പള്‍സ് പോളിയോ; ജില്ലയിൽ 58,054 കുട്ടികള്‍ക്ക് വാക്സിന് ഉറപ്പാക്കും
text_fieldsകൽപറ്റ: ജില്ലയിലെ അഞ്ച് വയസ്സില്‍ താഴെയുള്ള 58,054 കുട്ടികള്‍ക്ക് ഒക്ടോബര്‍ 12ന് പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പദ്ധതി പ്രകാരം വാക്സിന് നല്‍കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ടി. മോഹന്‍ദാസ് അറിയിച്ചു.
തുള്ളിമരുന്ന് വിതരണം ചെയ്യാന്‍ ജില്ലയില്‍ 956 പള്‍സ് പോളിയോ ബൂത്തുകള്‍ സജ്ജീകരിക്കും. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍, അംഗൻവാടികള്‍, സബ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ പള്‍സ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ബസ് സ്റ്റാന്‍ഡുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മാള്‍, ബസാര്‍ തുടങ്ങി ആളുകള്‍ കൂടുതലായി വരുന്ന 22 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും ക്രമീകരിക്കും. വാക്സിനേഷനായി എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലെ കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്കാന് 16 മൊബൈല്‍ ടീമുകള്‍ പ്രവര്‍ത്തിക്കും.
ഒക്ടോബര്‍ 12ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ വാക്സിനേഷന് ബൂത്തുകളിലൂടെ കുട്ടികള്‍ക്ക് വാക്സിന് നല്‍കും. ഇതര സംസ്ഥാനങ്ങളില്‍നിന്ന് ജില്ലയില്‍ താമസമാക്കിയ കുടുംബങ്ങളിലെ കുട്ടികള്‍ക്കും വാക്സിന് ലഭ്യമാക്കും.
പോളിയോ ബൂത്തുകളില്‍ എത്താന്‍ കഴിയാത്ത കുട്ടികള്‍ക്കായി ഒക്ടോബര്‍ 13 മുതല്‍ 15 വരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി പോളിയോ വാക്സിന് നല്‍കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. എ.ഡി.എം കെ. ദേവകിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പള്‍സ് പോളിയോ ഇമ്യൂണൈസേഷന് ടാസ്ക് ഫോഴ്സ് ജില്ലതല യോഗത്തില്‍ ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസര്‍ ഡോ. പി. ദിനീഷ് പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

