ദുരിതബാധിതർക്ക് തണലായി പുനരധിവാസ വീടുകൾ
text_fieldsവിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതരുള്ള ഉരുട്ടിയിലെ പുനരധിവാസ വീടുകൾ
വിലങ്ങാട്: പ്രളയജലം 2018ൽ നാടിനെ നടുക്കിയപ്പോൾ അടുപ്പിൽ കോളനി വാസികളെ പുനരധിവസിപ്പിക്കാനൊരുക്കിയ വീടുകൾ വിലങ്ങാട് ഉരുൾപൊട്ടലിൽ ആശ്വാസ കേന്ദ്രമായി. 94 പേരാണ് ഉരുട്ടിയിലെ ദുരിതാശ്വാസ കേന്ദ്രത്തിൽ കഴിയുന്നത്. വിലങ്ങാട് ആലി മൂലയിൽ ഉരുൾപൊട്ടലിൽ നാലുപേർ മരിക്കുകയും സമീപ പ്രദേശമായ അടുപ്പിൽ കോളനിക്കുസമീപം ഉരുൾപൊട്ടലിൽ വീടുകൾ തകരുകയും ചെയ്തിരുന്നു.
ജിയോളജി വകുപ്പ് നടത്തിയ പഠനത്തിൽ അടുപ്പിൽ കോളനി സ്ഥിതി ചെയ്യുന്ന പ്രദേശം ഉൾപൊട്ടൽ ഭീഷണി നേരിടുന്ന മേഖലയായി കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് 65 കുടുംബങ്ങള്‍ക്ക് വീടൊരുക്കിയത്. ഉരുട്ടി റോഡരികിൽ പയനം കൂട്ടത്തെ പന്ത്രണ്ടര ഏക്കര്‍ സ്ഥലം സർക്കാർ സ്വകാര്യ വ്യക്തികളിൽ നിന്ന് ആറരകോടി രൂപക്ക് ഏറ്റെടുത്താണ് വീട് നിർമിച്ചത്. 45 വീടുകളുടെ നിർമാണം യു.എൽ.സി.സിയുടെ നേതൃത്വത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിച്ചിരുന്നു.
വൈദ്യുതി കണക്ഷൻ മാത്രമേ ലഭിക്കേണ്ടതുണ്ടായിരുന്നുള്ളൂ. വൈദ്യുതി ലഭിക്കാത്തതിനാൽ കുടുംബങ്ങൾക്ക് വീടുകൾ വിട്ടുനൽകിയിരുന്നില്ല. ഉരുൾ പൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒറ്റ ദിവസം കൊണ്ടാണ് വീടുകൾക്ക് വൈദ്യുതി കണക്ഷൻ നൽകിദുരിത ബാധിതർക്ക് തല ചായ്ക്കാൻ സൗകര്യമൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

