Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവയനാട് ജില്ലയിൽ...

വയനാട് ജില്ലയിൽ വൈദ്യുതി ബന്ധം തകർന്നു

text_fields
bookmark_border
Rain Calamities
cancel
camera_alt

1. സുൽത്താൻ ബത്തേരി രാഗം തിയറ്റർ റോഡിൽ മറിഞ്ഞു വീണ വൈദ്യുതിത്തൂൺ 2. തരുവണ കരിങ്ങാരി റോഡിൽ വൈദ്യുതി കമ്പിക്കു മുകളിൽ മരം വീണപ്പോൾ

കൽപറ്റ: രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയിലും കാറ്റിലും ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതിബന്ധം തകർന്നു. മരങ്ങൾ വീണ് ഇരുനൂറോളം വൈദ്യുതിത്തൂണുകൾക്ക് നാശമുണ്ടായി. കമ്പികളും പൊട്ടി. പലയിടങ്ങളിലും ട്രാൻസ്ഫോർമറുകളും പ്രവർത്തനരഹിതമായി. കൽപറ്റ ഡിവിഷനു കീഴിൽ മാത്രം 76 വൈദ്യുതിത്തൂണുകളാണ് മരം വീണ് തകർന്നത്. ഇരുനൂറോളം ഇടങ്ങളിൽ കമ്പി പൊട്ടിവീണു.

മാനന്തവാടി താലൂക്കിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതിബന്ധം തകരാറിലായതിനെ തുടർന്ന് ഇരുട്ടിലാണ്. ചൊവ്വാഴ്ച രാത്രിയിലാണ് എച്ച്.ടി ലൈനിൽ തകരാർ സംഭവിച്ചത്. ഇതു പരിഹരിക്കുന്നതിനിടെയാണ് നിരവധി സ്ഥലങ്ങളിൽ മരം വീണ് വൈദ്യുതി തൂണുകളും ലൈനുകളും തകർന്നത്. മാനന്തവാടി നഗരത്തിൽ മാത്രമാണ് വൈദ്യുതി തടസ്സമില്ലാതെ ലഭിക്കുന്നത്.

രണ്ടു ദിവസത്തിലധികമായി വൈദ്യുതി ഇല്ലാത്തതിനാൽ ഭൂരിഭാഗം ആളുകളുടെയും ആശയവിനിമയ ഉപാധിയായ മൊബൈൽ ഫോണുകൾ നിശ്ചലമായി. നിരവധി സ്ഥലങ്ങളിൽ മരം കടപുഴകി ഗതാഗതം നിലച്ചു. ഒഴക്കോടി, പള്ളിക്കൽ, രണ്ടേ നാൽ, കാട്ടിക്കുളം, പനവല്ലി, ചൂട്ടക്കടവ് തുടങ്ങിയ സ്ഥലങ്ങളിലാണ് മരം വീണത്.

വെള്ളമുണ്ട, തൊണ്ടർനാട്, കെ.എസ്.ഇ.ബി സെക്​ഷന് കീഴിലെ വിവിധ പ്രദേശങ്ങളിലും രണ്ടു ദിവസമായി വൈദ്യുതിബന്ധം നിലച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയിൽ നിലച്ച വൈദ്യുതി വിതരണം ബുധനാഴ്ച വൈകീട്ടും പുനഃസ്ഥാപിക്കാനായിട്ടില്ല. വിവിധ ഭാഗങ്ങളിൽ വന്‍മരം കടപുഴകി വീണതാണ് വൈദ്യുതി തടസ്സത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു.

ക്വാറൻറീൻ കേന്ദ്രങ്ങളിലുള്ളവരാണ് ഏറെയും ദുരിതത്തിലായത്. മേപ്പാടി, വൈത്തിരി, ബത്തേരി, പുൽപള്ളി എന്നിവിടങ്ങളിലെ ഭൂരിഭാഗം ഭാഗങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. കാലാവസ്ഥ പ്രതികൂലമായി തുടരുന്നതാണ് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിന് തടസ്സമാകുന്നത്.

കോവിഡ് സെൻററുകൾ, ആശുപത്രി ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾക്ക് മുൻഗണന നൽകിയാണ് അറ്റകുറ്റപ്പണി നടത്തുന്നത്. കെ.എസ്.ഇ.ബിയുടെ മുഴുവൻ ജീവനക്കാരും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് കൽപറ്റ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rain Calamities in Wayanad District -Kerala News
Next Story