കാട്ടാനക്കലിയിൽ വയനാട്
text_fieldsവാഴക്കൊമ്പൻ നശിപ്പിച്ച വാഴകൾ
പുൽപള്ളി: പുൽപള്ളി കാപ്പിക്കുന്നിലും പരിസരങ്ങളിലും കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ദിവസം നാട്ടിലിറങ്ങിയ കാട്ടുകൊമ്പൻ നിരവധി പേരുടെ കൃഷിയിടങ്ങളിൽ വാഴകൃഷി നശിപ്പിച്ചു. വനം വകുപ്പ് സ്ഥാപിച്ച സംരക്ഷണ മതിലും കാട്ടാന തകർത്തെറിഞ്ഞു.
തുടർച്ചയായി കാട്ടാന വാഴകൃഷി മാത്രം നശിപ്പിക്കാൻ തുടങ്ങിയതോടെ ആനക്ക് നാട്ടുകാർ വാഴക്കൊമ്പൻ എന്ന് പേരുമിട്ടു. വനാതിർത്തിയോടു ചേർന്ന് കിടക്കുന്ന പ്രദേശമാണ് കാപ്പിക്കുന്ന്. അതിർത്തി പ്രദേശത്ത് ഒരു പ്രതിരോധ സംവിധാനവുമില്ല. മുമ്പ് സ്ഥാപിച്ച ഫെൻസിങും കിടങ്ങുകളുമെല്ലാം തകർന്നു. കഴിഞ്ഞ ദിവസം കൃഷിയിടങ്ങളിലിറങ്ങിയ ആന വ്യാപകമായി വാഴകൃഷിയാണ് നശിപ്പിച്ചത്.
കൊല്ലിയിൽ ചന്ദ്രൻ, മേലേക്കാപ്പ് ചന്ദ്രൻ, നാരായണൻ, കാരക്കാട്ട് ദിവാകരൻ, പടിഞ്ഞാറുമറ്റത്തിൽ ജോസ് പി. മാണി എന്നിവരുടെ കൃഷിയിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ആനയിറങ്ങി വ്യാപകമായി വാഴകൃഷി നശിപ്പിച്ചത്. പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വീണ്ടും ആന ശല്യമുണ്ടായാൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.
തേൻ ശേഖരിച്ച് മടങ്ങുന്നതിനിടെ കാട്ടാന ആക്രമണത്തിൽ പരിക്ക്
വ്യാഴാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം
തോൽപെട്ടി: തേൻ ശേഖരിക്കാൻ പോയി മടങ്ങുകയായിരുന്ന സംഘം കാട്ടാനയുടെ മുന്നിലകപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. തോൽപ്പെട്ടി കക്കേരി കോളനിയിലെ കുട്ടനാണ് (55) പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. കുട്ടനൊപ്പം സമീപവാസികളായ അപ്പു, മണി, മജേഷ്, വിനു എന്നിവരുമുണ്ടായിരുന്നു. പിന്നിലായിരുന്ന ആനയെ ഇവർ ആദ്യം കണ്ടില്ല. മറ്റുള്ളവർ ഓടിരക്ഷപ്പെട്ടെങ്കിലും ആന കുട്ടന് നേരെ തിരിയുകയായിരുന്നു. വലതുകാലിനും മുതുകിനും വാരിയെല്ലിനും പരിക്കേറ്റ കുട്ടൻ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.