കർഷക മനസ്സിലേക്ക് ട്രാക്ടർ ഓടിച്ച് രാഹുൽ
text_fieldsറാലിക്കിടെ കൊച്ചുകുട്ടിയെ ട്രാക്ടറിൽ കയറ്റിയപ്പോൾ
കൽപറ്റ: കർഷക മനസ്സിലേക്ക് ട്രാക്ടർ ഓടിച്ച് രാഹുൽ ഗാന്ധി. കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ട്രാക്ടർ റാലി കർഷകരെയും പ്രവർത്തകരെയും ആവേശത്തിലാക്കി. തൃക്കൈപ്പറ്റ മാണ്ടാട് മുതൽ മുട്ടിൽ ടൗൺവരെ മൂന്നു കിലോമീറ്ററായിരുന്നു റാലി. രാഹുൽതന്നെ ട്രാക്ടർ ഓടിച്ച് റാലി നയിച്ചു. പിന്നാലെ നൂറു കണക്കിന് പ്രവർത്തകരും അമ്പതിലധികം ട്രാക്ടറുകളും അണിനിരന്നു.
ട്രാക്ടർ കടന്നുപോകുന്ന വഴികളിൽ രാഹുലിന് അഭിവാദ്യം അർപ്പിക്കാനായി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേരാണ് കാത്തുനിന്നത്. തിങ്കളാഴ്ച ഉച്ചക്ക് 12.30ന് റാലി നിശ്ചയിച്ചിരുന്നെങ്കിലും ഒരു മണിയോടെയാണ് രാഹുൽ എത്തിയത്. പിന്നാലെ പ്രവർത്തകരുടെ ആവേശവും അണപ്പൊട്ടി. രാഹുലിനായി കാത്തുനിന്ന ട്രാക്ടറിനു ചുറ്റും പ്രവർത്തകർ ഒത്തുകൂട്ടി മുദ്രാവാക്യം വിളിച്ചു. പിന്നാലെ രാഹുൽ ഡ്രൈവിങ് സീറ്റിലേക്ക്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയും ഐ.സി. ബാലകൃഷ്ണനും ഇരുവശങ്ങളിലുമായി സ്ഥാനം പിടിച്ചു. മുട്ടിൽ ടൗണിൽ നടന്ന പൊതുസമ്മേളനത്തിൽ കെ.സി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ല ചെയര്മാന് പി.പി.എ. കരീം അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ, കണ്‍വീനര്‍ എന്‍.ഡി. അപ്പച്ചന്, ടി. സിദ്ദിഖ്, കെ.സി. റോസക്കുട്ടി ടീച്ചര്‍, പി.കെ. ജയലക്ഷ്മി, കെ.കെ. അഹമ്മദ്ഹാജി, കെ.കെ. അബ്രഹാം, പി.വി. ബാലചന്ദ്രന്, കെ.എല്‍. പൗലോസ്, റസാഖ് കല്പറ്റ, പി.പി. ആലി, വി.എ. മജീദ്, അഡ്വ. ടി.ജെ. ഐസക്, വടകര മുഹമ്മദ്, ജോയി തൊട്ടിത്തറ, നജീബ് പിണങ്ങോട്, പോള്‍സണ്‍ കൂവക്കല്‍, മോയിന്കടവന്, ഡി.പി. രാജശേഖരന്, ജോഷി സിറിയക് തുടങ്ങിയവർ പങ്കെടുത്തു.
പരിസ്ഥിതി ലോല മേഖല കർഷകരെ പ്രയാസത്തിലാക്കും
സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ പരിസ്ഥിതിലോല മേഖല കർഷകർക്ക് വലിയ പ്രയാസങ്ങൾ ഉണ്ടാക്കുമെന്ന് രാഹുൽ ഗാന്ധി എം.പി. സംസ്ഥാന സർക്കാർ ശിപാർശ ചെയ്തതു കൊണ്ടാണ് 119 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖല പ്രഖ്യാപിച്ചതെന്ന് കേന്ദ്രം അറിയിച്ചപ്പോൾ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു. പൂതാടി പഞ്ചായത്ത് കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളിസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിശിൽപം അനാച്ഛാദനം
മേപ്പാടി: താൻ മുന്നോട്ടുവെച്ച പല പദ്ധതികളും വയനാട്ടിലെ ജനങ്ങളിൽനിന്ന് പഠിച്ചതും അവരിൽനിന്ന് പ്രചോദനമുൾക്കൊണ്ടതുമായിരുന്നെന്നും രാഹുൽ ഗാന്ധി. മേപ്പാടി സെൻറ് ജോസഫ്സ് യു.പി സ്കൂളിൽ നിർമിച്ച ഗാന്ധി ശിൽപം അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ അധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാൽ എം.പി, കോർപറേറ്റ് മാനേജർ ജൻസൺ പുത്തൻവീട്ടിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

