ഒന്നര കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
പുൽപള്ളി: മുള്ളൻകൊല്ലി ടൗണിൽ ഒന്നര കിലോ കഞ്ചാവുമായി രണ്ടു പേർ എക്സൈസിന്റെ പിടിയിലായി. നിരവധി കഞ്ചാവ് കേസിലെ പ്രതിയായ പുൽപള്ളി കേളക്കവല തെക്കേൽ വീട്ടിൽ ജോസഫ് (59), ഇയാളുടെ സഹായി മാനന്തവാടി തലപ്പുഴ സ്വദേശി പാറക്കൽ വീട്ടിൽ മണി (63) എന്നിവരെയാണ് സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ആർ. ജനാർദനന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ക്രിസ്മസ് -പുതുവത്സര പ്രത്യേക വാഹന പരിശോധനയുടെ ഭാഗമായാണ് മുള്ളൻകൊല്ലി ടൗണിൽ പ്രതികൾ പിടിയിലായത്. കർണാടകയിലെ ബൈരകുപ്പയിൽനിന്ന് ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് ചില്ലറ വിൽപനക്കായാണ് ഇവർ കഞ്ചാവ് എത്തിച്ചത്. പരിശോധനയിൽ പ്രിവന്റീവ് ഓഫിസർമാരായ സി. കെ. ഷാജി, വി.എ. ഉമ്മർ, പി.കെ. മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ ഇ.ബി.ശിവൻ, ഡ്രൈവർ അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

