മരങ്ങൾ മുറിക്കാൻ വനം വകുപ്പിന്റെയും മണ്ണ് ഇടിച്ചു നിരത്തുന്നതിന് ജിയോളജി വകുപ്പിന്റെയും അനുമതി വേണം. ഇതൊന്നും വാങ്ങാതെയാണ് മറ്റു ജില്ലക്കാരടക്കമുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുകാർ കർഷകരുടെ ഭുമി വാങ്ങി വെട്ടിമുറിച്ച് റോഡ് വെട്ടുകയും മണ്ണു നിരത്തുകയും ചെയ്യുന്നത്.
വ്യാപാര, പാർപ്പിട സമുച്ചയങ്ങളുടെ നിർമാണം ലക്ഷ്യമിട്ടാണ് ഭൂമി തരംമാറ്റുന്നതെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാതെയും അതിനാവശ്യമായ സ്ഥലം നീക്കിവെക്കാതെയുമാണ് നിർമാണമെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ജില്ലയിൽ വ്യാപകമായ നിയമലംഘനം കണ്ടില്ലെന്ന മനോഭാവമാണ് ജിയോളജി വകുപ്പിന്. ജില്ല ഭരണകൂടത്തിനു മുമ്പാകെ ഇതുസംബന്ധിച്ച് നിരവധി പരാതികൾ എത്തിയിരുന്നു. വ്യാപക മരംമുറിയും ഭുമി തരംമാറ്റവും കാലാവസ്ഥ മാറ്റത്തിനും കാരണമാകും. ഇക്കാര്യത്തിൽ നിയന്ത്രണങ്ങൾ വരുത്താനാണ് റവന്യു വകുപ്പിന്റെ ശ്രമമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

