കാട്ടാന ആക്രമണം; രക്ഷപ്പെടുന്നതിനിടെ മധ്യവയസ്കന് പരിക്ക്
text_fieldsപരിക്കേറ്റ മാസ്തിയെ ആംബുലൻസിലേക്ക് മാറ്റിയശേഷം
പരിശോധിക്കുന്നു
പുൽപള്ളി: കാട്ടുതീ കെടുത്താൻ പോവുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആദിവാസി മധ്യവയസ്കന് പരിക്ക്. പുൽപള്ളി ചേകാടി ഉദയക്കര കാട്ടുനായ്ക്ക കോളനിയിലെ മാസ്തി (48) നാണ് പ്രതിരോധക്കിടങ്ങിൽ വീണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ മാസ്തിയെ ആദ്യം പുൽപള്ളി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. വിറക് ശേഖരിക്കാൻ പോകുന്നതിനിടെ വനത്തിൽ തീ പടരുന്നത് കണ്ട് കെടുത്താൻ പോകുന്നതിനിടെയാണ് കാട്ടാനയുടെ മുന്നിലകപ്പെട്ടത്. രക്ഷപ്പെടാൻ തിരിഞ്ഞോടുന്നതിനിടെ പ്രതിരോധക്കിടങ്ങിലേക്ക് വീഴുകയായിരുന്നു. ഭാര്യ കാളിയും കോളനിയിലെ മറ്റ് രണ്ടു സ്ത്രീകളും ഒപ്പമുണ്ടായിരുന്നു. രണ്ടുദിവസം മുമ്പ് ചേകാടിയിൽ ആദിവാസി വയോധികയെ കാട്ടാന ആക്രമിച്ചിരുന്നു.

