അടുത്തുണ്ട് കടുവ; തെർമ്മൽ ഡ്രോണിൽ കടുവയുടെ ദൃശ്യം പതിഞ്ഞു
text_fieldsസൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ. രാമൻ നാട്ടുകാരുമായി സംസാരിക്കുന്നു
പുൽപള്ളി: അമരക്കുനിയിലെ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ രണ്ടാം ദിനത്തിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച കാര്യമായ തിരച്ചിൽ നടന്നിട്ടില്ല. കടുവ അവശ നിലയിലായതിനാൽ താനേ കൂട്ടിൽ കയറുമെന്ന് വനംവകുപ്പ് അറിയിച്ചു. ഇതിനാലാണ് കാര്യമായ തിരച്ചിൽ തിങ്കളാഴ്ച നടത്താതിരുന്നത്. കഴിഞ്ഞ ദിവസം കടുവ ഇറങ്ങിയ അമരക്കുനിയിൽ നിന്നും ഒരു കിലോമീറ്റർ മാറിയുള്ള പ്രദേശമായ ദേവർഗദ്ധയിൽ വീണ്ടും കടുവയുടെ ആക്രമണത്തിൽ ആട് ചത്തു. ഇതോടെ കൊന്ന ആടുകളുടെ എണ്ണം മൂന്നായി.
പുൽപ്പള്ളി ദേവർഗദ്ധ നെടുങ്കാലയിൽ കേശവന്റെ കൂട്ടിൽ കെട്ടിയ 4 വയസ് പ്രായമുള്ള ആടിനെയാണ് കടുവ കൊന്നത്. ഞായറാഴ്ച രാത്രി 12 മണിയോടെ വീടിന് പുറത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ കടുവ ആടിനെ വലിച്ചിഴച്ച് കൊണ്ടു പോകുന്നത് വീട്ടുകാർ കണ്ടു. കേശവനും ഭാര്യ സുലോചനയും കടുവയെ നേരിൽ കണ്ടതിന്റെ നടുക്കത്തിലാണ്.
ദേവർഗദ്ധയിൽ കടുവ അടുത്തെത്തിയ കൂടിന്റെ വാതിൽ തകരാർ വനപാലകർ പരിശോധിക്കുന്നു
കടുവയെ മയക്കു വെടിവെച്ച് പിടികൂടാനുള്ള ശ്രമവും തിങ്കളാഴ്ച നടത്തിയില്ല. ഞായറാഴ്ച രാത്രി സ്ഥാപിച്ച കൂട് അവിടെ നിന്നും മാറ്റിയിട്ടുമുണ്ട്. കൂട്ടിൽ ആടിനു പുറമേ ചത്ത മാനിന്റെ അവശിഷ്ടങ്ങളും ഇട്ടിട്ടുണ്ട്. മയക്കുവെടി വിദഗ്ധനായ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ ആർ.ആർ.ടി സംഘം സ്ഥലത്തുണ്ട്. സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ. രാമൻ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് ദൗത്യം ഏകോപിപ്പിക്കുന്നത്. മൂന്നു കൂടുകളാണ് വനം വകുപ്പ് വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. അവശനായ കടുവ കൂട്ടിൽ തന്നെ കുടുങ്ങുമെന്നാണ് വനപാലകർ കരുതുന്നത്. പ്രദേശത്ത് നിരീക്ഷണ കാമറകൾ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. പ്രദേശവാസികൾ ജാഗ്രത പുലർത്തണം. രാത്രിയിൽ ലൈറ്റുകൾ ഓഫാക്കി ഇടണമെന്നും തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കരുതെന്നും നിർദേശമുണ്ട്.
ചൊവ്വാഴ്ച തിരച്ചിലിന് ആവശ്യമെങ്കിൽ കുങ്കി ആനകളെയും ഉപയോഗപ്പെടുത്തും. ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തി. രാത്രിയിലും ഡ്രോൺ നിരീക്ഷണം തുടരും.
ദേവർഗദ്ധയിൽ കടുവ സാന്നിധ്യം ഉണ്ടായതിനെ തുടർന്ന് കാപ്പിസെറ്റ് മുതലി മാരൻ ഗവ: ഹൈസ്കൂൾ, എസ്.എൻ.എ എൽ.പി സ്കൂൾ, ചെറ്റപ്പാലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ആടിക്കൊല്ലി ദേവമാത സ്കൂൾ എന്നിവക്ക് ജില്ല കലക്ടർ തിങ്കളാഴ്ച അവധി നൽകിയിരുന്നു.
