ചേപ്പിലയിൽ കടുവയെ കണ്ടെത്തി
text_fieldsപുൽപള്ളി: ചേപ്പിലയിൽ കൃഷിയിടത്തിൽ കാട്ടുപന്നിയെ ആക്രമിച്ചുകൊന്ന കടുവയെ തിരച്ചിലിനിടെ കണ്ടെത്തി. തിരച്ചിലിനിടയിൽ ഏരിയാപള്ളി റേഷൻകടക്ക് സമീപം കടുവയെ കണ്ടെങ്കിലും ശബ്ദം കേട്ടതോടെ കാട്ടിലേക്ക് കടന്നുകളയുകയായിരുന്നു.
തിരച്ചിലിന്റെ ഭാഗമായി കാടു മൂടിക്കിടക്കുന്ന പ്രദേശം വെട്ടിത്തെളിക്കാൻ വനംവകുപ്പ് ആർ.ആർ. ടീം രംഗത്തെത്തി. കഴിഞ്ഞ ദിവസം കാട്ടുപന്നിയെ കൊന്ന വന്യജീവി ഏതാണെന്ന് അറിയുന്നതിന് വനംവകുപ്പ് കാമറകൾ സ്ഥാപിച്ചിരുന്നു. ഇതിൽ നിന്നാണ് കടുവയുടെ സാമീപ്യം മനസ്സിലാക്കിയത്.
പ്രായം കുറഞ്ഞ കടുവയാണ് പ്രദേശത്ത് ഇറങ്ങിയതെന്നും ഇരതേടുന്നത് ആരോഗ്യമുള്ള വന്യജീവികളെ ആയതിനാൽ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത കടുവയാണ് ഇതെന്നും വനപാലകർ പറഞ്ഞു. 2018 വരെയുള്ള സെൻസസുകളിൽ ഈ കടുവയുടെ യാതൊരു വിവരവും ലഭ്യമായിട്ടില്ലെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം പറഞ്ഞു.
ഒന്നുകിൽ സെൻസസിൽ പതിയാത്തതോ മറ്റുമാകാനാണ് സാധ്യത. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പുൽപള്ളി പഞ്ചായത്തിലെ ആറാം വാർഡിലെ ചേപ്പിലയിൽ തടത്തിൽ സദാനന്ദന്റെ കൃഷിയിടത്തിൽ കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്. വനംവകുപ്പിലെ ആർ.ആർ.ടിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച മുതൽ തിരച്ചിൽ ആരംഭിച്ചു. കാടുമൂടിക്കിടക്കുന്ന തോട്ടങ്ങൾ വെട്ടിത്തെളിക്കുകയാണ് ആദ്യമായി ചെയ്തത്. ഇത്തരത്തിൽ കടുവയെ പ്രദേശത്തുനിന്നും തുരത്താനാണ് ശ്രമം. വീണ്ടും പ്രദേശത്തെത്തിയാൽ കടുവയെ തുരത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ഡി.എഫ്.ഒ പറഞ്ഞു. ജനങ്ങളുടെ ഭീതി അകറ്റാൻ ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളും. കടുവയുടെ കാൽപാടുകളും ചിത്രങ്ങളും അടക്കം കൂടുതൽ പരിശോധനക്കായി കടുവ സെൻസസ് അധികൃതർക്കും കർണാടക വനംവകുപ്പിനും അയച്ചിട്ടുണ്ട്. അതേസമയം, കടുവ കഴിഞ്ഞ നാല് ദിവസവും കാട്ടുപന്നിയെ കൊന്ന സ്ഥലത്ത് എത്തിയതായി വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും പന്നിയുടെ ജഡത്തിൽ നിന്ന് കുറേ ഭാഗം ഭക്ഷിച്ചശേഷം പുതിയ സ്ഥലത്തേക്ക് വലിച്ചിട്ടിരിക്കുന്നതായാണ് കണ്ടെത്തിയത്. ഒരാഴ്ചക്കുള്ളിൽ ചേപ്പിലക്കടുത്ത പ്രദേശമായ കേളക്കവലയിൽ നിന്ന് മറ്റൊരു കാട്ടുപന്നിയേയും കൊന്നിരുന്നു. ഇതിനുപുറമെ മണലുവയലിൽ മാനിനേയും കടുവ കൊലപ്പെടുത്തിയിരുന്നു. കടുവയുടെ സാമീപ്യം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ക്ഷീര കർഷകരും സ്കൂൾ വിദ്യാർഥികളും ഭയപ്പാടിലാണ്. തോട്ടങ്ങളിലെ പണികളും മുടങ്ങി. കടുവയെ കൂടുവെച്ച് പിടികൂടണം എന്ന ആവശ്യം ശക്തമാണ്.
'കടുവയെ കൂടുവെച്ച് പിടികൂടണം'
ചേപ്പിലയിൽ ഇറങ്ങിയ കടുവയെ കൂടുെവച്ച് പിടികൂടണമെന്ന് പുൽപള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ആവശ്യപ്പെട്ടു. കുറേ നാളുകളായി പ്രദേശവാസികൾ ആകെ ഭീതിയിലാണ്.
നാട്ടുകാരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് വെള്ളിയാഴ്ച പഞ്ചായത്ത് ഓഫിസിൽ യോഗം ചേരും. ജനകീയ സമര പ്രഖ്യാപന കൺവെൻഷനിൽ കടുവയെ മയക്കുവെടിെവച്ച് പിടികൂടുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.