വെള്ളപ്പൊക്ക ഭീഷണിയിൽ തയ്യിൽ ഉന്നതിക്കാർ
text_fieldsവെള്ളപ്പൊക്ക ഭീഷണി നേരിടുന്ന തയ്യിൽ ഉന്നതി
തരിയോട്: ഒരു കനത്ത മഴപെയ്താൽ ദുരിതാശ്വാസ ക്യാമ്പുകളിൽ മാറിതാമസിക്കേണ്ട ഗതികേടാണ് തയ്യിൽ ഉന്നതിക്കാർക്ക്. ഉന്നതിയുടെ രണ്ടു ഭാഗത്തും തോടുകളായതിനാൽ ദുരിതം ഇരട്ടിയാണ്. ഇത്തവണത്തെ മഴയിൽ വെള്ളം പൊങ്ങി വീടിന്റെ അടുത്തുവരെ എത്തിയതിനാൽ രാവും പകലും ജാഗ്രതയിലാണ് ആദിവാസി കുടുംബങ്ങൾ. സ്വന്തമായി കുറച്ച് സ്ഥലവും അടിസ്ഥാന സൗകരങ്ങളോടുകൂടിയ വീടുകളെന്ന പതിറ്റാണ്ടുകളായുള്ള തയ്യിൽ ഉന്നതിക്കാരുടെ സ്വപ്നം ഇനിയും പൂവണിഞ്ഞിട്ടില്ല.
വീട്, കുടിവെള്ളം, ശൗചാലയം തുടങ്ങിയ ആവശ്യങ്ങൾക്കൊന്നും ആരും ചെവികൊടുക്കാറില്ല. നിരവധി തവണ ഓഫിസുകൾ കയറിയിറങ്ങിയിട്ടും വിരലിലെണ്ണാവുന്ന വീടുകളുടെ നിർമാണം മാത്രമാണ് പൂർത്തിയായത്. തരിയോട് പഞ്ചായത്തിലെ എച്ച്.എസ് പത്താം മൈൽ റോഡിന് സമീപത്താണ് തയ്യിൽ ഉന്നതി. ചുവരുകൾ വീണ്ടുകീറി തകർച്ച ഭീഷണി നേരിടുന്ന തയ്യിൽ ഉന്നതിയിലെ മിക്ക വീടുകളും വാസയോഗ്യമല്ലാത്ത നിലയിലാണ്. ശൗചാലയങ്ങൾ ഇല്ലാത്തതിനാൽ മിക്ക കുടുംബാംഗങ്ങൾക്കും പുറമ്പോക്കിനെ ആശ്രയിക്കേണ്ട ഗതിയാണ്.
മാറി വന്ന സര്‍ക്കാറുകള്‍ കോളനിക്കാരുടെ കാര്യത്തില്‍ ഒരു താല്പര്യവും പ്രകടിപ്പിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്. വര്‍ഷങ്ങളായി ദുരിതംപേറി ജീവിക്കുന്ന ഇവര്‍ക്ക് സ്വന്തമായൊരു വീടെന്ന ഒരേയൊരു സ്വപ്നം മാത്രമാണുള്ളത്. പത്തോളം പണിയ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളാണ് തയ്യിൽ ഉന്നതിയിൽ താമസിക്കുന്നത്. മഴ തുടങ്ങിയാല്‍ ഇവരുടെ ജീവിതം ദുരിതക്കയത്തിലാണ്. സമീപത്തെ തോട്ടിൽനിന്ന് വെള്ളം ഉയർന്ന് പൊങ്ങുന്നതു മൂലം ദുരിതാശ്വാസ ക്യാമ്പുകളികളിലേക്ക് മാറ്റും. വെള്ളപ്പൊക്കത്തിൽ നിരവധി തവണ മുങ്ങിയ ഉന്നതിയിലെ മിക്ക വീടുകൾക്കും ബലക്ഷയവും സംഭവിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങൾ ചൊരിഞ്ഞു മടങ്ങുകയല്ലാതെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അവഗണിക്കുകയാണെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