കടുവക്കായി നിരീക്ഷണം തുടരുന്നു
പുൽപള്ളി: വനം വകുപ്പ് കടുവയെ നിരീക്ഷിച്ചു വരികയാണ്. ദേവർഗദ്ധ ഭാഗത്ത് തെർമൽ ഡ്രോൺ കാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. കൂട്ടിൽ കെട്ടിയ ആടിനെ കടുവ പിടിച്ചു കൊണ്ടുപോയ ഉടൻ ഈ ഭാഗത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു. കൂടിന്റെ അടുത്ത് വരെ കടുവ വന്നിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ കൂടിന്റെ പൂട്ട് കടുവ കയറുന്നതിന് മുമ്പേ വീഴുകയായിരുന്നു. ഈ പരിസരത്ത് കടുവ ഉണ്ടെന്ന വിശ്വാസത്തിലാണ് വനം വകുപ്പ്. ദേവർഗദ്ധയിൽ ആടിനെ കടുവ കൊന്നയിടത്തിനോട് ചേർന്ന 56ൽ മാനിന്റെ ശരീര ഭാഗങ്ങൾ തിന്ന നിലയിൽ കണ്ടെത്തി. നായ്ക്കൾ ഓടിച്ച് വീഴ്ത്തി മാനിനെ കൊന്നതാണെന്നാണ് വനപാലകർ പറയുന്നത്.
കൂടിന്റെ തകരാർ; കടുവ രക്ഷപ്പെട്ടു
പുൽപള്ളി: ദേവർഗദ്ധയിൽ കടുവ രക്ഷപ്പെട്ടത് കൂടിന്റെ തകരാർ മൂലം. വനം വകുപ്പ് ദേവർഗദ്ധയിൽ കൂട് സ്ഥാപിച്ച ശേഷം അതിൽ ആടിന്റെ ജഡം വെച്ചിരുന്നു. എന്നാൽ കടുവ കൂടിനടുത്തു വരെ എത്തുകയും ഒരു ഭാഗത്തുനിന്ന് കൂട്ടിൽ കൈ കൊണ്ട് തട്ടുകയും ചെയ്തിട്ടുണ്ട്. ഈ സമയത്ത് കൂടിന്റെ ലോക്ക് താഴേക്ക് വീണ് വാതിൽ അടയുകയായിരുന്നു. ലോക്ക് വീണില്ലായിരുന്നുവെങ്കിൽ കടുവ കൂട്ടിൽ കുടുങ്ങുമായിരുന്നു. ഈ ദൃശ്യങ്ങൾ ഡ്രോൺ കാമറയിൽ പതിഞ്ഞിട്ടുണ്ട്. കൂടിന്റെ തകരാറിലായ ഭാഗം
ഇന്നലെ രാവിലെ വനം വകുപ്പ് അധികൃതർ വെൽഡ് ചെയ്തുനന്നാക്കി. കൂടിന്റെ ഒരു ഭാഗം തുരുമ്പെടുത്ത നിലയിലുമായിരുന്നു. ഈ ഭാഗവും നന്നാക്കി. കൂട് പഴയ സ്ഥലത്ത് നിന്നും അൽപം മാറ്റിയാണ് സ്ഥാപിച്ചിരിക്കുന്നത്. അവശനായ കടുവ വിശപ്പിനെ തുടർന്ന് രാത്രി ഇരതേടി എത്തുമെന്നാണ് വനം വകുപ്പ് കണക്കുകൂട്ടുന്നത്. ഇതുവരെ വനം വകുപ്പിന്റെ പട്ടികയിൽപെടാത്ത കടുവയാണിതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
അടിയന്തര പരിഹാരം വേണമെന്ന് വ്യാപാരികൾ
പുൽപ്പള്ളി: പഞ്ചായത്തിലെ അമരക്കുനി, ദേവർഗദ്ധ പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയായി ഭീതി പരത്തിക്കൊണ്ടിരിക്കുന്ന കൊലയാളി കടുവയെ പിടികൂടുന്ന കാര്യത്തിൽ വനം വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. കടുവ ഒരാഴ്ചയോളമായി ജനവാസ മേഖലയിലുണ്ട്.
കൂലി വേലക്കാരായ തൊഴിലാളികളും, സാധാരണ ചെറുകിട കർഷകരും തിങ്ങിപ്പാർക്കുന്ന ജനവാസ മേഖലയാണിവിടം. കാലി വളർത്തി പാൽ വിറ്റ് ജീവിക്കുന്ന ക്ഷീര കർഷകർക്ക് രാവിലെ കറവക്കായി പുറത്തിറങ്ങാൻ പറ്റുന്നില്ല. അങ്ങാടിയിൽ പോകാനാകുന്നില്ല.
മൂന്നുതവണ കടുവ ആക്രമണം ഉണ്ടായപ്പോഴും പൊതുജനങ്ങൾ പരാതി വിളിച്ചറിയിച്ചപ്പോളും യാതൊരുവിധ പ്രതിരോധ സാമഗ്രികളും ഇല്ലാതെ എത്തിയ വനപാലകർ കേവലം കാഴ്ചക്കാരായി നിൽക്കുകയാണുണ്ടായത്. ഉടനടി പ്രശ്നപരിഹാരമില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സമിതി പ്രസിഡണ്ട് മാത്യു മത്തായി ആതിര അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

