പരപ്പൻപാറ കോളനിക്കാരുടെ പുനരധിവാസ പദ്ധതി അട്ടിമറിച്ചു
text_fieldsപരപ്പൻപാറ കോളനിയിൽ ഷെഡുകളിൽ കഴിയുന്ന കുടുംബങ്ങൾ
വടുവഞ്ചാൽ: പരപ്പൻപാറ കോളനിയിലെ 17 ചോലനായ്ക്ക കുടുംബങ്ങളെ കൊടും കാട്ടിനുള്ളിൽ നിന്ന് മാറ്റിപ്പാർപ്പിക്കാൻ ആവിഷ്കരിച്ച പദ്ധതി അധികാരികൾ അട്ടിമറിച്ചെന്നാക്ഷേപം. മൂപ്പൈനാട് എട്ടാം വാർഡിൽ വട്ടത്തുവയലിൽ ആദിവാസികൾക്ക് വീടുകൾ നിർമിക്കാനായി വനം വകുപ്പ് വിട്ടു കൊടുത്ത മൂന്ന് ഏക്കറിലധികം ഭൂമി കാടുമൂടിക്കിടക്കുകയാണ്. കാട്ടാന ആക്രമണത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ പരപ്പൻപാറ കോളനിയിലെ രണ്ടു ജീവൻ നഷ്ടപ്പെട്ടിട്ടും കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ജീവൻ വെച്ചില്ല. 2018, 2019 വർഷങ്ങളിലെ പ്രളയവും ഉരുൾപൊട്ടൽ ഭീഷണിയും പരപ്പൻപാറ കോളനിയിലെ കുടുംബങ്ങളെ ചൂഴ്ന്നു നിൽക്കുന്ന ഘട്ടത്തിലാണ് ഇവരെ താൽക്കാലികമായി കാടാശ്ശേരിയിലെ ക്യാമ്പിലേക്ക് മാറ്റിത്താമസിപ്പിച്ചത്. അന്ന് ജില്ല ലീഗൽ സർവിസസ് അതോറിറ്റി ജഡ്ജി കാടാശ്ശേരിയിൽ ഈ കുടുംബങ്ങളെ സന്ദർശിച്ചിരുന്നു.
ഈ കുടുംബങ്ങളെ അടിയന്തരമായി മാറ്റി പാർപ്പിക്കണമെന്ന് ഉത്തരവിടുകയും അതിന്റെ അടിസ്ഥാനത്തിൽ വട്ടത്തുവയലിലുള്ള നിക്ഷിപ്ത വനഭൂമി ഇതിനായി വനംവകുപ്പ് അനുവദിക്കുകയും ചെയ്തു. തുടർ നടപടികൾ സ്വീകരിക്കാൻ എ.ഡി.എം, വൈത്തിരി തഹസിൽദാർ എന്നിവരടക്കമുള്ളവരെ ചുമതലപ്പെടുത്തുകയും ചെയ്തതായാണ് വിവരം. ഇതിനാവശ്യമായ ഫണ്ടും കണ്ടെത്തിയിരുന്നു. എന്നാൽ, ഇവരുടെ ഭാഗത്തു നിന്ന് തുടർ നടപടികളുണ്ടായില്ലെന്ന് വിഷയം ലീഗൽ സർവിസസ് അതോറിറ്റി മുമ്പാകെ എത്തിച്ച സി.പി.എം. ഭാരവാഹികൾ പറയുന്നു. എഴു കുടുംബങ്ങൾ ഇപ്പോഴും കാടാശ്ശേരിയിലെ താൽക്കാലിക ക്യാമ്പിൽ കഴിയുന്നുണ്ട്. 10 കുടുംബങ്ങൾ പരപ്പൻപാറയിലുമാണ്. മൂപ്പൈനാട് പഞ്ചായത്തിലെ അങ്ങേ തലക്കൽ നിലമ്പൂർ വനമേഖലയോടു ചേർന്ന് കൊടും കാടിന് നടുവിലാണ് 17 കുടുംബങ്ങൾ അധിവസിക്കുന്ന പരപ്പൻപാറ ചോലനായ്ക്ക കോളനി.
കോളനികളിലെത്തണമെങ്കിൽ ചിത്രഗിരി, കാടാശ്ശേരി എന്നിവിടങ്ങളിൽനിന്ന് ആറു കിലോമീറ്ററോളം വലിയ പാറക്കെട്ടുകളിറങ്ങി കൊടും കാട്ടിലൂടെ സഞ്ചരിക്കണം. കോളനിയിലുള്ളവർക്ക് റേഷൻ വാങ്ങണമെങ്കിലും ശേഖരിച്ച വനവിഭവങ്ങൾ വിൽക്കണമെങ്കിലും വടുവഞ്ചാലിലെത്തണം. കോളനി പരിസരത്ത് നിത്യേനയെന്നോണം കാട്ടാനകളുടെ സാന്നിധ്യമുണ്ട്. കാട്ടാനയുടെ മുമ്പിൽ നിന്ന് രക്ഷപ്പെടാനായി ഓടുന്നതിനിടയിൽ കോളനിയിലെ സ്ത്രീയുടെ കൈയിൽ നിന്ന് ചെറിയ കുട്ടി പാറക്കെട്ടിലേക്ക് തെറിച്ചു വീണ് മരണപ്പെട്ടത് 2022 ഏപ്രിൽ മാസത്തിലാണ്.
കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ സുരേഷിനെ വനത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു(ഫയൽ ചിത്രം)
തേൻ ശേഖരിക്കാൻ പോകുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനി കൊല്ലപ്പെട്ടത് 2024 മാർച്ച് 28ന് പുലർച്ചയാണ്. സുരേഷിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഈ കാലയളവിനുള്ളിൽ കോളനിയിലെ കുടുംബങ്ങളെ വടുവഞ്ചാൽ ഭാഗത്തേക്ക് മാറ്റി പാർപ്പിച്ചിരുന്നെങ്കിൽ ഈ മരണങ്ങൾ ഒഴിവാക്കാമായിരുന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പരപ്പൻപാറയിൽ ഇവർക്ക് വനാവകാശ നിയമ പ്രകാരം വനം വകുപ്പ് ഭൂമിയും താൽക്കാലിക ഷെഡ്ഡുകളും നിർമിച്ച് നൽകിയിട്ടുണ്ട്. അവിടെ കാപ്പി, കുരുമുളക് കൃഷികളുമുണ്ട്. ഈ ആദിവാസി കുടുംബങ്ങൾ അവിടെ താമസിക്കുന്നത് വനത്തിന്റെ കാവൽ, നിരീക്ഷണം എന്നിവക്ക് വനം വകുപ്പിന് ഗുണകരമാണെന്നതിനാൽ ഇവരെ മാറ്റിപ്പാർപ്പിക്കുന്നതിൽ വനപാലകർക്ക് വലിയ താൽപര്യമില്ലെന്നാണറിയുന്നത്. റവന്യു അധികൃതരും ജില്ല ഭരണകൂടവുമാണതിന് മുൻകൈയെടുക്കേണ്ടതെങ്കിലും അവരുടെ ഭാഗത്തു നിന്ന് തുടർ പ്രവർത്തനങ്ങൾ ഉണ്ടാകാത്തതാണ് പദ്ധതി മുടങ്ങാൻ കാരണമെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

