വനം കരിഞ്ഞുണങ്ങുന്നു തീറ്റതേടി വന്യമൃഗങ്ങൾ നാട്ടിൽ
text_fieldsകബനി നദിയോട് ചേർന്ന വനത്തിൽ വിഹരിക്കുന്ന കാട്ടാന
പുൽപള്ളി: വേനൽ ചൂടിൽ അതിർത്തി വനങ്ങൾ കരിഞ്ഞുണങ്ങിയതോടെ തീറ്റയും വെള്ളവും തേടി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നു. പുൽപള്ളി മേഖലയോട് ചേർന്നാണ് കർണാടകയിലെ ബന്ദിപ്പൂർ വന്യജീവി സങ്കേതം. കന്നാരം പുഴയോട് ചേർന്ന ഒരു ഭാഗം കർണാടക വനമാണ്.
ഈ ഭാഗം ബന്ദിപ്പൂർ കടുവ സങ്കേതം ഉൾപ്പെട്ട പ്രദേശമാണ്. കബനി നദിയുടെ മറുഭാഗം നാഗർഹോള വന്യജീവി സങ്കേതത്തിൽ ഉൾപ്പെട്ട പ്രദേശമാണ്. ഈ രണ്ട് കാടുകളും തീപ്പൊരി വീണാൽ കത്തിച്ചാമ്പലാകും എന്ന നിലയിലാണിപ്പോൾ.
വനത്തിൽ തീറ്റയും വെള്ളവും ഇല്ലാതായതോടെ കേരള അതിർത്തി പ്രദേശങ്ങളിലേക്ക് മൃഗങ്ങൾ ഇറങ്ങുന്നു. വയനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ മഴ ലഭിച്ചിരുന്നു.
അതിനാൽ കാടിെൻറ പച്ചപ്പ് നഷ്ടപ്പെട്ടിട്ടില്ല. അയൽ വനങ്ങളിൽനിന്ന് വയനാടൻ കാടുകളിലേക്ക് എത്തുന്ന മൃഗങ്ങളുടെ എണ്ണവും അനുദിനം കൂടുകയാണ്. രണ്ട് വർഷം മുൻപ് ബന്ദിപ്പൂർ വനത്തിൽ കാട്ടുതീയിൽ ഹെക്ടർ കണക്കിന് കാട് കത്തി നശിച്ചിരുന്നു.
കോടികളുടെ വനസമ്പത്താണ് അന്ന് ഇല്ലാതായത്. അതിനാൽ കനത്ത ജാഗ്രതയിലാണ് വനപാലകർ. അതിർത്തി വനങ്ങളിൽനിന്ന് തീറ്റയും വെള്ളവും തേടി ഇറങ്ങുന്ന വന്യജീവികളെ പിടികൂടാൻ വേട്ടസംഘങ്ങളും അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനാൽ അതിർത്തിയിൽ കാവലും പേട്രാളിങ്ങും ശക്തമാക്കിയിട്ടുണ്ട്.